ഇന്‍ഷൂറന്‍സ് മാനത്ത് കരിനിഴല്‍, പോളിസികള്‍ ഇനി എത്ര പേര്‍ വാങ്ങും?
Mail This Article
കേന്ദ്ര ബജറ്റ് ദിവസം ഓഹരി വിപണയില്‍ ഏറ്റവുമധികം വീഴ്ച നേരിട്ട മേഖലകളിലൊന്ന് ഇന്‍ഷൂറന്‍സായിരുന്നു. ധനമന്ത്രി പ്രഖ്യാപിച്ച പുതിയ ആദായ നികുതി ഘടനയാണ് ഇന്‍ഷൂറന്‍സ് മേഖലയില്‍ കരിനിഴല്‍ വീഴ്ത്തിയത്. ആദായ നികുതി ചട്ടം 80 സി യില്‍ പെട്ട ഇന്‍ഷൂറന്‍സ് അടക്കമുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകുല്യം ഇല്ലാത്ത പുതിയ നികുതി സമ്പ്രദായം അവതരിപ്പിച്ചതാണ് രാജ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനികളെ ആശങ്കപ്പെടുത്തുന്നത്.
85 ശതമാനം പോളിസികള്‍
നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന പോളിസികളില്‍ 85 ശതമാനവും നികുതി ആനുകൂല്യവുമായി ബന്ധപ്പെട്ടുള്ളതാണ്. ശമ്പള വരുമാനക്കാരെ ക്യാന്‍വാസ് ചെയ്യാന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാരുടെ പ്രധാന തുറുപ്പുചീട്ടും ഇതാണ്. ഇന്‍ഷൂറന്‍സ് പോളിസികളില്‍ നടത്തുന്ന നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കില്ല എന്നു വരുന്നതോടെ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരടക്കം എത്ര പേര്‍ ഇനി ഇതില്‍ പണം മുടക്കുമെന്നതാണ് ചോദ്യം.
നാലാം പാദ ബിസിനസിനെ ബാധിക്കും
ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാന പാദത്തിലാണ് ഇന്‍ഷൂറന്‍സ് രംഗത്ത് ഏറ്റവുമധികം ബിസിനസ് നടക്കുന്നത്. നികുതി ആനുകൂല്യം നഷ്ടപെടാതിരിക്കാന്‍ മാര്‍ച്ചിന് മുമ്പ് പണമടയ്‌ക്കേണ്ടി വരും. ഇന്‍ഷൂറന്‍സ് വ്യവസായത്തിലെ വരുമാനത്തിന്റെ പ്രമുഖ ഭാഗവും ഈ പാദത്തിലാണ് ലഭിക്കുക. ഏതാണ്ട് 45-60 ശതമാനം വരുമാനവും കമ്പനികള്‍ക്ക് ലഭിക്കുന്നത് ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവിലാണ്. ശരാശരി പ്രീമിയം 15,000 മുതല്‍ 40,000 രൂപ വരെയുമാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഏത് നികുതി രീതി തിരഞ്ഞെടുക്കണമെന്ന ആശയകുഴപ്പം നികുതിദായകരിലുള്ളപ്പോള്‍ അത് നിലവിലുള്ള പ്രീമിയം അടവിനെയും ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.