ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ ഇത് മനസ്സിലുണ്ടാകണം

HIGHLIGHTS
  • ഒരു പോളിസി മികച്ചതാണെങ്കിലും എല്ലാവർക്കും അത് അനുയോജ്യമാകണമെന്നില്ല
insurance-riplay
SHARE

മുൻപ് വീട്ടിലെ മുതിർന്നയാൾ പ്രദേശത്തെ എൽഐസി ഏജന്റിൽനിന്ന് ഏതെങ്കിലും ഒരു പോളിസി വാങ്ങും. ഏജന്റ് ബന്ധുവോ സുഹൃത്തോ ആയിരിക്കും. എന്നാൽ 2000 നുശേഷം ലൈഫ് ഇൻഷുറൻസ് ഒരുപാടു ദൂരം മുന്നോട്ടു പോയി. ആവശ്യമനുസരിച്ചുള്ള ഉൽപന്നങ്ങൾ ലഭ്യമായി തുടങ്ങി. ഉപഭോക്താക്കളും മെല്ലെയാണെങ്കിലും സുരക്ഷയുടെ പ്രാധാന്യം തിരിച്ചറിയുന്നു.

വാങ്ങുന്നതിന്റെയും വിൽക്കുന്നതിന്റെയും രീതികളിലും വലിയ മാറ്റമുണ്ടായി. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും മിനിറ്റുകൾക്കകം, ഇന്ന് പോളിസി തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയും.

എന്നാൽ വിവിധ ഇൻഷുറൻസ് കമ്പനികളുടേതായി പലവിധ പോളിസികളുണ്ട്. അതിനാൽ ഏത് തിരഞ്ഞെടുക്കണം എന്നതിൽ മിക്കവർക്കും ആശയക്കുഴപ്പമാണ്. ഇക്കാര്യത്തിൽ സുഹൃത്തുക്കളോ ബന്ധുക്കളോ നൽകുന്ന ഉപദേശങ്ങളും നിർദേശങ്ങളും പൊതുവേ ആശയക്കുഴപ്പം വർധിപ്പിക്കുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ തീരുമാനം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ലൈഫ് പോളിസി ദീർഘകാല ഉൽപന്നമാണ്. ചുരുങ്ങിയത് 10 വർഷം മുന്നിൽ കണ്ടു വേണം തീരുമാനം. ചുരുങ്ങിയ കാലത്തേക്കാണെങ്കിൽ നിങ്ങളുടെ നിക്ഷേപത്തിൽനിന്നു കിട്ടുന്ന ആദായത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

∙ അപ്രതീക്ഷിത പ്രതിസന്ധികളെ മുന്നിൽ കണ്ട് ഭാവി ആസൂത്രണം ചെയ്യാനും നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും സുരക്ഷ ഉറപ്പാക്കാനും ഉള്ളതാണ് പോളിസി. ഇവിടെ ഭാവി ജീവിതലക്ഷ്യങ്ങൾക്കും ആരോഗ്യത്തിനും വിരമിക്കലിനുമുള്ള പ്ലാനുകൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്.

ജീവിതത്തിൽ പല ഘട്ടങ്ങളുണ്ട്. അപ്രതീക്ഷിതമായി പല അപകടങ്ങളും സംഭവിക്കാം. അതെല്ലാം നേരിടാനുള്ള തയാറെടുപ്പോടെ, ദീർഘകാല ലക്ഷ്യവും കൂടി വിലയിരുത്തി വേണം പോളിസി തിരഞ്ഞെടുക്കാൻ.

പരമ്പരാഗതമോ യുലിപ്പോ?

ദീർഘകാല സമ്പാദ്യത്തിനായി ൈലഫ് ഇൻഷുറൻസ് രണ്ടു തരം ഉൽപന്നങ്ങൾ നൽകുന്നു. പരമ്പരാഗതവും യൂണിറ്റ് ലിങ്ക്ഡും. നിങ്ങൾക്ക് റിസ്ക് എടുക്കാനുള്ള കഴിവ് കുറവാണെങ്കിൽ പരമ്പരാഗത ഉൽപന്നങ്ങളാണ് നല്ലത്. അവ പ്രാഥമികമായി കടപ്പത്രങ്ങളിലാണ് നിക്ഷേപിക്കുക. ഓഹരി ഉപയോഗപ്പെടുത്തി ആദായം പരമാവധി വർധിപ്പിക്കാൻ താൽപര്യം ഉള്ളവർക്കാണ് യൂണിറ്റ് ലിങ്ക്ഡ് ഉൽപന്നങ്ങൾ അഥവാ യുലിപ്പുകൾ പ്രയോജനപ്പെടുക.

രോഗങ്ങൾക്കും കവറേജ്

ഗുരുതര രോഗങ്ങൾക്കുള്ള പോളിസികളിൽ രോഗത്തിന്റെ എല്ലാ ഘട്ടത്തിലും കവറേജുണ്ടെന്ന് ഉറപ്പാക്കണം. പല പ്ലാനുകളും എല്ലാ ഘട്ടത്തിലും കവറേജ് തരുമെന്ന് അവകാശപ്പെടുമെങ്കിലും പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ ഉണ്ടാവില്ല. കവറേജിൽനിന്ന് എന്തെല്ലാം ഒഴിവാക്കിയിട്ടുണ്ടെന്നു കൃത്യമായി മനസ്സിലാക്കണം.

