ADVERTISEMENT

കൊറോണ (കോവിഡ്-19) വ്യാപനത്തിനിടയിലും ഇന്ത്യയില്‍ ഒരാള്‍ക്ക് നടത്താവുന്ന ഏറ്റവും നിര്‍ണായക നിക്ഷേപം ആരോഗ്യ ഇന്‍ഷുറന്‍സ് തന്നെയാണ്. ലോക് ഡൗൺ വേളയിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നത് സൂചിപ്പിക്കുന്നതും ഇതാണ്.എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളെ കുറിച്ച് നിങ്ങൾക്ക് എന്തെല്ലാമറിയാം?
ആരോഗ്യ ഇന്‍ഷുറന്‍സിൽ നിങ്ങള്‍ നല്‍കുന്ന പ്രീമിയം എല്ലാവര്‍ക്കും ഒരു പോലെയല്ല. ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രീമിയം നിശ്ചയിക്കുന്നത്. അത് എന്തെല്ലാമെന്ന് അറിഞ്ഞിരിരുന്നാൽ പ്രീമിയം തുകയില്‍ കുറവു വരുത്താനാകും.
ഉയര്‍ന്ന പ്രീമിയം അടയ്ക്കേണ്ടി വരുന്ന ഘടകങ്ങൾ ഇവയാണ്:

1. പ്രായം, ലിംഗം

മിക്ക ഇന്‍ഷുറന്‍സ് പ്രീമിയവും പ്രായമനുസരിച്ച് ഉയരും. ചെറുപ്പമായിരിക്കുമ്പോഴാണ് ഇന്‍ഷുര്‍ ചെയ്യാനുള്ള ഏറ്റവും മികച്ച സമയം. 40 വയസിന് മുകളിലുള്ളവരില്‍ നിന്നും ഉയര്‍ന്ന പ്രീമിയം ഈടാക്കും. പ്രായം കൂടൂമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഇന്‍ഷുറന്‍സ് ക്ലെയിമിനുള്ള റിസ്‌ക് കൂടുന്നതാണ് ഇതിനു കാരണം.ആണ്‍,പെൺ വ്യത്യാസവും പ്രീമിയത്തില്‍ മാറ്റം വരുത്തും. സ്ത്രീകള്‍ പൊതുവെ 19നും 55നും ഇടയില്‍ മെഡിക്കല്‍ പരിചരണം ആവശ്യമായി വരുന്നവരാണ്. പുരുഷന്മാരാകട്ടെ കൂടുതല്‍ അപകട സാധ്യതയുള്ളവരാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കുമ്പോള്‍ ഈ ഘടകങ്ങള്‍ പരിഗണിക്കുന്നു.

2. വിവിധ തരം പോളിസികള്‍

എടുക്കുന്ന പോളിസി അനുസരിച്ചിരിക്കും പ്രീമിയവും. കുടുംബത്തിനു മൊത്തമായും, വ്യക്തിഗതമായും ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ നൽകുന്നവയുമുണ്ട് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ ഗുരുതര രോഗത്തിനുള്ള ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ ഏതെങ്കിലും രോഗത്തെ അടിസ്ഥാനമാക്കിയുള്ള പ്ലാന്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രീമിയത്തില്‍ മാറ്റം വരാം.
ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും മോശമായ ആരോഗ്യ പ്രശ്‌നങ്ങളുടെ ചരിത്രമുണ്ടെങ്കില്‍ വ്യക്തിഗത ഇന്‍ഷുറന്‍സ് എടുക്കാന്‍ ഉപദേശം ലഭിക്കും.
നിങ്ങള്‍ തെരഞ്ഞെടുക്കുന്ന പോളിസിക്കനുസരിച്ച് പ്രീമിയത്തില്‍ മാറ്റം വരും. ഉദാഹരണത്തിന്, അഞ്ചു വ്യത്യസ്ത തരത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭ്യമാണെങ്കില്‍ ഓരോന്നിന്റെയും ഇന്‍ഷുറന്‍സ് തുകയിലും നേട്ടങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. കൂടുതല്‍ നേട്ടങ്ങളുള്ള പ്ലാന്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രീമീയവും ഉയരും.

