ADVERTISEMENT

നിങ്ങള്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ആവശ്യങ്ങള്‍ തൃപ്തിപെടുത്തുന്നതല്ലേ? അതേ കമ്പനിയുടെ തന്നെ മറ്റൊരു പോളിസിയാണോ നിലവിലുള്ളതിനേക്കാള്‍ മെച്ചമെന്ന് നിങ്ങള്‍ കരുതുന്നത്? വിഷമിക്കേണ്ട. നിലവിലുള്ള പോളിസികളില്‍ നിന്ന് യുക്തമായ ഒന്നിലേക്ക് മൈഗ്രേറ്റ് ചെയ്യാം. ഇനി മറ്റൊരു കമ്പനിയുടെ പ്ലാന്‍ നിങ്ങള്‍ ചേര്‍ന്നതിനേക്കാളും മികവുള്ളതായി തോന്നുന്നുണ്ടോ? ഇതിനുമുണ്ട് പരിഹാരം. ഇവിടെ പോളിസി പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്.

മൈഗ്രേഷനും പോര്‍ട്ടിബിലിറ്റിയും

ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്തെ ഐ ആര്‍ ഡി എ ഐയുടെ പുതിയ ഇടപെടല്‍ വലിയ മാറ്റം കൊണ്ടുവരും. ഈ രംഗത്തെ നിലവിലുള്ള പോളിസികളുടെ അടിസ്ഥാന നിര്‍വ്വചനങ്ങളുടെ കൂടെ രണ്ട് പുതിയവ കൂടി ചേര്‍ത്ത് ഇന്‍ഷൂറന്‍സ് റഗുലേറ്ററി അതോറിറ്റി സര്‍ക്കുലര്‍ ഇറക്കി. മൈഗ്രേഷനും പോര്‍ട്ടിബിലിറ്റിയുമാണ് ഇവ.

കൂടുതല്‍ വ്യക്തത

പുതിയ സര്‍ക്കുലറിലൂടെ ഇതിന് രണ്ടിനും യഥാര്‍ഥത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയായിരുന്നു അതോറിറ്റി. നിലവിലുള്ള കമ്പനിയുടെ തന്നെ മറ്റൊരു പ്ലാനിലേക്ക്് തുടര്‍ന്ന് വരുന്ന പോളിസിയില്‍ നിന്ന് മാറുന്നതിനെ മൈഗ്രേഷന്‍ എന്ന് വിളിക്കുമ്പോള്‍ ഒന്നില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് തന്നെ മാറുന്നതിന് പോര്‍ട്ടിബിലിറ്റി എന്നു പറയുന്നു.

മൈഗ്രേഷന്‍ അവകാശമാണ്

ഇത് പുതിയ നിര്‍ദ്ദേശത്തോടെ പോളിസി ഉടമകളുടെ അവകാശമായി മാറും.പ്ലാന്‍ മാറുന്ന  ഫാമിലി കവര്‍/ ഗ്രൂപ്പ് ഇന്‍ഷൂറന്‍സുകളിലെ എല്ലാ അംഗങ്ങള്‍ക്കും നിലവിലുള്ള പോളിസിയുടെ ഭാഗമായ ക്രെഡിറ്റ് തുടര്‍ന്നും ലഭിക്കും. അതായത് രോഗങ്ങള്‍ക്കുള്ള വെയ്റ്റിംഗ് പീരിയഡ്, പ്രീ എക്‌സിസ്റ്റിംഗ് കണ്ടീഷന്‍ ഇവ മുന്‍ പോളിസിയിലുള്ളതു പോലെ തന്നെ പരിഗണിക്കപ്പെടും.

വെയ്റ്റിംഗ് പീരിയഡ്

സാധാരണ പോളിസി ചേര്‍ന്നാല്‍ ആദ്യത്തെ 30 മുതല്‍ 90 ദിവസം വരെ ഉണ്ടാകുന്ന ഗുരുതര രോഗങ്ങള്‍ക്ക് കവറേജ് ഉണ്ടാവില്ല. അതുപോലെ പോളിസി ചേരുന്നതിന് ആറ് മാസം മുമ്പ് വരെയുള്ള 'അവസ്ഥ' കവറേജിന് പുറത്തായിരിക്കും. പലപ്പോഴും 12 മുതല്‍ 48 മാസം വരെയായിരിക്കും. പിന്നീട് രോഗത്തിലേക്ക് നയിക്കപ്പെട്ടേക്കാം എന്നതാണ് ഇതിന്റെ പിന്നിലുള്ള യുക്തി. വര്‍ഷങ്ങളായി നിലവിലുള്ള പോളിസിയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഈ ആനുകൂല്യങ്ങള്‍ പുതിയ പ്ലാനിലക്ക് മൈഗ്രേറ്റ് ചെയ്യുമ്പോഴും പോളിസി ഉടമയ്ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്നാണ് അതോറിറ്റി പുതിയ സര്‍ക്കുലറില്‍ പറയുന്നത്.

പോര്‍ട്ട് ചെയ്യുമ്പോള്‍

ഇതും പുതിയ സര്‍ക്കുലര്‍ പ്രകാരം ഇന്‍ഷൂററുടെ അവകാശമാണ്. നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളോടെയും പുതിയ കമ്പനിയുടെ ഏതു തരം പോളിസിയിലേക്കും മാറാനുള്ള പോളിസി ഉടമയുടെ അവകാശം. ഇങ്ങനെ മാറുമ്പോള്‍ നിലവിലുള്ള ആനൂകൂല്യങ്ങള്‍ അതേ പടി നിലനിര്‍ത്തണമെന്നാണ് പുതിയ വ്യവസ്ഥ. അതുകൊണ്ട് നിലവിലുള്ള പ്ലാനില്‍/ കമ്പനിയില്‍ തൃപ്തി പോരെങ്കില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കണമെങ്കില്‍ ഇനി ആലോചിക്കേണ്ട. ഇന്‍ഷൂറന്‍സ് നിയന്ത്രണ അതോറിറ്റി നിങ്ങളോടൊപ്പമാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com