ADVERTISEMENT

ഇന്‍ഷൂറന്‍സ്‌ പരിരക്ഷ എടുത്തിട്ടുള്ള വ്യക്തികള്‍ക്കും വസ്‌തുക്കള്‍ക്കും അപകടങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ഇന്‍ഷൂറന്‍സ്‌ കമ്പനികളെ അറിയിക്കണം എന്നാണ്‌ വ്യവസ്ഥ. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ നഷ്ടങ്ങള്‍ വളരെ വലുതായിരിക്കും. അതിനാല്‍ വീട്‌, വാഹനം, ഗൃഹോപകരണം തുടങ്ങിയ പലതിനും ഇന്‍ഷൂറന്‍സ്‌ പരിരക്ഷ എടുത്തിട്ടുള്ളവര്‍ തങ്ങള്‍ക്ക്‌ സംഭവിച്ച നഷ്ടം സംബന്ധിച്ച്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളെ കഴിയുന്നത്ര വേഗത്തില്‍ അറിയിക്കുകയും നഷ്ടപരിഹാരത്തിന്‌ അപേക്ഷിക്കുകയും വേണം. ഇതിന്‌ കാലതാമസം ഉണ്ടാകുന്നത്‌ ക്ലെയിം നിരസിക്കപ്പെടുന്നതിന്‌ കാരണമായേക്കാം.
പ്രളയ ബാധിതരായ പോളിസി ഉടമകള്‍ക്ക്‌ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികളോട്‌ ഐആര്‍ഡിഐ ( ഇന്‍ഷൂറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി) നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളും ഐആര്‍ഡിഐ പുറത്തിറക്കിയിട്ടുണ്ട്‌. ക്ലെയിം നടപടികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര തുക എത്രയും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നോഡല്‍ ഓഫീസുകള്‍ സ്ഥാപിക്കുകയും ടോള്‍ ഫ്രീ നമ്പറുകള്‍ നല്‍കുകയും ചെയ്യണം എന്നാണ്‌ നിര്‍ദ്ദേശം. 
മാത്രമല്ല എല്ലാ ജനറല്‍, ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളും പ്രളയ ബാധിതര്‍ ഫയല്‍ ചെയ്‌ത ക്ലെയിം സംബന്ധിച്ച്‌ വളരെ വേഗത്തില്‍ തീര്‍പ്പ്‌ ഉണ്ടാക്കി അര്‍ഹരായവര്‍ക്ക്‌ നഷ്ടപരിഹാര തുക ലഭ്യമാക്കിയെന്ന്‌ ഉറപ്പ്‌ വരുത്തുകയും വേണം. ഇതിനായി കൂടുതല്‍ സര്‍വേയര്‍മാരെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പ്രളയ ബാധിത പ്രദേശങ്ങളില്‍ ബോധവത്‌കരണ പരിപാടികള്‍ നടത്താനും ഇന്‍ഷൂറന്‍സ്‌ കമ്പനികളോട്‌ ഐആര്‍ഡിഐ ആവശ്യപ്പെട്ടിട്ടുണ്ട്‌. നഷ്ടപരിഹാര തുക ലഭ്യമാകുന്നതിന്‌ മരണ സര്‍ട്ടിഫിക്കേറ്റ്‌ ലഭിക്കാന്‍ പ്രയാസമാണെങ്കില്‍ 2014 ലെ ജമ്മുകാശ്‌മീര്‍ പ്രളയകാലത്ത്‌ പിന്തുടര്‍ന്ന നടപടികള്‍ സ്വീകരിക്കാന്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികളോട്‌ ഐആര്‍ഡിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. 2015 ലെ തമിഴ്‌നാട്‌ പ്രളയകാലത്ത്‌ ഇതേ രീതിയാണ്‌ പിന്തുടര്‍ന്നത്‌ . 

ക്ലെയിം ഫയലിങ്‌ നടപടികള്‍

പ്രളയബാധിതര്‍ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങി വരാന്‍ സമയം എടുക്കും . എങ്കിലും ഇന്‍ഷൂറന്‍സ്‌ പരിരക്ഷ എടുത്തിട്ടുള്ളവര്‍ ആസ്‌തികള്‍ക്ക്‌ സംഭവിച്ച നാശ നഷ്ടങ്ങള്‍ വിലയിരുത്തി വളരെ വേഗത്തില്‍ ഇന്‍ഷൂറന്‍സ്‌ ക്ലെയിം ഫയല്‍ ചെയ്യാന്‍ ശ്രമിക്കണം. 

∙പോളിസി ഉടമകള്‍ നഷ്ടങ്ങളെ കുറിച്ച്‌ വളരെ വേഗത്തില്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികളെ അറിയിക്കണം. എഴുതി അറിയിക്കുകയോ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച്‌ അറിയാക്കകയോ ചെയ്യാം.
∙ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കുക. 
∙എത്ര വൈകുന്നുവോ ഇന്‍ഷൂറന്‍സ്‌ ക്ലെയിം നിരസിക്കപ്പെടാനുള്ള സാധ്യതയും അത്രത്തോളം കൂടും. 
∙പോളിസി സംബന്ധിച്ചുള്ള ഡോക്യുമെന്റുകളില്‍ ക്ലെയിം ഫയല്‍ ചെയ്യേണ്ട സമയപരിധിയെ കുറിച്ച്‌ പറഞ്ഞിട്ടുണ്ടാവും. അതിനുള്ളില്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുക . 
∙ഇന്‍ഷൂറന്‍സ്‌ ക്ലെയിം ഫയല്‍ ചെയ്യാന്‍ കഴിയാതെ വരികയോ കാലതാമസം നേരിടുകയോ ചെയ്‌താല്‍ അതിന്റെ കാരണം ഇന്‍ഷൂറന്‍സ്‌ കമ്പനികളെ അറിയിക്കുക. കാരണം ന്യായമാണെങ്കില്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ തയ്യാറാകും. 
∙പ്രളയത്തില്‍ പോളിസി സംബന്ധമായ രേഖകള്‍ നഷ്ടപ്പെട്ടു എന്നു കരുതി വിഷമിക്കേണ്ടതില്ല. രേഖകള്‍ എല്ലാം നഷ്ടപ്പെട്ട കാര്യം അറിയിച്ചാല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ നിങ്ങളെ സഹായിക്കും. ഫോണ്‍ നമ്പര്‍ പോലുള്ള അടിസ്ഥാന വിവരങ്ങള്‍ നൽകിയാൽ മിക്ക കമ്പനികള്‍ക്കും നിങ്ങളുടെ പോളിസി വിവരങ്ങള്‍ എല്ലാം കണ്ടെത്താന്‍ കഴിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com