ADVERTISEMENT

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമൂലം ഐസൊലേഷനില്‍ കഴിയേണ്ടിവരികയും ആശുപത്രികളില്‍ കിടത്തി ചികിത്സ വേണ്ടിവരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പരിരക്ഷ നല്‍കുന്നതിന് മെഡിക്കല്‍ പോളിസികളുടെ സഹായം തേടേണ്ടി വരുന്നത് സ്വാഭാവികം. ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് മൂന്നുചോദ്യങ്ങളാണ് ഉയരുന്നത്. ഇപ്പോഴുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ കൊറോണ വൈറസ് ബാധയും കവര്‍ ചെയ്യപ്പെടുമോ എന്നതാണ് ആദ്യ ചോദ്യം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്ലാത്തവര്‍ക്ക് കൊറോണ ബാധയ്ക്ക് പരിരക്ഷ ലഭിക്കുന്ന പോളിസികള്‍ എടുക്കാനാകുമോ എന്ന് ചോദിക്കുന്ന ഒരു കൂട്ടരുമുണ്ട്. ഐസൊലേഷനില്‍ വീട്ടിലിരിപ്പും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും കൊറോണയുടെ പ്രത്യേകതകളായതിനാല്‍ ആരോഗ്യ പോളിസികള്‍ തന്നെ പര്യാപ്തമാകുമോ എന്ന സംശയമുള്ളവരുമുണ്ട്.

പൊതുജനാരോഗ്യ പ്രശ്നം

കൊറോണ വൈറസ് ബാധ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. രോഗം ബാധിച്ചവരെയും രോഗം സംശയിക്കുന്നവരെയും അസുഖം ഭേദമാക്കുന്നതുള്‍പ്പെടെ കാത്തുരക്ഷിക്കുന്നത് ലോകമെമ്പാടും സര്‍ക്കാരുകളുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. ജീവന്‍ രക്ഷാ സേവനങ്ങള്‍ ഉള്‍പ്പെടെ ചികിത്സാ ചെലവുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസില്ലാതെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിര്‍വഹിക്കപ്പെടുകയാണ്. സാമൂഹിക വിപത്തെന്ന രീതിയില്‍ പടരുന്നത് തടയാനായാല്‍ ചികിത്സകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അടിയന്തര സഹായങ്ങള്‍ മാറുകയും ആരോഗ്യ പോളിസികളില്‍ ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടിയും വരും. മാത്രമല്ല, രോഗബാധയുടെ ആദ്യ മാസങ്ങളില്‍ ഡിജിറ്റ് തുടങ്ങിയ ഫിന്‍ടെക് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉത്സാഹപൂര്‍വം പുറത്തിറക്കിയ നവ ഇന്‍ഷുറന്‍സ് പോളിസികള്‍ രോഗം ലോകത്താകമാനമായി പടര്‍ന്നപ്പോള്‍ അപ്രത്യക്ഷമായി. പുതുതായി കൊറോണയ്ക്കുവേണ്ടി മാത്രമെന്ന പേരില്‍ ഇറക്കിയ പോളിസികളുടെയും നിബന്ധനകള്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ കര്‍ക്കശവുമാക്കി. പൊതുവെ പറഞ്ഞാല്‍ വൈറസിന് ജനിതക മാറ്റം വരുന്നതിലും വേഗത്തില്‍ കൊറോണ പോളിസികളിലും മാറ്റങ്ങള്‍ വന്നു.


കര്‍ശന നിര്‍ദ്ദേശം


നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഒരു പകര്‍ച്ചവ്യാധി എന്ന നിലയില്‍ കൊറോണ രോഗ ചികിത്സകളും കവര്‍ ചെയ്യപ്പെടുന്നു. എന്നാല്‍ ആശുപത്രിയില്‍ കിടത്തേണ്ടി വരുന്ന അവസ്ഥയില്‍ മാത്രമേ ചികിത്സാ ചെലവുകള്‍ പോളിസികളിലൂടെ ക്ലെയിം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലോകാരോഗ്യ സംഘടനയും  സര്‍‍ക്കാരുകളും മഹാമാരിയായി കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതോടെ ചില കമ്പനികളെങ്കിലും ക്ലെയിം നിരസിക്കാന്‍ സാധ്യത ഉയര്‍ന്നു. മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതും അനിയന്ത്രിതവുമായ അസുഖമായതിനാല്‍ കൊറൊണയെ ഒഴിവാക്കാന്‍ പോളിസികളില്‍ നിബന്ധനകളുണ്ട്. നിലവിലുള്ള എല്ലാ ആരോഗ്യ പോളിസികളിലും കൊറോണ ബാധയെ തുടര്‍ന്നുണ്ടാകുന്ന ക്ലെയിമുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി നല്‍കിയിരിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിയിട്ടുണ്ട്.

55 വയസ്സ് കഴിഞ്ഞവർക്കില്ല

കൊറോണ രോഗത്തിനു വേണ്ടി മാത്രമായി ഡിജിറ്റ് ഉള്‍പ്പെടെ സ്റ്റാര്‍ ഹെല്‍ത്ത്, ഐ.സി.ഐ.സി.ഐ.ലൊംബാര്‍ഡ് തുടങ്ങിയ കമ്പനികള്‍ പ്രത്യേക കൊറോണ പോളിസികള്‍ നല്‍കുന്നുണ്ട്. പരമാവധി പരിരക്ഷ രണ്ടുലക്ഷം രൂപ വരെയായി പരിമിതപ്പെടുത്തിയിരിക്കുന്നു. അസുഖം മൂര്‍ച്ഛിച്ച് വെന്റിലേറ്റര്‍ ചികിത്സയും മറ്റും വേണ്ടിവന്നാല്‍ പരിരക്ഷാതുക തികയില്ല. മിക്ക കൊറോണ പോളിസികളിലും 60 വയസ്സ് കഴിഞ്ഞവരെ ഉള്‍പ്പെടുത്തുന്നില്ല.

ഫോണ്‍ പെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ 156 രൂപയുടെ പ്രീമിയത്തില്‍ 50,000 രൂപയുടെ പരിരക്ഷ നല്‍കുന്ന കൊറോണ പോളിസി നല്‍കി തുടങ്ങിയിട്ടുണ്ട്. പക്ഷെ, സാധാരണ നിലയില്‍ രോഗം വഷളാകാന്‍ സാധ്യതയുള്ള 55 വയസ്സ് കഴിഞ്ഞവരെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു.

ഫാമിലി ഫ്ളോട്ടര്‍

വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് കൂടി രോഗം പകരാനുള്ള സാധ്യത ഉയര്‍ന്നിരിക്കുന്നു. ഫാമിലി ഫ്ളോട്ടര്‍ പോളിസികള്‍ ഉണ്ടെങ്കില്‍ മാത്രമേ കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാവര്‍ക്കുമായി പരിരക്ഷ ഉറപ്പാക്കാനാകൂ. എല്ലാ കമ്പനികളും നല്‍കുന്ന ആരോഗ്യ സഞ്ജീവനി പോളിസി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ഫാമിലി ഫ്ളോട്ടര്‍ പോളിസികളായതിനാല്‍ കൊറോണ ബാധയുണ്ടായാല്‍ പരിരക്ഷ ഉറപ്പാക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com