ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുന്നയാൾക്കുമുണ്ട് അവകാശങ്ങള്‍

HIGHLIGHTS
  • പോളിസിയുടമയെന്ന അവകാശങ്ങളെ കുറിച്ച് ബോധവാനാകുക
health-insu
SHARE

നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാനുദ്ദേശിക്കുന്നുവോ? എങ്കില്‍ പോളിസിയുടമയെന്ന നിലയില്‍ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് കൃത്യമായി അറിയണം. അതേ കുറിച്ചാണ് ഇവിടെ പറയുന്നത്:

അന്വേഷിക്കാനുള്ള അവകാശം

ഗ്രേസ് കാലാവധി, ഫ്രീ ലുക്ക് കാലാവധി, ക്ലെയിം തീർപ്പാക്കാനെടുക്കുന്ന സമയം തുടങ്ങിയ കാര്യങ്ങള്‍, സ്‌കീമിന്റെ സവിശേഷതകൾ, പോളിസിയുടെ മറ്റ് വ്യവസ്ഥകൾ എന്നിവയെല്ലാം നിങ്ങള്‍ക്ക് ചോദിക്കാം. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി വികസന അതോറിറ്റിയുടെ (ഐആര്‍ഡിഎഐ) മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനി ഉപഭോക്താവിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കണം. പോളിസിക്കു കീഴിലുള്ള എല്ലാ സവിശേഷതകളെയും വിവരങ്ങളെയും കുറിച്ച് അറിവുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ഷുറന്‍സ് കമ്പനി ഉപഭോക്താവിന് നല്‍കണം. അത്തരം വിവരങ്ങൾ തീരുമാനമെടുക്കാൻ സഹായിക്കുകയും പോളിസി യോജിച്ചതാണോ അല്ലയോ എന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.

പ്രീമിയത്തിനുള്ള അവകാശം

പ്രീമിയം നിശ്ചയിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികളാണ്. എന്നാല്‍ തോന്നിയ പ്രീമിയം ഉറപ്പിക്കാമെന്ന് ഇതിന് അര്‍ത്ഥമില്ല. ഐആര്‍ഡിഎഐയുടെ നിർദേശം അനുസരിച്ചായിരിക്കണം പ്രീമിയം നിശ്ചയിക്കേണ്ടത്.
ഇന്‍ഷുറന്‍സ് കമ്പനി നിങ്ങളില്‍ നിന്നും അധിക പ്രീമിയം വാങ്ങുന്നില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും? പ്രീമിയം കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ ഓഫീസില്‍ നിന്നും ലഭ്യമാക്കുകയോ ചെയ്യാം.
പ്രീമിയം വര്‍ധിപ്പിക്കുന്നത് സാധാരണ ഗതിയില്‍ പോളിസി പുതുക്കുന്ന സമയത്താണ്. അതും, പ്രായം, മുന്‍ വര്‍ഷത്തെ ക്ലെയിം, കമ്പനിയുടെ പ്രീമിയം ചാര്‍ട്ട് പുതുക്കല്‍ എന്നിങ്ങനെ മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.

∙പ്രായം അടിസ്ഥാനമാക്കിയാണ് പ്രീമിയം വര്‍ധിപ്പിച്ചിരിക്കുന്നതെങ്കില്‍: നിങ്ങളുടെ പ്രായത്തെ അടിസ്ഥാനമാക്കിയാണ് പ്രീമിയം ചാര്‍ട്ട് പുതുക്കിയിരിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് കമ്പനി പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രീമിയം ചാര്‍ട്ട് ഉപയോഗിച്ചത് പരിശോധിക്കാം.
∙മുന്‍ വര്‍ഷത്തെ ക്ലെയിം അടിസ്ഥാനമാക്കിയാണ് പ്രീമിയം വര്‍ധനയെങ്കില്‍: നിങ്ങളുടെ മുന്‍ വര്‍ഷത്തെ ക്ലെയിം അടിസ്ഥാനമാക്കിയാണ് പ്രീമിയം വര്‍ധിപ്പിച്ചിരിക്കുന്നതെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള ക്ലെയിം ലോഡിങ് ഘടനയില്‍ നിന്നും അത് പരിശോധിക്കാം.
∙ചാര്‍ട്ട് പുതുക്കലിന്റെ ഭാഗമായാണ് പ്രീമിയം വര്‍ധനയെങ്കില്‍: ആരോഗ്യ സംരക്ഷണ രംഗത്തെ പണപ്പെരുപ്പം അല്ലെങ്കില്‍ വലിയ ക്ലെയിമുകളുടെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം നിരക്കും ലോഡിങ് നയവും പുതുക്കാം. പക്ഷെ ഇത്  ഐആര്‍ഡിഎഐ അംഗീകാരം നേടിയായിരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ഐആര്‍ഡിഎഐ പുതിയ പ്രീമിയം ചാര്‍ട്ട് അനുവദിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.
∙പോളിസി ഉടമ നൽകിയ വിവരങ്ങള്‍ വ്യാജമാണെങ്കിൽ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പോളിസി പുതുക്കാതിരിക്കാനും റദ്ദാക്കാനുംകഴിയും. എന്നാൽ മുന്‍ വര്‍ഷത്തെ ക്ലെയിം കാരണം പോളിസി പുതുക്കല്‍ നിഷേധിക്കാനും റദ്ദാക്കാനും ഒരു ഇന്‍ഷുറന്‍സ് കമ്പനിക്കും സാധിക്കില്ല.

