ADVERTISEMENT

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള സാമൂഹ്യ സുരക്ഷ പദ്ധതിയായ പ്രധാന മന്ത്രി വയ വന്ദന യോജന അഥവ പിഎംവിവിവൈ മൂന്ന് വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്ര മന്ത്രി സഭ അനുമതി നല്‍കി. 2023 മാര്‍ച്ച് 31 വരെ പദ്ധതിക്ക്  സാധുത ഉണ്ടായിരിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയുടെ വാര്‍ഷിക പലിശ നിരക്ക് 7.4 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം  8 ശതമാനം ആയിരുന്നു പലിശ നിരക്ക്. പദ്ധതിയുടെ പലിശ നിരക്ക് സര്‍ക്കാര്‍ ഓരോ വര്‍ഷവും പുതുക്കും. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ 1 മുതല്‍ ആണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
60 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പത്ത് വര്‍ഷത്തേക്ക് നിശ്ചിത പ്രതിമാസ പെന്‍ഷന്‍  ഉറപ്പ് നല്‍കാനായി 2017 ലാണ് പ്രധാനമന്ത്രി വയ വന്ദന യോജന പദ്ധതി തുടങ്ങിയത്. 2018 -19 കേന്ദ്ര ബജറ്റില്‍ പദ്ധതി 2020 മാര്‍ച്ച് വരെ നീട്ടുകയും നിക്ഷേപ പരിധി ഇരട്ടിയാക്കുകയും ചെയ്തു.

യോഗ്യത

പദ്ധതിയില്‍ അംഗങ്ങളാകാനുള്ള കുറഞ്ഞ പ്രായ പരിധി 60 വയസ്സാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല.നിക്ഷേപ കാലാവധി 10 വര്‍ഷം ആണ്. മാസം കുറഞ്ഞത് 1000 രൂപ മുതല്‍ പരമാവധി  10,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. നിക്ഷേപിക്കുന്ന തുക അടിസ്ഥാനമാക്കിയായിരിക്കും ലഭ്യമാകുന്ന പെന്‍ഷന്‍ തുക.  പദ്ധതിയില്‍ അംഗമാകുമ്പോള്‍ നിശ്ചിത തുകയുടെ  ഒറ്റത്തവണ നിക്ഷേപമാണ് നടത്തേണ്ടത്. പെന്‍ഷന്‍ ലഭിക്കുന്നതിന് പ്രതി മാസം, ത്രൈ മാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ വിവിധ  കാലയളവുകള്‍  ആവശ്യാനുസരണം തിരഞ്ഞെടുക്കാം. പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.  2020-2021 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് 7.4 ശതമാനം  ആണ് .

നിക്ഷേപം നടത്തുന്നത് എങ്ങനെ?
 
എല്‍ഐസി വഴി ഓണ്‍ലൈനായും അല്ലാതെയും പദ്ധതിയില്‍ അംഗമാകാം. എല്‍ഐസിയുടെ ബ്രാഞ്ച് സന്ദര്‍ശിച്ചും എല്‍ഐസിയുടെ വെബ്‌സൈറ്റിലൂടെയും പെന്‍ഷന്‍ സ്‌കീം വാങ്ങാം. മറ്റ് പെന്‍ഷന്‍ പദ്ധതികള്‍ പോലെ മെഡിക്കല്‍ പരിശോധന ആവശ്യമില്ല. പിഎംവിവിവൈയില്‍ അംഗമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്.

വായ്പ

പദ്ധതിയില്‍ അംഗമായി മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ വായ്പ ലഭിക്കും. നിക്ഷേപത്തിന്റെ 75 % വരെ വായ്പയായി ലഭിക്കും .

നികുതി

പിഎംവിവിവൈയിലെ നിക്ഷേപത്തിന് നികുതി ഇളവുകള്‍ ലഭ്യമാകില്ല. പലിശ വരുമാനം നികുതി ബാധകമായിരിക്കും.
അതേസമയം പദ്ധതിയ്ക്ക് ജിഎസ്ടി ബാധകമാകില്ല.

കാലാവധി പൂര്‍ത്തിയാകുമ്പോള്‍

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുകയും അവസാന പെന്‍ഷന്‍ തുകയും ഒരുമിച്ച് നല്‍കും. കാലാവധി പൂര്‍ത്തിയാകും മുമ്പ് നിക്ഷേപകന്‍  മരിച്ചാല്‍ നിക്ഷേപ തുക  നോമിനിക്ക്  ലഭിക്കും. കാലാവധി പൂര്‍ത്തിയാകും മുമ്പ് ചികിത്സാ ആവശ്യങ്ങള്‍ക്കായി പദ്ധതിയില്‍ നിന്നും പിന്മാറാം. നിക്ഷേപത്തുകയുടെ 98 ശതമാനം പിന്‍വലിക്കാന്‍ അനുവദിക്കും. പോളിസി ഉടമയ്ക്ക് പോളിസി വാങ്ങി കഴിഞ്ഞ് മടക്കി നല്‍കാനുള്ള അവസരവും ഉണ്ട്. പോളിസി വാങ്ങി 15 ദിവസത്തിനകം മടക്കി നല്‍കാം. ഓണ്‍ലൈനായാണ് വാങ്ങുന്നതെങ്കില്‍ മടക്കി നല്‍കാന്‍ 30 ദിവസം വരെ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com