ADVERTISEMENT

പുതുവർഷം എത്തി. പലരും നടപ്പാക്കാൻ സാധ്യതയില്ലാത്ത പല തീരുമാനങ്ങളും ഇത്തവണയും എടുത്തിട്ടുണ്ടാകാം. പകരം കുടുംബത്തിന് അനിവാര്യമായ ഏതാനും പോളിസികൾ എടുക്കാമെന്നു തീരുമാനിച്ചാലോ? കുടുംബത്തെ സ്നേഹിക്കുന്നവർ തീർച്ചയായും വേണ്ടെന്നു വെക്കില്ലാത്ത തീരുമാനമാകട്ടെ അത്.

ഫാമിലി ഫ്ലോട്ടർ പോളിസി

കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ഇൻഷുർ ചെയ്യുന്ന മെഡിക്ലെയിം പോളിസിയാണിത്. നാം തിരഞ്ഞെടുത്ത പരമാവധി ഇൻഷുർ ചെയ്ത തുകയും ഒരു വർഷത്തിൽ അസുഖം/അപകടം എന്നിവ മൂലമുള്ള ആശുപത്രി ചികിൽസക്ക് ഉപയോഗിക്കാം. നിലവിലുള്ള അസുഖങ്ങൾക്ക് ക്ലെയിം ലഭ്യമാവുകയില്ല. കമ്പനി അംഗീകൃത ആശുപത്രികളിലൂടെ സൗജന്യ ചികിൽസയും ലഭ്യമാണ്.

വ്യക്തിഗത അപകട ഇൻഷുറൻസ് 

വരുമാനമുള്ള രക്ഷിതാക്കൾക്കു വേണ്ടിയുള്ള പോളിസിയാണിത്. അപകടമരണം, സ്‌ഥിരവും പൂർണ്ണവുമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, അപകടം മൂലമുള്ള ചികിൽസാ ചിലവ്, രക്ഷിതാവിന് അപകടം മൂലം മരണം / അംഗവൈകല്യം സംഭവിച്ചാൽ പഠിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ ഫണ്ട്, തൊഴിൽ നഷ്‌ടപ്പെട്ടാൽ നഷ്‌ടപരിഹാരം, ആംബുലൻസ് വാടക എന്നീ റിസ്‌കുകൾ കവർ ചെയ്യുന്ന പോളിസിയാണിത്. 

ഹോം പാക്കേജ്  

വീട്, വീട്ടുപകരണങ്ങൾ, സാധന സാമഗ്രികൾ, മുതലായവക്ക് പരിരക്ഷ നൽകുന്ന പോളിസിയാണിത്. വീടിന് ഉണ്ടായേക്കാവുന്ന നാശനഷ്‌ടങ്ങൾക്ക് (തീപിടുത്തം, കളവ്, പ്രകൃതി ദുരന്തങ്ങൾ മുതലായവ) 12 ൽ അധികം റിസ്‌കുകൾ ഇതിൽ കവർ ചെയ്യുന്നു. 

ടേം ഇൻഷുറൻസ്

യഥാർത്ഥ ലൈഫ് ഇൻഷുറൻസ് എന്നാൽ ടേം കവർ എന്നതാണ്. ഇൻഷുർ ചെയ്യുന്ന വ്യക്തിക്ക് ഏതു വിധേന (അപകടം / അസുഖം) ആകസ്‌മിക മരണം ഉണ്ടായാലും ക്ലെയിം തുക അവകാശിക്ക് ലഭിക്കും. കുറഞ്ഞ പ്രീമിയം തുക അടച്ചാൽ വലിയ തുകക്ക് സംരക്ഷണം ലഭിക്കും. പ്രായം കൂടുംതോറും ഈ പോളിസിയിൽ പ്രീമിയം കൂടുതൽ അടക്കേണ്ടിവരും. നമ്മുടെ പ്രായം, വരുമാനം, ചിലവ്, ആശ്രിതർ, ബാധ്യതകൾ എന്നിവ കണക്കിലെടുത്തുവേണം ഇൻഷുർ ചെയ്യുന്ന തുക നിശ്‌ചയിക്കാൻ.

കുട്ടികളുടെ പോളിസി 

കുട്ടികളുടെ ഭാവി കാര്യങ്ങൾക്കാണ് നാം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. പണപ്പെരുപ്പം മൂലം ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങളായ കുട്ടികളുടെ വിദ്യാഭ്യാസം/വിവാഹം എന്നിവക്ക് നാം പ്രതീക്ഷിക്കുന്നതിലുപരി പണച്ചിലവ് ഉണ്ടാവുന്നു. ഇതിന് പരിഹാരമായി നേരത്തെതന്നെ നിക്ഷേപമാർഗ്ഗങ്ങൾ സംരക്ഷണത്തോടൊപ്പം ചെയ്തുവെച്ചാൽ മനസ്സമാധാനത്തോടെ ജീവിക്കാനാകും. 

റിട്ടയർമെന്റ് പോളിസി  

ആയുർദൈർഘ്യം കൂടിവരികയാണല്ലൊ.ഒപ്പം ജോലി ചെയ്യുമ്പോഴും, റിട്ടയർ ചെയ്താലും നമ്മുടെ ആവശ്യങ്ങളും അതിനുള്ള പണച്ചിലവും കൂടിവരികയാണ്. ഒന്ന് പണപ്പെരുപ്പവും, രണ്ടാമത് വാർദ്ധക്യ സഹജമായ രോഗങ്ങൾക്കുള്ള ചിലവും പ്രധാനപ്പെട്ടവയാണ്. ഇൻഡ്യയിലെ 80% ൽ അധികം ആളുകൾക്കും റിട്ടയർമെന്റ് പോളിസികളില്ല എന്നതാണ് വസ്തുത. മനസ്സമാധാനത്തോടെ ശിഷ്‌ടജീവിതം നയിക്കാൻ ഈ പോളിസി ഒരു സഹായഹസ്തമായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com