3. നിലവിലുള്ള രോഗങ്ങള്‍ക്ക്

നിലവില്‍ രോഗങ്ങളുള്ള വ്യക്തികള്‍, മറ്റുള്ളവരേക്കാള്‍ ക്ലെയിം അവകാശപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ അവര്‍ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും. പല ഇന്‍ഷുറന്‍സ് കമ്പനികളും പോളിസി ഉടമകളോട് നിലവിലെ രോഗങ്ങള്‍ക്ക് ഒരു കാത്തിരിപ്പ് കാലാവധി ആവശ്യപ്പെടാറുണ്ട്. എന്നാലും അധിക പ്രീമിയം വാങ്ങും.

4. കുടുംബ ആരോഗ്യ ചരിത്രം

ആരോഗ്യ ഇന്‍ഷുറന്‍സ്ദാതാക്കള്‍ പ്രീമിയം കണക്കാക്കുമ്പോള്‍ പ്രധാനമായും പരിശോധിക്കുന്ന ഘടകമാണ് കുടുംബത്തിന്റെ മെഡിക്കല്‍ ചരിത്രം.  കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം, ഹൃദ്‌രോഗം, കാന്‍സര്‍, തൈറോയിഡ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കില്‍ നിങ്ങൾക്കും സാധ്യതയേറും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും മോശം മെഡിക്കല്‍ ചരിത്രം ഉണ്ടെങ്കില്‍ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടിവരും.

5. ജീവിതശൈലി

സ്ഥിരമായ പുകവലി, മദ്യപാനം തുടങ്ങിയവ ഉണ്ടെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തെ ബാധിക്കും. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇക്കൂട്ടര്‍ക്ക് പോളിസി നിഷേധിക്കാറുണ്ട്. മറ്റുള്ളവര്‍ ഇതിന് ഉയര്‍ന്ന പ്രീമിയം ആവശ്യപ്പെടുന്നു.

health

 

6. പ്രദേശം

പ്രീമിയം നിശ്ചയിക്കുന്നതിന് പോളിസി എടുക്കുന്നയാള്‍താമസിക്കുന്ന സ്ഥലവും പരിഗണിക്കാറുണ്ട്. കാലാവസ്ഥ, ആരോഗ്യകരമായ ഭക്ഷണം, വൃത്തി, മെഡിക്കല്‍ ചെലവ്, സാനിറ്റൈസേഷന്‍, വ്യായാമ സംസ്‌കാരം തുടങ്ങിയവയ്‌ക്കെല്ലാം വ്യക്തിയുടെ ആരോഗ്യ സ്ഥിതിയില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. ഇതനുസരിച്ച് ഓരോരുത്തരുടെയും പ്രീമിയത്തില്‍ മാറ്റങ്ങളുണ്ടാകും.

7. ഓണ്‍ലൈന്‍ പ്രീമിയം കണക്കാക്കല്‍

മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തെ ബാധിക്കുന്നവയാണ്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനിന്റെ പ്രീമിയത്തെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഓണ്‍ലൈനില്‍ ഏതെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ഇത് മനസിലാക്കാം.പ്രീമിയം കണക്കാക്കി തീരുമാനമെടുത്താല്‍ ചെലവ് താങ്ങാനാകും. ഇന്‍ഷുറന്‍സ് ദേഖോപോലുള്ള വെബ്‌സൈറ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കാല്‍ക്കുലേറ്റര്‍ ലഭ്യമാണ്.  

8. ഇന്‍ഷ്വര്‍ ചെയ്യുന്ന തുക

ഇന്‍ഷുറന്‍സ് തുക കൂടുന്നത് അനുസരിച്ച് പ്രീമിയത്തിലും വര്‍ധനയുണ്ടാകും. എന്നാല്‍ കുറഞ്ഞ പ്രീമിയം നോക്കി ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലത്. ഭാവിയിലെ ആരോഗ്യ സംരക്ഷണ ചെലവ് പരിഗണിച്ച് വേണം ഇന്‍ഷുറന്‍സ് തുക തീരുമാനിക്കാന്‍.