ഡ്യൂപ്ലിക്കേറ്റ് പോളിസി ബോണ്ട് നേടാനുള്ള അവകാശം

നിങ്ങളുടെ പോളിസി ബോണ്ട് നഷ്ടപ്പെട്ടാലും ഡ്യൂപ്ലിക്കേറ്റ് കോപ്പി ലഭിക്കും. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. കമ്പനി തന്നെ ഡ്യൂപ്ലിക്കേറ്റ് നല്‍കും. ഒറിജിനല്‍ ബോണ്ടിന്റെ അതേ അവകാശങ്ങള്‍ ഇതിനുമുണ്ടാകും.

പോളിസി അവസാനിപ്പിക്കാനുള്ള അവകാശം

പ്ലാനിൽ തൃപ്തിയില്ലെങ്കില്‍ അല്ലെങ്കില്‍ പോളിസി എടുത്ത ശേഷം ഉപാധികളിലും നിബന്ധനകളിലും വിയോജിപ്പുണ്ടെങ്കില്‍ പോളിസി ഡോക്യുമെന്റ് എടുത്ത തീയതി മുതല്‍ 15 ദിവസം വരെ അത് റദ്ദാക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. റദ്ദാക്കുന്നതിനുള്ള കാരണം വ്യക്തമാക്കണം എന്ന് മാത്രം. ഫ്രീലുക്ക് പീരിയഡ് എന്നാണിതിന് പറയുന്നത്. നിങ്ങള്‍ അടച്ച പ്രീമിയം തുക കമ്പനി തിരിച്ചു നല്‍കും. മെഡിക്കല്‍ പരിശോധനയ്ക്കും സ്റ്റാമ്പ് ഡ്യൂട്ടിക്കുമായി ചെലവായ തുക കുറയ്ക്കും.

ക്ലെയിം പലിശയ്ക്കുള്ള അവകാശം

കാഷ്‌ലെസ് ക്ലെയിമുകളാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അപ്പോള്‍ തന്നെ തീര്‍പ്പാക്കും. റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകളാണ് പൊതുവെ വൈകുന്നത്. ക്ലെയിം ഡോക്യുമെന്റ്, മെഡിക്കല്‍ ബില്ലുകള്‍, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവയെല്ലാം 14-30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി നിങ്ങളോട് ആവശ്യപ്പെടും. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ആശുപത്രി വിവരങ്ങള്‍ ഏഴു ദിവസത്തിനകം സമര്‍പ്പിക്കാനും ആവശ്യപ്പെടാറുണ്ട്. അവര്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ സമര്‍പ്പിക്കുകയും ഔപചാരികമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും കമ്പനി നിങ്ങളുടെ റീഇംബേഴ്‌സ്‌മെന്റ് വൈകിപ്പിച്ചാല്‍ 30 ദിവസത്തിനകം നിങ്ങള്‍ക്ക് പലിശ അവകാശപ്പെടാം.

പോര്‍ട്ട് ചെയ്യുന്നതിനുള്ള അവകാശം

നിങ്ങളുടെ പോളിസികള്‍ മാറാനുള്ള (പോര്‍ട്ട് ചെയ്യാനുള്ള) അവകാശവും ഐആര്‍ഡിഎഐ നല്‍കുന്നുണ്ട്. നിലവിലെ ഇന്‍ഷുറന്‍സ് കമ്പനിയുടെ സേവനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ മറ്റൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് നിങ്ങളുടെ പോളിസി 'പോര്‍ട്ട്' ചെയ്യാം. പോര്‍ട്ട് ചെയ്താലും എല്ലാ നേട്ടങ്ങളും ലഭ്യമാകും.

ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ പരാതി നല്‍കാനുള്ള അവകാശം

പോളിസി നടപടി ക്രമങ്ങളില്‍ എന്തെങ്കിലും കുഴപ്പം കണ്ടാല്‍ അല്ലെങ്കില്‍ അനാവശ്യ പ്രീമിയം ഈടാക്കിയാല്‍ അല്ലെങ്കില്‍ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും നിബന്ധനകള്‍ എല്ലാം പാലിച്ചിട്ടും ക്ലെയിം നിഷേധിച്ചാല്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ പരാതി നല്‍കുവാന്‍ അവകാശമുണ്ട്. മൂന്നു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് പരാതിയില്‍ രേഖാമൂലം മറുപടി നല്‍കാനും ഇന്‍ഷുറന്‍സ് കമ്പനി ബാധ്യസ്ഥമാണ്.രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഐആര്‍ഡിഎഐയെ സമീപിക്കാം.www.igms.irda.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ഓഫീസുമായി ബന്ധപ്പെട്ടും പരാതി നല്‍കാം. എന്നിട്ടും പരിഹാരമായില്ലെങ്കില്‍ ഉപഭോക്തൃ കോടതിയെയോ സമീപിക്കാം.


ഇൻഷുറൻസ് ദേഖോയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA