sections
MORE

ഇൻഷുറൻസ് ക്ലെയിം ഉണ്ടായാൽ ബുദ്ധിമുട്ട് ഒഴിവാക്കാൻ ശ്രദ്ധിക്കാം ഈ 30 കാര്യങ്ങൾ

HIGHLIGHTS
  • ഓരോ ഇൻഷുറൻസിലും ശ്രദ്ധയോടെ തയാറെടുക്കുക
indian-insurance
SHARE

നിങ്ങൾ ജീവനും വസ്തുവകകളും ബാധ്യതകളും എല്ലാം ശരിയായി ഇൻഷുർ ചെയ്‌തു സംരക്ഷിച്ചിട്ടുണ്ടോ? ജീവന്റെ സംരക്ഷണത്തിനു പുറമെ ഇനി വിശദമാക്കുന്ന ഓരോ ഇൻഷുറൻസിലും ശ്രദ്ധയോടെ തയാറെടുക്കുക. സുരക്ഷയ്ക്കൊപ്പം ഭാവിയിൽ ഒരു ക്ലെയിം ഉണ്ടായാൽ അത് ലഭിക്കുവാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുവഴി കഴിയും.  

വീട് 

∙ വീട് അതിന്റെ റീ ഇൻസ്റ്റേറ്റ്‌മെന്റ് വാല്യൂവിന് ഇൻഷുർ ചെയ്യണം. അതുപോലൊരു വീട് പുതുതായി നിർമ്മിക്കാൻ ഇന്നു വരുന്ന ചെലവ്  കണക്കാക്കി ആ തുകയ്ക്ക് കവറേജ് എടുക്കണം.  

∙ ചുറ്റുമതിൽ, ഗേറ്റ്, കിണർ, മേൽക്കൂര എന്നിവ പ്രൊപ്പോസൽ ഫോമിൽ പ്രത്യേകം എഴുതണം. അതും ഓരോന്നിന്റേയും വിലയടക്കം.  

∙ വീടിന്റെ ഡോർ നമ്പർ, അഡ്രസ് എന്നിവ നിർബന്ധമായും നൽകണം. വായ്പ എടുത്തിട്ടുണ്ടെങ്കിൽ അക്കാര്യവും കാണിക്കണം.  

വാഹനം 

∙ പുതിയ വാഹനം വാങ്ങുമ്പോൾ വിലയുടെ 95 ശതമാനം തുകയ്ക്കാണ് ഇൻഷുർ ചെയ്യുക. തൊട്ടടുത്തവർഷം പോളിസി പുതുക്കുമ്പോൾ 80% തുകയ്ക്കും. 

∙ തുടർന്ന് ഓരോ വർഷവും 10% വിലക്കുറവിൽ ഇൻഷുർ ചെയ്‌താൽ മതി. ഇതിനെ ‘ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യൂ’ എന്നാണ് പറയുന്നത്. 

∙ വാഹനത്തിന്റെ റജിസ്‌ട്രേഷൻ നമ്പർ, എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ കൃത്യമായാണോ   നൽകിയതെന്ന് ഉറപ്പാക്കണം. മേൽവിലാസവും കൃത്യമായിരിക്കണം.  

∙ വായ്പയെടുത്തവർ പ്രസ്തുത സ്ഥാപനത്തിന്റെ പേരുവിവരങ്ങൾ പോളിസിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

∙ വാഹനത്തിന്റെ ഉപയോഗം, വാഹനത്തിന്റെ കപ്പാസിറ്റി എന്നിവ ശരിയായി നൽകിയിരിക്കണം.

∙ വാഹനം വിറ്റാൽ റജിട്രേഷൻ പുതിയ ആളിന്റെ പേരിൽ മാറ്റിയ ദിവസം മുതൽ 15 ദിവസത്തിനകം പോളിസിയും മാറ്റിയെന്ന് ഉറപ്പ് വരുത്തണം. 

∙ അർഹമായ നോക്ലെയിം ബോണസും കിട്ടിയെന്ന് ഉറപ്പുവരുത്തണം.

∙ വിപണിയിൽ വിവിധ കമ്പനികൾ നൽകുന്ന ഡിസ്കൗണ്ടുകൾ താരതമ്യം ചെയ്തു മികച്ച പോളിസി കണ്ടെത്തി വാങ്ങുന്നതാണ് ഉചിതം.

ആരോഗ്യ ഇൻഷുറൻസ് 

∙ ആരോഗ്യമുളളപ്പോൾ ശരിയായ തുകയ്ക്ക് ഇൻഷുർ ചെയ്യുക എന്നതാണ് ശരിയായ മാർഗം. ശരിയായ തുക എന്നാൽ കുടുംബ വരുമാനത്തിനും, ഭാവി ചികിത്സാ ചിലവുകൾക്കും ഇണങ്ങുന്ന രീതിയിൽ തിരഞ്ഞെടുക്കുന്ന തുക എന്നാണർഥം. 

∙ 50 വയസിന് മുൻപു പോളിസി എടുത്താൽ ഇന്ന് കുറഞ്ഞ നിബന്ധനകളോടു കൂടിയ പോളിസി ലഭ്യമാണ്. അത് ജീവിതകാലം മുഴുവൻ പുതുക്കിയാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ ചികിത്സാ ചെലവ് ചിട്ടപ്പെടുത്താം.