വിവരങ്ങൾ തെറ്റിക്കരുത്

സാമ്പത്തികവും ആരോഗ്യപരവുമായ വിവരങ്ങൾ സത്യസന്ധമായും കൃത്യമായും നൽകുക. ക്ലെയിം സെറ്റിൽമെന്റിന് കൃത്യമായ വിവരങ്ങൾ ആവശ്യമാണ്. ഫീച്ചറുകൾ കൃത്യമായി വായിച്ചു മനസ്സിലാക്കണം. പ്രീമിയം എപ്പോഴൊക്കെയാണ് അടയ്ക്കേണ്ടതെന്ന് മനസ്സിലാക്കുക. വാങ്ങുന്നതിനു മുൻപും വാങ്ങിയശേഷവും കമ്പനിയിൽനിന്നു വെരിഫിക്കേഷൻ പ്രക്രിയകൾക്കായി ഫോൺ ചെയ്യും. ചില കമ്പനികൾക്ക് ഇതിനായി മൊബൈൽ ആപ്ലിക്കേഷനുകളുമുണ്ട്. വെരിഫിക്കേഷൻ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തുക.

എല്ലാ ൈലഫ് പോളിസിയിലും 15 ദിവസത്തെ മണി ബാക്ക് ഗ്യാരണ്ടിയുള്ള ഫ്രീ ലുക്ക് ഓഫർ ഉണ്ട്. മറ്റൊരു ഉൽപന്നത്തിനുമില്ലാത്ത പ്രത്യേകതയാണിത്. ഉദ്ദേശിച്ച ഉൽപന്നമല്ല ലഭിച്ചതെങ്കിൽ ഉൽപന്നം തിരികെ നൽകാം. പണം തിരികെ ലഭിക്കും. അതിനാൽ ഈ ദിവസങ്ങൾ പോളിസിയോടൊപ്പം ലഭിക്കുന്ന കീ ഫീച്ചേഴ്സ് ഡോക്യുമെന്റ് വായിച്ചു മനസ്സിലാക്കുക.

നോമിനിയെ ഉറപ്പാക്കുക

എന്തെങ്കിലും അടിയന്തരാവസ്ഥകളുണ്ടായാൽ നോമിനി മാത്രമാണ് പോളിസിയുടെ ഔദ്യോഗിക ഗുണഭോക്താവ്. നോമിനിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ ഒരു അപ്പോയിന്റിയുടെ േപരുകൂടി േചർക്കണം. കൂടാതെ നോമിനിയോടും കുടുംബാംഗങ്ങളോടും പോളിസിയെക്കുറിച്ചു പറയുക. നിങ്ങളുടെ പോളിസിയുടെ കാലാവധി കഴിയുന്നതുവരെ അതു സൂക്ഷിക്കുക. ഇപ്പോൾ ഇലക്ട്രോണിക് േരഖകളായി ഇവ സൂക്ഷിക്കാം.

വില കുറഞ്ഞാൽ നേട്ടമെന്നു ധരിക്കരുത്

പോളിസി തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞ പ്രീമിയമുള്ളതാണ് ‌ഏറ്റവും നല്ലതെന്ന് തെറ്റിദ്ധരിക്കരുത്. വളരെ നല്ലതാണെന്ന് തോന്നുന്ന വാഗ്ദാനങ്ങളിൽ കാര്യമറിയാതെ ചാടി വീഴുകയുമരുത്.

പോളിസികളെക്കുറിച്ച് മനസ്സിലാക്കിത്തന്നതിന്റെ േപരിൽ വിധേയത്വം തോന്നി ആരുടെ കയ്യിൽനിന്നും പോളിസി വാങ്ങേണ്ടതില്ല. മികച്ച ഓഫറാണെന്നു തോന്നിയാൽ കമ്പനിയിൽ നേരിട്ട് അന്വേഷിച്ച് ഉറപ്പാക്കിയശേഷം മാത്രം വാങ്ങുക

ഏജന്റ് തീരുമാനം എടുക്കരുത്

ഭാവിയിലെ ലക്ഷ്യവും നിലവിലെ സാമ്പത്തികസ്ഥിതിയും അനുസരിച്ച് വേണം പോളിസിയുടെ കാലാവധിയും പ്രീമിയം തുകയും തിരഞ്ഞെടുക്കാൻ. ഒപ്പുവയ്ക്കാൻ പോകുന്നത് എന്താണെന്നു വ്യക്തമായ ധാരണയുണ്ടാകണം. പല വ്യക്തികളും പോളിസിയും പ്രീമിയവും കാലാവധിയും നിശ്ചയിക്കാൻ ഏജന്റിനെയോ സാമ്പത്തിക ഉപദേഷ്ടാവിനെയോ അനുവദിക്കുന്നു. ചിലപ്പോൾ ആ തുക ഭാവിയിൽ നിങ്ങൾക്കു താങ്ങാൻ കഴിയാതെ വരാം. കാലാവധി അനുയോജ്യമായിരിക്കില്ല. അത് പലപ്പോഴും പോളിസി പാതിവഴിയിൽ നിർത്താൻ കാരണമാകുന്നു. കുറഞ്ഞ ആദായമാകും കിട്ടുക. അല്ലെങ്കിൽ ചിലപ്പോൾ ആവശ്യസമയത്ത് പണം പിൻവലിക്കാൻ പറ്റാതാകാം. ഇത്തരം പലവിധ പ്രശ്നങ്ങൾ ഉപഭോക്താക്കൾ നേരിടുന്നു. ഇതു മറികടക്കാൻ സ്വന്തം സാഹചര്യങ്ങൾ വിലയിരുത്തി സ്വയം ഇത്തരം കാര്യങ്ങൾ തീരുമാനിക്കുകയാണ് വേണ്ടത്.

എച്ച് ഡിഎഫ്സി ലൈഫ് ഇൻഷുറൻസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമാണ് ലേഖിക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA