ADVERTISEMENT

 ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് തുടങ്ങി ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളെ പഴക്കം ചെന്ന  നിബന്ധനകളില്‍ നിന്നും കാലഹരണപ്പെട്ട പ്രവര്‍ത്തന രീതികളില്‍ നിന്നും മോചിപ്പിക്കുന്നതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ കളമൊരുക്കുന്നു. ഏറ്റവും പുതിയ പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുത്തി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വികസിപ്പിക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനും സൗകര്യമൊരുക്കുന്ന റെഗുലേറ്ററി സാന്‍ഡ് ബോക്‌സ് സമീപനം വലിയ വിജയമാകുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന 33 ഓളം നവപോളിസികള്‍ ഈ സമീപനത്തിന്റെ ഭാഗമായി ഐആര്‍ഡിഎഐ അംഗീകാരം നല്‍കിയിട്ടുണ്ട്.

കൊറോണ പോളിസി

ഒരു ഇന്‍-ടെക് കമ്പനി തങ്ങളുടെ വെബ്‌സൈറ്റില്‍ കൊറോണ വൈറസ് ബാധയ്ക്ക് പരിരക്ഷ നല്‍കുന്നതിന് ഓണ്‍ലൈന്‍ കൊറോണ ഹെല്‍ത്ത് കെയര്‍ പോളിസികള്‍ ലഭ്യമാക്കുന്നു. ഐആര്‍ഡിഎഐ അംഗീകരിച്ച പോളിസി സാധാരണ ഹെല്‍ത്ത് കെയര്‍ പോളിസികളില്‍ നിന്ന് വിഭിന്നമാണ്. പരമ്പരാഗത മെഡിക്കല്‍ പോളിസികള്‍, ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കുമ്പോള്‍ കൊറോണ പോളിസി സര്‍ക്കാര്‍ ഐസൊലേഷനില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് സംഅഷ്വേര്‍ഡിന്റെ പകുതി തുക നേരിട്ട് നല്‍കുന്നു. കൂടാതെ വൈറസ് ബാധ പോസിറ്റീവാണെന്ന് ടെസ്റ്റ് റിസള്‍ട്ട് കിട്ടിയാല്‍ സംഅഷ്വേര്‍ഡ് പൂര്‍ണ്ണമായും ലഭ്യമാക്കും. പോളിസി എടുക്കുന്നതിനും ക്ലെയിം ഉയര്‍ത്തുന്നതിനും പണം നല്‍കുന്നതിനും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സൗകര്യവുമുണ്ട്. അസുഖം പരക്കുന്ന രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ പാടില്ല. അവിടെ നിന്ന് വന്നവരില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് രോഗമുണ്ടായാല്‍ തുടങ്ങിയ നിബന്ധനകള്‍ കടുകട്ടിയുമാണ്.

ഓടുമ്പോള്‍ മാത്രം പ്രിമീയം

മോട്ടോര്‍ വാഹന പോളിസികളില്‍ ഓണ്‍ ഡാമേജ് പ്രീമിയം കാറിന്റെ വിലയനുസരിച്ച് ഒരേ തോതില്‍ തന്നെ പ്രിമീയം ഈടാക്കുകയാണ്. പുതുതായി ഇറക്കിയിരിക്കുന്ന നവ പോളിസികളില്‍ ഒരു വര്‍ഷം വാഹനം എത്ര കിലോ മീറ്റര്‍ ഓടുമെന്ന് പ്രതീക്ഷിക്കുന്നുവോ അതനുസരിച്ച് പ്രിമീയം തുക വ്യത്യാസപ്പെട്ടിരിക്കും. കൂടുതല്‍ ഓടുന്നവയ്ക്ക് കൂടുതല്‍ പ്രിമീയം. മാത്രമല്ല, വാഹനത്തിന് എന്തെങ്കിലും നാശനഷ്ടം സംഭവിച്ച് ക്ലെയിം ചെയ്യേണ്ടി വന്നാല്‍ ആഴ്ചകളോളം എടുക്കുന്ന അവസ്ഥ മാറുന്നതിന് നിര്‍മ്മിത ബുദ്ധിയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഉപയോഗപ്പെടുത്തുന്ന പോളിസികളും വന്നിട്ടുണ്ട്. ഓഡോ മീറ്ററില്‍ കാണിക്കുന്ന ഓടിയ ദൂരം ടെലിമാറ്റിക്‌സും ജിഐഎസ് കണക്ടിവിറ്റിയും ഉപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിരീക്ഷിക്കാനുമാകും.

ആരോഗ്യമുള്ളവര്‍ക്ക് കുറഞ്ഞ പ്രിമീയം

നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍ കൂടി ഉയര്‍ന്ന പ്രിമീയം നല്‍കേണ്ടുന്ന അവസ്ഥയാണ്. നവപോളിസികളില്‍ ഉടമയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് വ്യത്യാസപ്പെടുന്ന പ്രിമീയമാണ് ഈടാക്കുക. അസുഖങ്ങളൊന്നും ഇല്ലാത്തവര്‍ കുറഞ്ഞ അടിസ്ഥാന പ്രിമീയം മാത്രം നല്‍കിയാല്‍ മതിയാകും. ആഴ്ചകളോ മാസങ്ങളോ മാത്രം ദൈര്‍ഘ്യമുള്ള താത്കാലിക പോളിസികള്‍, കുറഞ്ഞ പ്രിമീയം മാത്രം നല്‍കേണ്ടുന്ന കുഞ്ഞന്‍ പോളിസികള്‍ എന്നിവയൊക്കെ ലഭ്യമാണ്. തുച്ഛമായ പ്രിമീയം നല്‍കി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പോളിസികളും യാഥാര്‍ത്ഥ്യമായിരിക്കുന്നു.

ഇന്‍-ടെക് കമ്പനികള്‍

ഏറ്റവും പുതിയ വിവര സാങ്കേതിക വിദ്യയും നിര്‍മ്മിത ബുദ്ധി, മെഷിന്‍ ലേണിംഗ്, ബ്ലോക് ചെയിന്‍ തുടങ്ങിയ സങ്കേതങ്ങളും പൂര്‍ണ്ണമായും വിനിയോഗിച്ച് നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് കമ്പനികളാണ് ഇന്‍ടെക് കമ്പനികള്‍. ബ്രാഞ്ച് ഓഫീസുകള്‍ക്കും ഏജന്റന്‍മാര്‍ക്കും സര്‍വ്വേയര്‍മാര്‍ക്കും ബദലായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ കാര്യക്ഷമമായും ഫലപ്രദമായും ഉപയോഗിക്കുന്നതിലൂടെ ക്ലെയിം നടപടികള്‍ സുഗമവും ജനസൗഹൃദവുമാകുന്നു. ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ഭൂരിഭാഗവും ഡിജിറ്റൈസ് ചെയ്ത് ഇന്‍ഷുറന്‍സ് സേവനം കൂടുതല്‍ വ്യാപകവുമാകും. നൂതന ഇന്‍ഷുറന്‍സ് കമ്പനികളും നിലവിലുള്ള കമ്പനികള്‍ രൂപമാറ്റത്തിലൂടെയും ഇന്‍-ടെക് ആയി മാറുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com