ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്പോള്‍ രോഗവിവരം മറച്ചുവച്ചാല്‍ ക്ലെയിം കിട്ടുമോ?

HIGHLIGHTS
  • സാധാരണ ജീവത ശൈലീ രോഗങ്ങള്‍ ഉണ്ട് എന്നത് ക്ലെയിം നിഷേധിക്കാനുള്ള കാരണമല്ലെന്നാണ് ഉത്തരവ്
hospital
SHARE

പ്രമേഹമടക്കമുള്ള സാധാരണ ജീവിത ശൈലീ രോഗങ്ങളെ പലപ്പോഴും ഇന്‍ഷൂറന്‍സ് കമ്പനികള്‍ പടിക്ക് പുറത്ത് നിര്‍ത്താറാണ് പതിവ്. ഇത്തരം രോഗങ്ങള്‍ പോളിസിയുടെ റിസ്‌ക് ഉയര്‍ത്തുമെന്നതാണ് കാരണം. തന്നെയുമല്ല പ്രമേഹം പോലുള്ള അസുഖങ്ങള്‍ വൃക്ക,ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുമെന്നുള്ളതും കമ്പനികളെ മാറ്റി ചിന്തിപ്പിക്കുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഈ നിലപാടിനെതിരെയാണ് ദേശീയ തര്‍ക്ക പരിഹാര കമ്മീഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നത്.

സാധാരണ ജീവത ശൈലീ രോഗങ്ങള്‍ ഉണ്ട് എന്നത് ക്ലെയിം നിഷേധിക്കാനുള്ള കാരണമല്ലെന്നാണ് പഞ്ചാബ് സ്വദേശിയുടെ പരാതി തീര്‍പ്പാക്കിക്കൊണ്ട് കമ്മീഷന്‍ ഉത്തരവിട്ടത്. പരാതിക്കാരിയായ നീലം ചോപ്രയ്ക്ക് അഞ്ച് ലക്ഷം രൂപയും 25000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായ 5000 രൂപയും 45 ദിവസത്തിനകം കൈമാറണമെന്ന് എല്‍ ഐ സി ചണ്ഡിഗഢ് ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചു. ഡയബറ്റിക് പ്രശ്‌നമുണ്ടായിരുന്ന നീലം ചോപ്രയുടെ ഭര്‍ത്താവ് 2003 ല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എടുത്തിരുന്നു. എന്നാല്‍ പോളിസിയില്‍ അദ്ദേഹം അക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഹൃദയസ്തംഭനം മൂലം 2004 ല്‍ മരിച്ചു. ഭാര്യ ക്ലെയിമിന് സമീപിച്ചപ്പോള്‍ എല്‍ ഐ സി അത് നിഷേധിച്ചു. പ്രമേഹമുള്ള വിവരം മറച്ചുവച്ചു എന്നാണ് കമ്പനി കാരണം പറഞ്ഞത്.

രോഗി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പോളിസി എടുക്കുമ്പോള്‍ ഈ രോഗമുണ്ടായിരുന്നില്ല. ഇനി പ്രമേഹം ഉണ്ടായിരുന്നുവെങ്കിലും പോളിസി എടുക്കുമ്പോള്‍ നിയന്ത്രണവിധേയമായിരുന്നു. തന്നെയുമല്ല, പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ രേഖപ്പെടുത്തിയില്ല എന്നത് മാത്രം ഒരാള്‍ക്ക് ക്ലെയിം നിഷേധിക്കാനുള്ള മതിയായ കാരണവുമല്ല- അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം കമ്മീഷന്‍ വ്യക്തമാക്കി. മരണകാരണവുമായി നേരിട്ട് ബന്ധമില്ലാത്ത മുന്‍കാല രോഗങ്ങളെ കുറിച്ചുളള വിവരങ്ങള്‍ മറച്ചുവച്ചുവെന്നുള്ളത് ക്ലെയിം പൂര്‍ണമായി നിഷേധിക്കുവാനുള്ള കാരണമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA