ADVERTISEMENT

ഇൻഷുറൻസ് കിട്ടിയില്ല എന്ന പരാതി ധാരാളം കേൾക്കാറുണ്ട്. എന്തുകൊണ്ട് ഇൻഷുറൻസ് നിരസിക്കപ്പെടുന്നു? ഇൻഷുറൻസ് ലഭിക്കുന്നതിനായി അപേക്ഷ നൽകുമ്പോൾ അത് നിരസിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം? വാഹനത്തിലെ ഏതൊക്കെ ഭാഗങ്ങൾക്ക് പരിരക്ഷ ലഭിക്കും? 

നിർബന്ധം ആണെന്നതുകൊണ്ടു മാത്രമല്ല, വാഹനത്തിന്റെ ഇൻഷുറൻസ് കവറേജ് ഒരു സുരക്ഷയാണ്. വാഹനത്തിനും ഓടിക്കുന്നവർക്കും അപകടത്തിൽപ്പെടുന്നവർക്കും അത് പരിരക്ഷ നൽകും. അപകടത്തിൽപ്പെട്ടാലും പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്ടം സംഭവിച്ചാലും മോഷണം പോയാലും തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഉള്ള ആളാണെങ്കിൽ നിങ്ങൾ നിയമത്തിന്റെ പക്ഷത്താണ് നിൽക്കുന്നതെന്ന് ഉറപ്പാക്കാം.

കാർ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോഴും അല്ലാത്തപ്പോഴും വാഹനത്തിന് ഇൻഷുറൻസ് കവറേജ് ഉണ്ടെന്നു ഉറപ്പു വരുത്തുക.   

1) ഇൻഷുറൻസ് കൃത്യ സമയത്ത് പുതുക്കുക 

എല്ലാ വർഷവും കൃത്യസമയത്തുതന്നെ കാർ ഇൻഷുറൻസ് പുതുക്കുക. ഒരു ദിവസം പോലും വൈകാൻ ഇടയാക്കരുത്. കാരണം അപകടം നടക്കുമ്പോൾ വാഹനത്തിനു ഇൻഷുറൻസ് പോളിസി പുതുക്കിയിട്ടില്ലെങ്കിൽ ഒരു കാരണവശാലും ക്ലെയിം ചെയ്യാൻ കഴിയില്ല. അതിനാൽ ഇൻഷുറൻസ് പുതുക്കേണ്ട സമയത്തുതന്നെ കൃത്യമായി പുതുക്കുക.

2) അപകടത്തിൽപ്പെട്ട വാഹനം വീണ്ടും ഓടിക്കരുത്

അപകടത്തിൽപ്പെട്ട വാഹനം വീണ്ടും ഉപയോഗിക്കുകയാണെങ്കിൽ ഉണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകില്ല. നിങ്ങളുടെ കാർ അപകടത്തിൽപ്പെട്ടാൽ വാഹനം അവിടെ നിർത്തിയിടുക. വീണ്ടും ആ വാഹനം ഓടിച്ചു പോകാൻ ശ്രമിക്കരുത്. അതായത് അപകടത്തിൽപ്പെട്ട ശേഷം വീണ്ടും ആ വാഹനം ഓടിക്കുകയും തന്മൂലം വാഹനത്തിന് കൂടുതൽ നാശനഷ്ടം സംഭവിക്കുകയും ചെയ്താൽ പൂർണമായ ക്ലെയിം കിട്ടില്ല. വാഹന കമ്പനിയുടെ സർവീസ് സെന്ററിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോകുന്നതാണ് ഉചിതം. ഇൻഷുറൻസ് കമ്പനിയുടെ ബന്ധപ്പെട്ട വ്യക്തികൾ (വെഹിക്കിൾ ഇവാല്യുവേറ്റർ) വന്നു കണ്ട് നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷമേ വാഹനം അപകടസ്ഥലത്തുനിന്നു കൊണ്ടു പോകാവൂ.

3) നിയമത്തെ ബഹുമാനിക്കുക

റോഡ്–ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് നിങ്ങളുട വാഹനം അപകടത്തിൽപ്പെട്ടതെങ്കിൽ ഇൻഷുറൻസ് തിരസ്കരിക്കും. അമിത വേഗം, ട്രാഫിക് സിഗ്‌നൽ തെറ്റിക്കുക, ഹെൽമറ്റ് ഉപയോഗിക്കാതിരിക്കുക, റോഡ് നിയമങ്ങൾ പാലിക്കാതെ വണ്ടിയോടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളിൽപ്പെട്ടാണ് വാഹനം അപകടത്തിൽപ്പെടുന്നതെങ്കിൽ ഇൻഷുറൻസ് ക്ലെയിം നിരസിക്കും. കൃത്യമായി നിയമങ്ങൾ പാലിച്ചുമാത്രം വാഹനം ഉപയോഗിക്കുന്നവർക്കുള്ളതാണ് ഇൻഷുറൻസ്. 

