ADVERTISEMENT

പ്രായമായ അച്ഛനമ്മമാരെ സംരക്ഷിക്കുന്ന യുവ കുടുംബങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ അടിസ്ഥാന ഇന്‍ഷുറന്‍സ് പോളിസിയാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ പോളിസികള്‍ എടുക്കാന്‍ ഒട്ടേറെ കടമ്പകള്‍ ഉണ്ട്. ഏജന്റുമാരും കമ്പനികളും ഇവര്‍ക്ക് പോളിസികള്‍ നല്‍കാന്‍ സന്നദ്ധരാകാറുമില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ പോളിസികള്‍ എടുക്കാനുള്ള അവകാശങ്ങളും സാധ്യതകളും മറ്റുള്ളവര്‍ക്കൊപ്പമോ അതില്‍ ഒരുപടി കൂടുതലോ ആണ്. 

പ്രായം പറഞ്ഞ് ഒഴിവാക്കാനാകില്ല

65 വയസ്സുവരെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വ്യക്തിഗത പോളിസികളായോ ഫാമിലി ഫ്‌ളോട്ടര്‍ പോളിസികളായോ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാം. ഒരിക്കല്‍ പോളിസി എടുത്താല്‍ ജീവിതാവസാനം വരെ തുടര്‍ച്ചയായി പോളിസി പുതുക്കുന്നതിനു തടസ്സവാദങ്ങള്‍ ഉന്നയിക്കാന്‍ കമ്പനികള്‍ക്ക് അവകാശമില്ല. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ ന്യൂ ഇന്ത്യ അഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നിവ 80 വയസ്സുവരെ ഉള്ളവര്‍ക്ക് മെഡിക്കല്‍ പോളിസികള്‍ നല്‍കുന്നുണ്ട്. 

നിലവിലുള്ള അസുഖങ്ങള്‍ തടസ്സമല്ല

നിലവില്‍ ചില അസുഖങ്ങള്‍ ഉണ്ടെങ്കിലും പുതുതായി പോളിസികള്‍ അനുവദിക്കുന്നതില്‍ തടസ്സവാദങ്ങള്‍ പാടില്ല. ഒരിക്കല്‍ പോളിസി എടുത്താല്‍ മുടക്കം വരുത്താതെ പുതുക്കിക്കൊണ്ട് പോയാല്‍ മാത്രമേ നിലവിലുള്ള അസുഖങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും ചില പ്രത്യേക അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭിക്കാന്‍ വേണ്ടുന്ന കാത്തിരിപ്പ് കാലയളവു പൂര്‍ത്തിയാക്കുന്നതിനും കഴിയൂ. നിലവിലുള്ള അസുഖങ്ങള്‍ക്ക് ക്ലെയിം ഉണ്ടാകുമ്പോള്‍ ചികിത്സാ ചെലവിന്റെ ഒരു ഭാഗം പോളിസി ഉടമ കൂടി വഹിക്കാവുന്ന രീതിയില്‍ പോളിസികള്‍ ആവശ്യപ്പെടാം. മാത്രമല്ല, ക്ലെയിം ഉണ്ടാകാതെ  നാല് വര്‍ഷം പോളിസി തുടര്‍ച്ചയായി പുതുക്കിയാല്‍ പിന്നീട് ക്ലെയിം ഉണ്ടാകുമ്പോള്‍ മുമ്പ് നിലനിന്നിരുന്ന അസുഖമാണെന്ന കാരണം പറഞ്ഞ് നിരസിക്കാന്‍ കമ്പനികള്‍ക്ക് ആകില്ല. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രം

ജീവിത പങ്കാളിയെക്കൂടി ചേര്‍ത്ത് പോളിസികള്‍ എടുക്കാനായാല്‍ പ്രിമീയം തുകയില്‍ ഡിസ്‌കൗണ്ട് ലഭിക്കും. പലപ്പോഴും ആശുപത്രിയില്‍ കിടത്തി ചികിത്സ യല്ലാതെ ഔട്ട് പേഷ്യന്റ് ചികിത്സ തേടുമ്പോഴോ വീട്ടില്‍ തന്നെ ചികിത്സിക്കുമ്പോഴോ ഉള്ള ചെലവുകള്‍ ക്ലെയിം ചെയ്യാവുന്ന പോളിസികളാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗുണകരം. ഓരോ കണ്‍സള്‍ട്ടേഷനും തുക പരിമിതപ്പെടുത്തുമെങ്കിലും ഒരു പോളിസി വര്‍ഷത്തില്‍ എത്ര തുക വരെ ലഭ്യമാകുമെന്ന് മുന്‍കൂട്ടി അറിയണം. ആംബുലന്‍സ് സേവനങ്ങള്‍, മെഡിക്കല്‍ ചെക്ക് അപ്പ് സേവനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകളും നിബന്ധനകള്‍ക്ക് വിധേയമായി മുതിര്‍ന്ന പൗരന്മാരുടെ പോളിസികളില്‍ ലഭ്യമാണ്. 

എന്ത് ചെയ്യാനാകും

വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ സംരക്ഷിക്കാന്‍ മക്കള്‍ക്ക് മെഡിക്കല്‍ പോളിസിയോടൊപ്പം ഒരു അടിയന്തിര ചികിത്സാഫണ്ട് കൂടി കരുതുന്നത് നല്ലതാണ്. ആവശ്യം വന്നാല്‍ എളുപ്പത്തില്‍ എടുത്ത് ഉപയോഗിക്കാവുന്ന രീതിയിലായിരിക്കണം പണം നിക്ഷേപിക്കേണ്ടത്. മക്കള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന കുടുംബ പോളിസികളില്‍ അച്ഛനമ്മമാരുടെ പേര് കൂടി ഉള്‍പ്പെടുത്തണം. ഇതിനുപരിയായി സ്വന്തം നിലയില്‍ എടുക്കുന്ന ഫാമിലി ഫ്‌ളോട്ടര്‍ പോളിസികളില്‍ പ്രായം കൂടിയവരുടെ പേര് ചേര്‍ക്കുമ്പോള്‍ മൊത്തത്തില്‍ പ്രീമിയം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അച്ഛനമ്മമാര്‍ക്കായി വ്യക്തിഗത പോളിസികള്‍ പ്രത്യേകം വാങ്ങണം. നാട്ടില്‍ ചെറിയ പട്ടണങ്ങളില്‍ താമസിച്ചിരുന്ന അച്ഛനമ്മമാര്‍ നഗരങ്ങളില്‍ മക്കളോടൊപ്പം വന്ന് താമസിക്കാന്‍ തുടങ്ങുമ്പോള്‍ നിലവിലുള്ള മെഡിക്കല്‍ പോളിസികളില്‍ വേണ്ട വ്യതിയാനങ്ങള്‍ വരുത്തണം. മെട്രോ നഗരങ്ങളിലും മറ്റും ഉയര്‍ന്ന ചികിത്സാ ചെലവ് അര്‍ഹമാകുന്ന രീതിയില്‍ സോണ്‍ അനുസരിച്ച് പ്രിമീയം തുകയില്‍ വ്യത്യാസമുണ്ടാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com