ADVERTISEMENT

10  ലക്ഷം  രൂപ വായ്പയെടുത്തു നാലു  വർഷം മുൻപു വച്ച വീടാണ്. മണ്ണിടിഞ്ഞു തകർന്നു പോയി. ഇനി വീടില്ല. വായ്പാ തിരിച്ചടവ് മാത്രം മിച്ചം. ഞാൻ ജീവിച്ചിരിക്കുന്നതിനാൽ ഭവനവായ്പയോടൊപ്പം എടുത്ത ലൈഫ് പോളിസി കൊണ്ട് ഗുണവുമില്ല.  ഹോം ഇൻഷുറൻസ് എടുക്കണമെന്ന് പല വട്ടം ആലോചിച്ചതാണ്. ഇനി പറഞ്ഞിട്ടെന്താ കാര്യം?  

രണ്ടാം വട്ടവും .പ്രളയം പെയ്തിറങ്ങിയ കേരളത്തിൽ ആയിരക്കണക്കിനു പേരാകും ഇത്തരത്തിൽ  വിലപിക്കുന്നത്.  

പക്ഷേ ഒന്നറിയുക. ഭവനവായ്പ എടുത്ത വെച്ച വീടാണെങ്കിൽ  അതിന്റെ കേടുപാടുകൾക്കു  അർഹിക്കുന്ന നഷ്ടപരിഹാരം നിങ്ങൾക്ക് കിട്ടും. സർക്കാരല്ല, ഇൻഷുറൻസ് കമ്പനിയിൽ നിന്നും തന്നെ. അതു ഔദാര്യമല്ല. നിങ്ങളുടെ അവകാശമാണ്.   

വീടിന് ഇൻഷുറൻസ് പരിരക്ഷ കൂടി നൽകികൊണ്ടേ ഭവനവായ്പ നൽകാവൂയെന്ന് ബാങ്കുകൾക്ക് ആർബിഐയുടെ കർശന നിബന്ധനയുണ്ട്.  ബാങ്കിനെ സംബന്ധിച്ചിടത്തോളം ഭവനവായ്പയിൽ അവരുടെ പ്രാഥമിക ആസ്തി ആ വീടാണ്. അതു നിർബന്ധമായും കവർ ചെയ്തിരിക്കണം. അതുകൊണ്ട്  തന്നെ  വീടിനും ബാങ്ക് ഇൻഷുറൻസ് എടുത്തിട്ടുണ്ടാകും. വീടിന്റെ മൂല്യത്തിനു തുല്യമായ തുകയ്ക്കുള്ള കവറേജ് ആകും പൊതുവേ ഉണ്ടാകുക.

വായ്പാ കാലാവധിയിലേക്കാകും സാധാരണ ഇൻഷുറൻസ് പരിരക്ഷയുണ്ടാകുക. പരിരക്ഷ ലഭിക്കുന്നതിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കാം. അതിലും എളുപ്പം വായ്പ എടുത്ത ബാങ്കിനെ സമീപിക്കുകയാണ്. മിക്കവാറും പോളിസിരേഖ ആ ബാങ്കിന്‍റെ പക്കലാകും. ഇതുൾപ്പടെ ആവശ്യമായ രേഖകൾ സഹിതം പരിരക്ഷയ്ക്ക് അപേക്ഷിക്കുക. 

പ്രളയം മൂലം നിങ്ങളുടെ വീടിനുണ്ടായ കേടുപാടുകൾക്കാണ് നഷ്ടപരിഹാരം അനുവദിക്കുക. കുത്തൊഴുക്കു മൂലമോ, വെള്ളം കെട്ടി നിന്നോ, മരം വീണോ, മണ്ണിടിഞ്ഞു വീണോ വീടിനുണ്ടായ കേടുപാടുകൾക്ക്  നഷ്ടപരിഹാരം ബാധകമാണ്. 

ഇത്തരം ഒരു കവറേജ് വീടിനുണ്ടെന്ന കാര്യം നിങ്ങൾക്കു മിക്കവാറും അറിവുണ്ടാകില്ല. പോളിസി രേഖയും കൈവശം ഉണ്ടാകില്ല. ബാങ്കിനെ, അഥവാ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ അവർ നിരുൽസാഹപ്പെടുത്തിയേക്കാം. കാരണം ലക്ഷക്കണക്കിനു ക്ലെയിമുകളാകും ഇപ്പോൾ അവർക്കു കൊടുക്കാനുണ്ടാകുക. അതുകൊണ്ട്  കഴിയുന്നത്ര പേരെ ഒഴിവാക്കാനാകും അവർ ശ്രമിക്കുക. അതുകൊണ്ട് കാര്യങ്ങൾ സ്വയം മനസ്സിലാക്കാൻ ശ്രമിക്കണം.  

പോളിസി  കൈയിലില്ല. പിന്നെങ്ങനെ കവറേജ് ഉണ്ടോ എന്നറിയും. സ്വാഭാവികമായും ഉയരുന്ന സംശയമാണിത്. അതിനൊരു വഴിയുണ്ട്. ബാങ്ക് പാസ്ബുക്ക് പരിശോധിച്ചാൽ മതി. ഇൻഷുറൻസ് പ്രീമിയം എടുത്തിട്ടുണ്ടോയെന്ന് അറിയാം. വായ്പയുടെ അവസാന ഗഡുവിന്റെ കൂടെയാകാം ഈ പ്രീമിയം ഉൾപ്പെടുത്തുക. അതിനാൽ നിർമാണം പൂർത്തിയാക്കാത്ത വീടിന്‍റെ കാര്യത്തിൽ ആ ഗഡു വാങ്ങിയിട്ടില്ലെങ്കിൽ പോളിസി പ്രാബല്യത്തിലായിട്ടുണ്ടാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com