9. ആഡ്-ഓണ്‍ കവറുകള്‍

കവറേജിന്റെ പരിധി പ്രീമിയം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. പ്രസവം, പ്രസവാനന്തര പരിചരണ ചെലവുകള്‍, ഔട്ട്-പേഷ്യന്റ് ചെലവുകള്‍, വ്യക്തിഗത അപകട ചെലവുകള്‍ തുടങ്ങിയവയൊന്നും സാധാരണ ഗതിയില്‍ ഇന്‍ഷുറന്‍സ് പ്ലാനിന്റെ കവറേജില്‍ ഉള്‍പ്പെടുത്താറില്ല. ആഡ്-ഓണുകളിലൂടെ ഇതെല്ലാം കവര്‍ ചെയ്യാം.
അധിക സവിശേഷതകൾ ടോപ്പ്-അപ്പിലൂടെ വാങ്ങാവുന്നതാണ് ആഡ്-ഓണുകള്‍. ആഡ്-ഓണുകള്‍ക്കുള്ള പ്രീമിയം വളരെ കുറവാണ്, പോക്കറ്റിനെ അധികം ബാധിക്കുകയുമില്ല. എന്നാല്‍ നേട്ടങ്ങള്‍ക്ക് പരിമിതികളുണ്ട്. വാങ്ങും മുമ്പ് മുന്നറിയിപ്പുകള്‍ മനസിലാക്കുകയും വേണം. ഇവ കൂടുതല്‍ കവറേജ് എന്ന വ്യാജേന അധിക നേട്ടങ്ങളേക്കാള്‍ അധിക പ്രീമിയത്തിനാണ് വഴിയൊരുക്കുന്നത്.

10. കുടുംബ വലിപ്പം

ഒറ്റ തുകയില്‍ ഒന്നിലധികം അംഗങ്ങളെ കവര്‍ ചെയ്യുന്നതാണ് കുടുംബത്തെ അടിസ്ഥാനമാക്കിയുളള പോളിസി. സാധാരണ ഗതിയില്‍ കുടുംബ ഇന്‍ഷുറന്‍സില്‍ രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളും ഉള്‍പ്പെടും. ചില കമ്പനികള്‍ രണ്ട് കുട്ടികളും 4–6 മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി കവറേജ് നല്‍കാറുണ്ട്. രണ്ടു പേര്‍ ഉള്‍പ്പെട്ട ചെറിയ കുടുംബത്തിന്റെ പ്രീമിയം ആറംഗ കുടുംബത്തിന്റേതിനേക്കാള്‍ കുറവായിരിക്കും.

11. ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ)

ശരീര ഭാര സൂചിക അല്ലെങ്കില്‍ ബിഎംഐ മുതിര്‍ന്ന പുരുഷന്റെ അല്ലെങ്കില്‍ സ്ത്രീയുടെ ഉയരവും ഭാരവും നോക്കി ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കണക്കാക്കുന്നതാണ്. ബിഎംഐ നോക്കി വ്യക്തിയ്ക്ക് അമിത വണ്ണമുണ്ടോ അല്ലെങ്കില്‍ ഭാരക്കുറവുണ്ടോയെന്ന് മനസിലാക്കാം. ഉയര്‍ന്ന ബിഎംഐ ഉള്ള ആളുകള്‍ക്ക് ഹൃദ്‌രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്
അതുകൊണ്ട് ഉയര്‍ന്ന ബിഎംഐ ഉള്ളവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയവും ഉയര്‍ന്നതായിരിക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 11 ഘടകങ്ങള്‍ ഇതൊക്കെയാണ്.

ലേഖകൻ ഇൻഷുറൻസ് ദേഖോയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com