sections
MORE

നിങ്ങളുടെ ആശ്രിതര്‍ക്കു ലഭിക്കുന്ന രീതിയിൽ ഇന്‍ഷൂറന്‍സ് രേഖകള്‍ എവിടെ സൂക്ഷിക്കണം?

HIGHLIGHTS
  • വീട്ടില്‍ ആശ്രിതര്‍ക്ക് ആവശ്യമായ ഘട്ടത്തില്‍ എളുപ്പം കിട്ടുന്ന രീതിയിലാവണം അതു സൂക്ഷിക്കേണ്ടത്
life insurance
SHARE

ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയില്‍ ചേരുന്നത് അവിചാരിത ഘട്ടങ്ങളില്‍ നിങ്ങളുടെ കുടുംബത്തിനു പിന്തുണ നല്‍കാനാണല്ലോ. എന്നാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങളുടെ ആശ്രിതര്‍ക്കു ലഭിച്ചില്ലെങ്കില്‍ അത്തരത്തിലൊരു ഇന്‍ഷൂറന്‍സ് പരിരക്ഷ ഉള്ളതു കൊണ്ട് എന്താണു കാര്യമുള്ളത്?

ബാങ്ക് ലോക്കർ

ഇന്‍ഷൂറന്‍സ് സംബന്ധിയായ വിവരങ്ങള്‍ നിങ്ങളുടെ ആശ്രിതര്‍ക്കു ലഭിക്കും വിധം സൂക്ഷിക്കുക എന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ടത്. താന്‍ ഈ ലോകത്തില്‍ നിന്നു വിട പറയുമെന്ന് ആരും ചിന്തിക്കില്ല. പക്ഷേ, അത്തരത്തിലൊരു സാധ്യതയുള്ളതു കൊണ്ടു മാത്രമാണ് എല്ലാവരും ഇന്‍ഷൂറന്‍സ് പരിരക്ഷ നേടുന്നതെന്നതും മറക്കരുത്. സ്വന്തം വീട്ടിനുള്ളിലും പുറത്ത് മറ്റൊരിടത്തും ഇന്‍ഷൂറന്‍സ് പോളിസികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുകയാണ് ഉത്തമം. വീട്ടില്‍ ആശ്രിതര്‍ക്ക് ആവശ്യമായ ഘട്ടത്തില്‍ എളുപ്പം കിട്ടുന്ന രീതിയിലാവണം അതു സൂക്ഷിക്കേണ്ടത്. ഒരു വിഷമ ഘട്ടത്തില്‍ ഇന്‍ഷൂറന്‍സ് പോളിസി എവിടെയാണുള്ളതെന്ന് അവര്‍ പരതി നടക്കില്ല എന്നും ഇവിടെ ഓര്‍മിക്കണം. വീടിനു പുറത്ത് അതു സൂക്ഷിക്കുവാന്‍ ഏറ്റവും മികച്ച ഇടം ബാങ്ക് ലോക്കറാണ്. ജോയിന്റ് അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണെങ്കില്‍ കുറച്ചു കൂടി മികച്ചതാവും. 

മാത്രമല്ല, ഇന്‍ഷൂറന്‍സ് പോളിസി നമ്പര്‍, കമ്പനിയുടെ പേര്, പരിരക്ഷാ തുക, ആരംഭിച്ച തീയ്യതി, പരിരക്ഷ അവസാനിക്കുന്ന തീയ്യതി നോമിനിയുടെ പേര് തുടങ്ങിയവയെല്ലാം എഴുതി വെക്കണം. വിവിധ പോളിസികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവയെല്ലാം പ്രത്യേകമായി എഴുതി വെക്കണം. ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഫോണ്‍ നമ്പര്‍, വിലാസം, ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് അറിയാമെങ്കില്‍ ആ വിവരം എന്നിവയെല്ലാം എഴുതി വെക്കണം. 

എല്ലാ പോളിസികളും എഴുതി വെക്കാം

സ്വന്തമായി എടുത്ത പോളിസികളുടെ കാര്യം മാത്രമല്ല ഇങ്ങനെ എഴുതി വെക്കേണ്ടത്. പലര്‍ക്കും തൊഴിലുടമയോ സംഘടനയോ എല്ലാം ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടാകും. അവയുടെ കാര്യത്തില്‍ ഏത് ഗ്രൂപ് പോളിസിയാണ്, ആരെയാണ് ബന്ധപ്പെടേണ്ടത് തുടങ്ങിയ കാര്യങ്ങളും എഴുതി വെക്കണം. ഇവയില്‍ പോളിസി രേഖ കൈവശം ഉണ്ടാകാന്‍ സാധ്യതയില്ല. അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റോ കാര്‍ഡോ ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പെടുത്ത് രണ്ടിടത്തും സൂക്ഷിക്കണം. അതു പോലെ തന്നെയാണ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടേയും മറ്റും ഭാഗമായി ലഭിക്കുന്ന പരിരക്ഷ. ഇതു സംബന്ധിച്ച് പലപ്പോഴും മെസേജുകളാവും ലഭിക്കുക. അതും എഴുതി വെക്കുന്നതാവും നല്ലത്. 

ലൈഫ് ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല, ക്രിറ്റിക്കല്‍ കെയര്‍, ആരോഗ്യ ഇന്‍ഷൂറന്‍സുകള്‍, പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് തുടങ്ങിയവയുടെ വിവരങ്ങളും ഇതേ രീതിയില്‍ സൂക്ഷിക്കണം. ഇവയെല്ലാം ആവശ്യമായി വരുമ്പോള്‍ നിങ്ങള്‍ക്ക് അതെടുത്തു കൊടുക്കാനായി എന്നു വരില്ലല്ലോ. 

ഭവന വായ്പ അടക്കമുള്ള പല വായ്പകളും എടുക്കുമ്പോള്‍ ബാങ്കോ ധനകാര്യ സ്ഥാപനമോ വായ്പാ തുകയ്ക്കു തുല്യമായ ടേം ഇന്‍ഷൂറന്‍സ് എടുത്തു നല്‍കാറുണ്ട്. അവിചാരിത ഘട്ടങ്ങളില്‍ ഈ പോളിസിയുടെ ക്ലെയിം ഉപയോഗിച്ച് വായ്പാ ബാധ്യത തീര്‍ക്കുകയാണ് ഇങ്ങനെ പോളിസി എടുക്കുന്നതിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള പോളിസികളുടെ വിവരങ്ങളും എഴുതി സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഏതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ക്ലെയിം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഇക്കാര്യം സഹായകമാകും. 

ഇന്നു പല പോളിസികളും ഓണ്‍ലൈനായി ലഭിക്കുമല്ലോ. ഇന്‍ഷൂറന്‍സ് റെപോസിറ്ററികളില്‍ സൂക്ഷിച്ചിട്ടുള്ള പോളിസികളുടെ കാര്യത്തിലും ഇതേ രീതിയില്‍ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നത് സാങ്കേതിക വിദ്യയിൽ വിദഗ്ധരല്ലാത്ത ആശ്രിതര്‍ക്ക് കൂടുതല്‍ സഹായകമാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA