ADVERTISEMENT

നടപ്പ് സാമ്പത്തിക വർഷവും വാഹനങ്ങളുടെ തേർഡ് പാർട്ടി പ്രീമിയം പുതുക്കി നിശ്ചയിക്കാനുള്ള ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോരിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎ)യുടെ നിർദ്ദേശം കഴിഞ്ഞ ദിവസം വന്നു. ഇത് കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ബാധകമാണ്. പുതിയ നിരക്കുകളെ കുറിച്ചുള്ള നിർദേശം ഈ മാസം 29 വരെ ഐആർഡിഎയെ അറിയിക്കാം.

2019–20 സാമ്പത്തിക വർഷം 1000 സിസിയിൽ താഴെയുള്ള വാഹനങ്ങളുടെ പ്രീമിയം 1850 രൂപയിൽ നിന്ന് 2120 ആയി ഉയർത്താനുള്ള നിർദേശമാണുള്ളത്.1000 സിസി മുതൽ1500 സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 2863ൽ നിന്ന് 3300 ആയി പ്രീമിയം ഉയര്‍ന്നേക്കും. അതിനു മുകളിൽ ശേഷിയുള്ള വാഹനങ്ങളുടെ പ്രീമിയം നിരക്കിൽ മാറ്റം നിർദേശിച്ചിട്ടില്ല. അതേസമയം ഇലക്ട്രിക് കാറുകളുടെ പ്രീമിയത്തിൽ 15 ശതമാനം ഇളവിന് നിർദേശമുണ്ട്.

ഇരുചക്ര വാഹനങ്ങൾക്ക് 75 സിസിയിൽ താഴെയുള്ളവയുടെ പ്രീമിയം 427ൽ നിന്നും 482 രൂപയായേക്കും. 75 സിസി മുതൽ 350 സിസി വരെയുള്ളവയ്ക്ക് പ്രീമിയം കൂടുമെങ്കിലും അതിനു മുകളിൽ ശേഷിയുള്ള സൂപ്പര്‍ബൈക്കുകളുടെ നിരക്ക് ഉയർത്തിയേക്കില്ല. ടാക്സി,ബസ്,ട്രക്ക്,ട്രാക്ടർ എന്നിവയുടെയെല്ലാം തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്താനും നിർദേശമുണ്ട്.

കഴിഞ്ഞ ഏതാനും വർഷമായി വാഹനങ്ങളുടെ തേർഡ് പാർട്ടി പ്രീമിയം ഉയരുന്നത് പണപ്പെരുപ്പത്തേക്കാൾ മൂന്നിരട്ടിയാണ്. പണപ്പെരുപ്പം 6–7 ശതമാനം നിരക്കിൽ ഉയരുമ്പോൾ ഈപ്രീമിയം 20 ശതമാനത്തോളമാണ് ഉയരുന്നത്. നിരത്തിൽ വാഹനങ്ങളും വാഹനാപകടങ്ങളും ഇതുമായി ബന്ധപ്പെട്ട കേസുകളും കൂടുന്നതാണ് ഓരോ സാമ്പത്തിക വർഷവും തേർഡ്പാർട്ടി പ്രീമിയം ചെലവ് വർധിക്കാൻ പ്രധാന കാരണമാകുന്നത്.

തേർഡ് പാർട്ടി പ്രീമിയം മേഖല നഷ്ടത്തിലായതിനാൽ ഐആർഡിഎ കഴിഞ്ഞ കുറെ വർഷങ്ങളായി എല്ലാ വർഷവും പ്രീമിയം ഉയർത്തുകയാണ്. എന്തുകൊണ്ടാണ് ഇത്രയധികം നഷ്ടം വരുന്നത്? പ്രതിദിനം നിരവധിയാളുകളാണ് നമ്മുടെ നിരത്തുകളിൽ വാഹനാപകടത്തിൽ മരണമടയുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നത്. ഇവയുടെയെല്ലാം ക്ലെയിം പരിഹരിച്ചു വരുമ്പോൾ ഈ മേഖല കനത്ത നഷ്ടം നേരിടേണ്ട‌ി വരുന്നു. മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിൽ പരാതി നൽകിയാൽ കേസുകൾ തീർപ്പാകുന്നതു വരെയുള്ള കാലത്തേക്കുള്ള പലിശ കൂടി കമ്പനികൾ നല്‍കേണ്ടി വരുന്നു.

ഇത്തരത്തിൽപ്പെടുന്നതല്ലാത്ത അപകടങ്ങൾ പോലും ക്ലെയിം ലഭിക്കുമെന്ന കാരണത്താൽ തേർഡ് പാർട്ടി അപകടങ്ങളുടെ വിഭാഗത്തിലേക്കു പെടുത്താൻ കൃത്രിമങ്ങൾ കാട്ടുന്ന പ്രവണതയുമുണ്ട്. അതായത് ഒരു വിഭാഗം ആളുകൾ ഇത്തരത്തിൽ അനീതി കാണിക്കുന്നത് മൊത്തത്തിൽ തേര്‍ഡ് പാർട്ടി പ്രീമിയം ഉയരാൻ കാരണമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com