4) മോഡിഫിക്കേഷൻ 

വാഹനം വാങ്ങുമ്പോൾ ഉള്ളതിൽനിന്നു മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ടെങ്കിൽ കെയിം നിഷേധിക്കും. ഷോറൂമുകളിൽനിന്നു വാഹനം വാങ്ങുമ്പോൾ എങ്ങനെയാണോ ഉള്ളത് അതിനാണ് ഇൻഷുറൻസ് നൽകിയിട്ടുള്ളത്. അധികമായി അലോയ് വീലുകൾ പിടിപ്പിക്കുക, ഹാലൊജൻ ഹെഡ്‌ലാംപുകൾ ഉപയോഗിക്കുക തുടങ്ങി വാഹനത്തിൽ വരുത്തുന്ന കൊച്ചു കാര്യങ്ങൾ പോലും ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ കാരണമാകാം. മോഡിഫിക്കേഷൻ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അഥവാ എന്തെങ്കിലും മാറ്റം വരുത്തിയാൽ അത് മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെൻഡിൽ അറിയിക്കുകയും നിയമപരമായ അനുമതി നേടുകയും വേണം. അത് ഇൻഷുറൻസ് കമ്പനിയിലും അറിയിക്കണം. ആവശ്യമെങ്കിൽ കൂടുതൽ തുക പ്രീമിയമായി നൽകുകയും വേണം. എങ്കിൽ മാത്രമേ ക്ലെയിം ചെയ്യുമ്പോൾ സാധൂകരിക്കപ്പെടുകയുള്ളൂ.   

5) വാഹനം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചാൽ

നിയമപരമല്ലാത്ത കാര്യങ്ങൾക്ക് വാഹനം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ക്ലയിം കിട്ടില്ല. കൊലപാതകം, മയക്കുമരുന്ന് കടത്ത്, തട്ടികൊണ്ടുപോകൽ, പീഢനം, നിയമ ലംഘനങ്ങൾ, റേസിങ്ങിന് ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് നിരസിക്കപ്പെടും. ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിച്ച വാഹനങ്ങൾക്ക് നിയമ പരിരക്ഷ ലഭിക്കില്ല. കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വാഹനമാണെങ്കിൽ ഇൻഷുറൻസ് കമ്പനിയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല. അതിനാൽ അസാൻമാർഗിക പ്രവർത്തികൾക്ക് വാഹനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. 

6) അപകടം നടന്നാൽ ഉടൻ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക

വാഹനം അപകടത്തിൽപ്പെട്ടാൽ ഉടൻതന്നെ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക. കമ്പനിയെ അറിയിക്കുന്നത് വൈകും തോറും ക്ലെയിം തിരസ്കരിക്കാനുള്ള സാധ്യത കൂടും. ഉദാഹരണത്തിന് അപകടം നടന്ന ശേഷം ഉടൻതന്നെ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചില്ലെങ്കിൽ, അപകടം നടക്കുമ്പോൾ പോളിസി ഉടമ സ്ഥലത്ത് ഇല്ലെന്ന് കമ്പനിക്ക് അനുമാനിക്കാം.അങ്ങനെ വൈകി ക്ലെയിം ചെയ്യുമ്പോൾ പരിഗണിക്കാതിരിക്കാം. 

7) വാഹനം റിപ്പയർ ചെയ്യുന്നതിനു മുൻപ് ക്ലെയിം ചെയ്യണം

അപകടത്തിപ്പെട്ട വാഹനം സർവീസ് ചെയ്യുന്നതിനു മുൻപ് ക്ലെയിം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. എത്രയും വേഗം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും ഇവാല്യുവേറ്റർ വന്ന് അപകടത്തിന്റെ തോത് വിലയിരുത്തുകയും ചെയ്തിനു ശേഷം മാത്രമേ സർവീസ് ചെയ്യാവൂ.   

8) ഡ്രൈവിങ് ലൈസൻസ് ഇല്ലെങ്കിൽ 

ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചിട്ടാണ് അപകടം ഉണ്ടായതെങ്കിൽ ഇൻഷുറൻസ് കിട്ടില്ല. ഡ്രൈവിങ് ലൈസൻസ് ഇല്ലാതിരിക്കുക, കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരിക്കുക, ലൈസൻസ് നഷ്ടപ്പെടുക തുടങ്ങിയ കാരണങ്ങളാൽ ക്ലെയിം നിരസിക്കപ്പെടാം. കാലവധി തീരുമ്പോൾതന്നെ ലൈസൻസ് പുതുക്കുക. ലൈസൻ‍സ് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുക.   

9)പരിരക്ഷ എവിടെയൊക്കെ?

ഇൻഷുറൻസ് എടുക്കുമ്പോൾ ഏതൊക്കെ ഭാഗങ്ങൾക്കാണ് ഇൻഷുറൻസ് ഉള്ളതെന്ന് മനസ്സിലാക്കി വയ്ക്കണം. ഇൻഷുറൻസിൽ പെടാത്ത ഭാഗങ്ങൾക്കാണ് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതെങ്കിൽ ഇൻഷുറൻസ് കിട്ടില്ലെന്നോർക്കുക. ഇൻഷുറൻസ് എടുക്കുമ്പോൾതന്നെ ആവശ്യമായ ഭാഗങ്ങൾക്ക് അധിക പരിരക്ഷയുറപ്പാക്കുക. 

10) ഇൻഷുറൻസ് അകാരണമായി നിരസിക്കപ്പെട്ടാൽ

അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഫോട്ടോ, വിഡിയോ, സിസി ടിവി ദൃശ്യങ്ങൾ തുടങ്ങിയവ എടുത്തു വയ്ക്കുന്നതും നല്ലതാണ്. അതുമായി ബന്ധപ്പെട്ട പത്ര വാർത്തകളുടെ കട്ടിങ്ങുകൾ, ഓൺലൈൻ ന്യൂസ് സ്ക്രീൻ ഷോട്ട്, തുടങ്ങിയവ അപകടം നടന്നതിനുള്ള തെളിവായി എടുത്തുവയ്ക്കുന്നത് നല്ലതാണ്. പിന്നീട് കേസ് എന്തെങ്കിലും ഉണ്ടായാൽ പ്രയോജനപ്പെടും.   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com