ADVERTISEMENT

പോളിസി എടുക്കുന്നയാള്‍ മരണമടഞ്ഞാലേ ക്ലെയിം കിട്ടുകയുള്ളൂ എന്നാണ് പൊതുവെ ധാരണ. അല്ലെങ്കില്‍ പോളിസി കാലാവധിയെത്തുമ്പോൾ അടച്ച തുകയും ബോണസും മറ്റും തിരികെ കിട്ടും. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളൊടൊപ്പം അധിക പ്രീമിയം നല്‍കി റൈഡറുകള്‍ എന്നറിയപ്പെടുന്ന സവിശേഷ പരിരക്ഷകള്‍ കൂട്ടി ചേര്‍ത്താല്‍ സ്ഥിതി മാറും. പോളിസി വട്ടമെത്തുന്നതിന് മുമ്പ് തന്നെ അപകടങ്ങളോ ഗുരുതര അസുഖങ്ങളോ പിടിപെടുകയും പോളിസി ഉടമ തുടര്‍ന്നും ജീവിച്ചിരിക്കുന്ന അവസ്ഥയില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാം.

അപകട റൈഡറുകള്‍

അപകടം മൂലം ജീവന്‍ നഷ്ടപ്പെട്ടില്ലെങ്കിലും അംഗവൈകല്യങ്ങള്‍ സംഭവിക്കുകയോ സാധാരണ നിലയില്‍ ജോലി ചെയ്ത് ജീവിക്കാന്‍ സാധ്യമാകാത്ത അവസ്ഥയോ ഉണ്ടാകാം.ആ സമയത്ത് ആനുകൂല്യം ലഭിക്കുന്ന രീതിയില്‍ അപകട റൈഡറുകള്‍ ഉള്‍പ്പെടുത്താം. നഷ്ടപരിഹാരം ലഭിക്കുന്നതിനൊപ്പം ബാക്കിയുള്ള പോളിസി കാലാവധിയില്‍ പ്രിമീയം അടയ്ക്കാതെ തന്നെ പരിരക്ഷ നിലനിര്‍ത്തുകയും ചെയ്യാം. പിന്നീട് പോളിസി ഉടമ മരണമടഞ്ഞാല്‍ അനന്തരാവകാശികള്‍ക്ക് പരിരക്ഷ തുക ലഭിക്കും. അപകടം മൂലം മരണമടയുന്ന സന്ദര്‍ഭങ്ങളിലും പരിരക്ഷ തുകയുടെ ഒന്നോ അതിലധികമോ ഇരട്ടി ക്ലെയിം തുകയായി അനുവദിച്ച് നല്‍കുന്ന രീതിയിലും അപകട റൈഡറുകള്‍ എടുക്കാം. 

ഗുരുതര രോഗ റൈഡറുകള്‍

ഹൃദയാഘാതം, പക്ഷാഘാതം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുള്ളവർ തുടര്‍ന്നും ജീവിക്കുന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ടാകും. ഇത്തരക്കാർക്ക് തുടര്‍ ജീവിതത്തിന് സാമ്പത്തിക സഹായം നൽകുന്ന റൈഡറുകളാണിവ. ഇവർക്ക് മെഡിക്കല്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാൽ മുൻകൂർ തീരുമാനിച്ച ഒരു തുക ലഭിക്കുന്നു. പ്രിമീയം അടയ്ക്കാതെ  പോളിസിയും ഇന്‍ഷുറന്‍സ് പരിരക്ഷയും തുടരും. പോളിസി ഉടമ മരണമടഞ്ഞാലോ പോളിസി വട്ടമെത്തുമ്പോഴോ സാധാരണ രീതിയില്‍ അര്‍ഹതയുള്ള ആനുകൂല്യങ്ങളെല്ലാം അനുവദിക്കും.

ശ്രദ്ധിച്ച് തെരഞ്ഞെടുക്കണം

ഒരു അടിസ്ഥാന പോളിസിയ്ക്കൊപ്പം ആവശ്യമുള്ള റൈഡറുകള്‍ ചേര്‍ത്ത് എടുക്കാനായാല്‍ പ്രിമീയം പരമാവധി കുറയ്ക്കാം. വ്യത്യസ്ത പരിരക്ഷകള്‍ക്കായി പല പോളിസികള്‍ എടുക്കുമ്പോള്‍ ഉയര്‍ന്ന പ്രിമീയം നല്‍കേണ്ടി വരുമെന്ന് മാത്രമല്ല, അവ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകളുമുണ്ട്. ആരോഗ്യ സംബന്ധമായ റൈഡറുകള്‍ വാങ്ങുമ്പോള്‍ അടിസ്ഥാന പോളിസിയുടെ പ്രിമീയം തുകയുടെ ഇരട്ടിയിലധികമാകാന്‍ പാടില്ല. മറ്റ് റൈഡറുകള്‍ക്കെല്ലാം കൂടി ഇത് 30 ശതമാനത്തില്‍ താഴെയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അടിസ്ഥാന പോളിസി കാലഹരണപ്പെടുകയാണെങ്കില്‍ എല്ലാ റൈഡര്‍ പരിരക്ഷകളും നിലച്ച് പോകും. അത്യാവശ്യമുള്ള റൈഡറുകള്‍ മാത്രം തെരഞ്ഞെടുക്കണം. പല റൈഡര്‍ ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ അധിക നിബന്ധനകള്‍ കമ്പനികള്‍ മുന്നോട്ട് വയ്ക്കും. ഒരു റൈഡറില്‍ മാത്രമായി ലഭിക്കുന്ന ആനുകൂല്യം അടിസ്ഥാന പോളിസിയുടെ പരിരക്ഷ തുകയില്‍ കൂടരുത്. റൈഡറുകള്‍ക്കായി അധികം നല്‍കേണ്ട പ്രിമീയം തുകയും പരമാവധി ലഭിക്കാവുന്ന ആനുകൂല്യങ്ങളും താരതമ്യം ചെയ്ത് തീരുമാനമെടുക്കണം. പോളിസി വാങ്ങുമ്പോള്‍ തന്നെ റൈഡറുകളും വാങ്ങിയിരിക്കണമെന്നതിനാല്‍ അവ പിന്നീട് കൂട്ടി ചേര്‍ക്കാന്‍ സാധിക്കില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com