ADVERTISEMENT

എല്‍ ഐ സി ഓഫീസുകള്‍ അടഞ്ഞ് കിടക്കുന്നതുകൊണ്ടോ, അങ്ങോട്ടെത്തിപ്പെടാന്‍ വാഹന സൗകര്യമില്ലാത്തതുകൊണ്ടോ ക്ലെയിം കിട്ടാതെ വിഷമിക്കുകയാണോ നിങ്ങള്‍? എങ്കില്‍ പ്രശ്‌നത്തിന് പരിഹാരമാകുന്നു. എല്‍ ഐ സിയും ഓണ്‍ലൈനില്‍ ക്ലെയിം സെറ്റില്‍മെന്റ് ഡോക്യുമെന്റുകള്‍ സ്വീകരിച്ചു തുടങ്ങി. കോവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ പോളിസി ഉടമകള്‍ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ഓണ്‍ലൈന്‍ വഴി ഇതിനുള്ള ഡോക്യുമെന്റുകള്‍ സ്വീകരിക്കാനുള്ള അവസരം നല്‍കുന്നത്. മാര്‍ച്ച് മുതല്‍ രണ്ട് മാസത്തോളം എല്‍ ഐ സി ഓഫീസുകള്‍ അടഞ്ഞ് കിടന്നതും പിന്നീട് ഭാഗീകമായി തുറന്നതുമെല്ലാം കാലാവധിയെത്തിയ ക്ലെയിം സെറ്റില്‍മെന്റിനടക്കം വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

എങ്ങനെയാണ് രേഖകള്‍ നല്‍കേണ്ടത്

ഇപ്പോഴും ഭൂരിഭാഗം ഓഫീസുകളും പൂര്‍ണമായി പ്രവര്‍ത്തിക്കുന്നില്ല. ഇതിനിടയിലാണ് യാത്ര സൗകര്യത്തിന്റെ അഭാവം. ഇതെല്ലാം കണക്കിലെടുത്താണ് ഇ മെയില്‍ വഴി ക്ലെയിം ഡോക്യുമെന്റ് അയച്ചാല്‍ മതിയെന്ന് എല്‍ ഐ സി വ്യക്തമാക്കിയത്. ഇങ്ങനെ കാലാവധിയെത്തിയ പോളിസികളുടെ  സ്‌കാന്‍ ചെയ്ത രേഖകളും മറ്റും ജൂണ്‍ 30 വരെ സര്‍വീസിങ് ശാഖയിലേക്ക് അയക്കാമെന്ന് വെബ്‌സൈറ്റില്‍ കമ്പനി വ്യക്തമാക്കുന്നു. claims.bo<branch code>@licindia.com എന്ന മെയിലിലേക്ക് ആണ് രേഖകള്‍ സ്‌കാന്‍ ചെയ്ത് അയക്കേണ്ടത്. ബ്രാഞ്ച് കോഡ് എന്നാല്‍ എവിടെ നിന്നാണോ പോളിസി എടുത്തത് ആ ശാഖയുടെ കോഡാണ് ചേര്‍ക്കേണ്ടത്. രേഖകള്‍ ജെ പി ജി അല്ലെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ആണ് അയക്കേണ്ടത്. ഒരോ ഡോക്യുമെന്റിന്റെയും ഫയല്‍ സൈസ് പരമാവധി അഞ്ച് എം ബി ആയിരിക്കണം. അതില്‍ കൂടുതലാണെങ്കില്‍ ഒന്നിലധികം മെയിലില്‍ രേഖകള്‍ അറ്റാച്ച് ചെയ്യാം. ഈ മെയില്‍ ഐ ഡി ക്ലെയിം സെറ്റില്‍മെന്റിന് വേണ്ടി മാത്രമായതിനാല്‍ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഓണ്‍ലൈന്‍ വഴിയുള്ള ക്ലെയിം സെറ്റില്‍മെന്റുകള്‍ക്ക് ചില നിബന്ധനകളുമുണ്ട്. നിലവില്‍ പോളിസികള്‍ ലൈവ് ആയിരിക്കണം. പോളിസി എടുത്ത അതേ ബ്രാഞ്ചില്‍ നിന്ന് തന്നെയായിരിക്കണം തുടര്‍ന്നുള്ള സേവനങ്ങളും. പോളിസിയില്‍ ലോണ്‍ ബാലന്‍സ് പാടില്ല. തുക പരമാവധി അഞ്ച് ലക്ഷത്തിനകത്തായിരിക്കണം. ഡ്യൂപ്ലിക്കേറ്റ് പോളിസി ഇഷ്യൂ ചെയ്തിട്ടുള്ള കേസുകളിലും ഓണ്‍ലൈന്‍ ഡോക്യുമെന്റേഷന്‍ സാധ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com