∙ അറുപതു കഴിഞ്ഞാണ് പോളിസി എടുക്കുന്നതെങ്കിൽ ഒരു ക്ലെയിം ഉണ്ടായാൽ നല്ലൊരു തുക പോക്കറ്റിൽ നിന്ന് നൽകേണ്ടി വരും.   

∙ ഒരു കുടുംബത്തിന് ഒന്നാകെയാണെങ്കിൽ ഫാമിലി ഫ്‌ളോട്ടർ പോളിസിയാണ് ഉചിതം.

∙ ഉയർന്ന തുകയ്ക്ക് കവറേജ് കിട്ടാൻ ടോപ് അപ് പോളിസികൾ എടുക്കാം. അതു വഴി പ്രീമിയത്തിൽ വലിയ ലാഭം നേടാം. 

∙ ജോലിയിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്നവർ റിട്ടയർമെന്റിന് നാലു വർഷം മുൻപേ സ്വന്തം പോളിസി എടുക്കുക. അങ്ങനെ ചെയ്താൽ റിട്ടയർ ചെയ്യുമ്പോൾ തന്നെ നിലവിലുളള രോഗങ്ങൾക്ക് അടക്കം ആജീവനാന്ത കവറേജ്  ഉറപ്പാക്കാം.  

∙ ഇൻഷുർ ചെയ്യുമ്പോൾ നൽകുന്ന വ്യക്തിഗത വിവരങ്ങൾ ശരിയായിരിക്കണം. 

∙ നിലവിലുള്ള അസുഖങ്ങൾ പ്രൊപ്പോസൽ ഫോമിൽ വ്യക്തമാക്കണം. 

∙ ശരിയായ മെഡിക്കൽ പരിശോധന നടത്തിയിട്ടുണ്ടാവണം. 

∙ പോളിസികൾ കൃത്യമായ തീയതിയിൽ പുതുക്കിയിരിക്കണം.

∙ ഹെൽത്ത് കാർഡ് കയ്യിൽ കിട്ടിയെന്ന് ഉറപ്പുവരുത്തണം. 

∙ഏറ്റവും അടുത്തുളള ആശുപത്രികൾ ലിസ്റ്റിൽ ഉണ്ടോ എന്ന് ഉറപ്പാക്കണം.  

∙കോ പേമെന്റ്, സബ് ലിമിറ്റ് മറ്റു നിബന്ധനകൾ എന്നിവ ഉണ്ടോ എന്നു പരിശോധിച്ചറിയണം. 

∙പോളിസി ഭാവിയിൽ മറ്റുകമ്പനികളിലേക്ക് മാറ്റാൻ തടസമുളളതാണോയെന്നു പരിശോധിക്കുന്നത് നന്ന്.  

വ്യക്തിഗത ഇൻഷുറൻസ്

അപകട ഇൻഷുറൻസും ആവശ്യമായ ടേം കവറേജും ആണ് വ്യക്തിഗത പോളിസിയിൽ അനിവാര്യമായി വേണ്ടത്. ഇവിടെ വരുമാനമുളള രക്ഷിതാക്കളെയാണ് പ്രധാനമായും കവർ ചെയ്യുക. അവർക്ക് സ്വാഭാവികമരണം, അപകട മരണം, അംഗവൈകല്യം എന്നിവ ഉണ്ടായാൽ കുടുംബത്തിന്റെ വരുമാനം നിലച്ചു പോവുന്ന അവസ്ഥ ഉണ്ടാവരുത്. 

∙ ജോലി, വിവാഹം, വായ്പ എന്നിവയ്ക്ക് ഉദ്ദേശിക്കുന്നവർ ഉടനെ ടേം കവറേജും ഒപ്പം കുറഞ്ഞ ചിലവിൽ അപകട ഇൻഷുറൻസും എടുത്തിരിക്കണം.

∙ ആരോഗ്യമുളള ഒരാളിന് ചെറുപ്രായത്തിൽ ടേം ഇൻഷുറൻസിനു കുറഞ്ഞ പ്രീമിയം മതി. പ്രതിമാസ വരുമാനത്തിന്റെ 150 ഇരട്ടി തുക വരെ ഇൻഷുർ ചെയ്യാനായി തിരഞ്ഞെടുക്കാം. കൂടിയ തുകയ്ക്ക് ഇൻഷുർ ചെയ്യുമ്പോൾ മെഡിക്കൽ പരിശോധന വേണ്ടി വരും. 

∙പ്രൊപ്പോസൽ ഫോമിൽ നോമിനി ആരെന്ന് കൃത്യവും വ്യക്തവുമായി രേഖപ്പെടുത്തിയിരിക്കണം.

∙നമ്മുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വേണം ഇൻഷുർ ചെയ്യേണ്ടത്. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവകാശിക്ക് പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുണ്ടെങ്കിൽ അതിനുള്ള പോളിസി വേണം. 

∙ മാറാരോഗങ്ങൾ, അപകടങ്ങൾ എന്നിവയെല്ലാം ഇൻഷുർ ചെയ്യാൻ അവസരമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA