യാത്രയ്ക്കൊരുങ്ങുകയാണോ? എങ്കിൽ യാത്രാ ഇന്‍ഷുറന്‍സ് ഒഴിവാക്കരുതേ

HIGHLIGHTS
  • ഓണ്‍ലൈനില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പ്ലാനുകൾ താരതമ്യം ചെയ്യാം
family-outing-1
SHARE

അവധിക്കാലമായതോടെ യാത്രകൾ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്.അത് ബജറ്റിനനുസരിച്ച് ചെറുതോ വലുതോ ആയ യാത്രകളാകാം. എന്തായാലും ആഭ്യന്തര, വിദേശ യാത്രകള്‍ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ട്രാവല്‍ ഇന്‍ഷുറന്‍സ് ഇപ്പോള്‍ ഒഴിച്ച് കൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു. യാത്രയില്‍ ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് പുറമെ, യാത്രാ കാലയളവിലെ ചികിത്സ, കൈവശമുള്ള പണം, വിലപിടിച്ച വസ്തുക്കള്‍ തുടങ്ങിയവയ്‌ക്കെല്ലാം മിക്ക യാത്രാ ഇന്‍ഷുറന്‍സ് പോളിസികളിലും കവറേജ് ലഭിക്കും. യാത്രാ ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം

യാത്രാ ചെലവ് 

യാത്രയ്ക്ക് ചെലവാകുന്ന തുക ഇന്‍ഷുറന്‍സിന്റെ പരിധിയില്‍വരുമോ എന്ന് ആദ്യം തന്നെ ഉറപ്പാക്കുക. യാത്രാ ചെലവിന് റീഇംബേഴ്‌മെന്റ് ഉണ്ടോയെന്ന് ഏജന്റിനോട് ആദ്യമേ  ചോദിച്ച് മനസിലാക്കാം. ഇത്തരം പോളിസികളും ലഭ്യമാണ്.

ചികിത്സാ ചെലവുകള്‍

യാത്രാ കാലയളവില്‍ ചികിത്സ തേടേണ്ടതായി വന്നാല്‍ ആ തുക മുഴുവന്‍ തിരിച്ച് കിട്ടുമോ എന്നത് ഉറപ്പാക്കണം. ചില പോളിസികളില്‍ മുഴുവന്‍ തുകയും കിട്ടിയില്ലെന്ന് വരാം. ഇന്‍ഷുറന്‍സില്‍  ചികിത്സാ ചെലവുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ അതിന് ഏറ്റവും അനുസൃതമായ പോളിസി തന്നെ തെരഞ്ഞെടുക്കുക. 

വില പിടിച്ച വസ്തുക്കള്‍ക്കുള്ള സംരക്ഷണം

ചില യാത്രാ ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ നിങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍, ലാപ്‌ടോപ്പ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്‌ക്കൊന്നും കവറേജ് ഉണ്ടാകില്ല. അതുകൊണ്ട് യാത്രാ വേളയില്‍ ഇവ നഷ്ടപ്പെട്ടാല്‍ പണം ലഭിക്കില്ല. ചില യാത്രാ പോളിസികളില്‍ അധിക തുക അടച്ച് ഇവയ്ക്കും സംരക്ഷണം ഏര്‍പ്പെടുത്താനാകും എന്നതിനാല്‍ ആവശ്യമെങ്കില്‍ വില പിടിപ്പുള്ള വസ്തുക്കളെയും കവറേജിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ ശ്രദ്ധിക്കുക.

കാന്‍സലേഷന്‍ കവറേജ്

എന്തെങ്കിലും കാരണവശാല്‍ വിമാനം റദ്ദ് ചെയ്യുകയോ, യാത്ര തടസപ്പെടുകയോ മറ്റോ ചെയ്താൽ തുടർന്നുണ്ടാകുന്ന നഷ്ടങ്ങള്‍ കവറേജിന്റെ പരിധിയില്‍ വരുമോ എന്നതും ഉറപ്പാക്കണം. 

സാഹസിക പ്രവര്‍ത്തനങ്ങള്‍/ സ്ഥലങ്ങള്‍

വിനോദ യാത്രയില്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ ആയ പാരാഗ്ലൈഡിങ്, ബങ്കീ ജമ്പിങ് എന്നിവയൊക്കെ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ഇവ മൂലം അപകടങ്ങള്‍ ഉണ്ടായാല്‍ പോളിസി സംരംക്ഷണം ലഭിക്കുമോ എന്ന് ഉറപ്പാക്കുക. ചില പോളിസികളില്‍ ഇത്തരം സാഹസിക വിനോദങ്ങള്‍ക്ക് കവറേജ് ലഭിക്കില്ല. അതേ പോലെ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പോളിസിയുടെ പരിധിയില്‍ വരുന്നതല്ലേ എന്നും ഉറപ്പാക്കിയിരിക്കണം. 

മികച്ച കവറേജ്

ഓണ്‍ലൈനില്‍ വിവിധ ട്രാവല്‍ ഇന്‍ഷുറന്‍സ് പ്ലാനുകളുടെ കവറേജ് താരതമ്യം ചെയ്ത് ഏറ്റവും മികച്ച  പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. മികച്ച കവറേജ് ഉറപ്പാക്കാന്‍ യാത്ര ചെയ്യുന്നതിന് രണ്ടാഴ്ച്ച മുമ്പെങ്കിലും പോളിസി എടുക്കാന്‍ ശ്രദ്ധിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA