ആരോഗ്യ സഞ്ജീവനി പോളിസി ഏപ്രില്‍ ഒന്നു മുതല്‍, നേട്ടങ്ങളിങ്ങനെയാണ്

HIGHLIGHTS
  • പോളിസിയുടമയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന പോളിസിയാണിത്
health insurance
SHARE

ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലേക്ക് പരമാവധി ആളുകളെ ഉള്‍പ്പെടുത്തുവാനുതകുന്ന അടിസ്ഥാന പോളിസിയായ ആരോഗ്യ സഞ്ജീവനി ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഇന്‍ഷൂറന്‍സ് എടുക്കുന്നയാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന പോളിസിയായിരിക്കും ആരോഗ്യ സഞ്ജീവനി. ചുരുങ്ങിയ ചെലവില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഈ പോളിസിയുടെ കവറേജ് എന്നതിനാല്‍ ഇടത്തട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുമിത്. നിലവില്‍ വിവിധ കമ്പനികള്‍ നല്‍കുന്ന വൈവിധ്യമാര്‍ന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളിലെ അവ്യക്തത ക്ലെയിം സെറ്റില്‍മെന്റ് അടക്കമുളള കാര്യങ്ങളില്‍ പിന്നീട് ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. പലപ്പോഴും അടിസ്ഥാന കവറേജുകള്‍ എല്ലാം ഉള്‍പ്പെടുന്ന തരത്തിലായിരിക്കുകയുമില്ല ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളതും. 

പോളിസികള്‍ക്ക് ഒരേ സ്വഭാവം

നിലവില്‍  ഒരോ പോളിസിയും വ്യത്യസ്തമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വര്‍ധിച്ച തോതിലുള്ള ആശയകുഴപ്പമുണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി എല്ലാ കമ്പനികളുടെയും അടിസ്ഥാന പോളിസികള്‍ക്ക് ഒരേ പേരും സ്വഭാവവുമായിരിക്കണമെന്ന് നിശ്ചയിച്ചത്. അതിന്റെ ഭാഗമായി 'ആരോഗ്യ സഞ്ജീവനി പോളിസി' എന്ന പൊതു നാമത്തോടൊപ്പം കമ്പനികളുടെ പേരും ചേര്‍ത്ത് അടിസ്ഥാന പോളിസികള്‍ വിതരണം ചെയ്യാം. ഇതോടെ ഗ്രാമീണ മേഖലകളുടെയും ഇടത്തരക്കാരായ ആളുകളെയും ഇന്‍ഷൂറന്‍സ് പ്രാതിനിധ്യം ഉയരുമെന്ന് കരുതുന്നു.  പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ ഒന്നിന് പോളിസികള്‍ നിലവില്‍ വരും. 

സം ഇന്‍ഷ്വേര്‍ഡ്

ചുരുങ്ങിയ സം ഇന്‍ഷ്വേര്‍ഡ് ഒരു ലക്ഷം രൂപയാണ്. പരമാവധി അഞ്ച് ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. വ്യക്തിഗത ഇന്‍ഷുറന്‍സാണെങ്കില്‍ ഒരോ വ്യക്തിയ്ക്കും ഈ കവറേജ് ലഭിക്കും. അതല്ല ഫ്‌ളോട്ടര്‍ പ്ലാനാണെങ്കില്‍ കുടുംബത്തിന് മൊത്തമായിട്ടായിരിക്കും കവറേജ്.

ആര്‍ക്കൊക്കെ അംഗങ്ങളാകാം

18 നും 65 നും ഇടയിലുള്ളവര്‍ക്ക് ഇതില്‍ അംഗമാകാം. നിയമപരമായി വിവാഹിതരായ ദമ്പതിമാർ, മാതാപിതാക്കള്‍ ഭാര്യ/ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, കുട്ടികള്‍ എന്നിങ്ങനെയുള്ള കുടുംബാംഗങ്ങള്‍ക്കും പോളിസിയുടെ ഭാഗമാകാം. മൂന്ന് മുതല്‍ 25 വയസുവരെയുള്ള ആശ്രിതരായ മക്കള്‍ക്കാണ് അംഗമാകാനവസരം. 18 വയസ് കഴിഞ്ഞ സ്വന്തമായി വരുമാനമുള്ളവരാണെങ്കില്‍ അശ്രിത പരിഗണന ലഭിക്കില്ല.

ഒരേ പ്രീമിയം

ഒരു വര്‍ഷമാണ് പോളിസി കാലവധി. പ്രീമിയം വാര്‍ഷികമായോ മൂന്നു മാസ, ആറുമാസത്തവണകളായോ അടയ്ക്കാം.അടിസ്ഥാന പോളിസിയായതിനാല്‍ ഇതിലെ പ്രീമിയം നിരക്ക് അഖിലേന്ത്യാ തലത്തില്‍ ഒന്നു തന്നെയായിരിക്കും. അടിസ്ഥാന പോളിസികളിലെ കവറേജുകള്‍ ഇതിനും ബാധകമാണ്. കൂടാതെ സർവസാധാരണമായ തിമിര സര്‍ജറിയ്ക്ക് ഒരു കണ്ണിന് സം ഇന്‍ഷ്വേര്‍ഡിന്റെ 25 ശതമാനം വരെ കവറേജ് ലഭിക്കും. ഇത് പരമാവധി 40000 രൂപ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. രോഗം മൂലമോ അപകടം മൂലമോ ദന്ത ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി ഇവ ഇതിന്റെ പരിധിയില്‍ വരും. 30 ദിവസത്തെ പ്രീ ഹോസ്പിറ്റലൈസേഷന്‍ കവറേജും രണ്ട് മാസത്തെ പോസ്റ്റ്് ഹോസ്പിറ്റലൈസേഷന്‍ കവറേജും ഈ പോളിസിയില്‍ ലഭ്യമാണ്. 

ക്ലെയിമില്ലെങ്കില്‍ കവറേജ് കൂടും

ക്ലെയിം അവകാശപ്പെടാത്ത വര്‍ഷങ്ങളില്‍ സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ശതമാനം വര്‍ധിക്കും. എന്നാല്‍ കൃത്യമായ പോളിസി അടയ്ക്കുന്നവര്‍ക്കേ ഈ ആനുകുല്യം ലഭിക്കൂ. വര്‍ധനയ്ക്ക്  സം അഷ്വേര്‍ഡ് തുകയുടെ 50 ശതമാനം വരെ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികളും ഈ പോളിസികളുടെ വില്പന ആരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA