ADVERTISEMENT

ആശുപത്രികളില്‍ പോകാതെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഓണ്‍ലൈനില്‍ വാങ്ങുന്ന രോഗികള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരുമോ? ഏറെ നാളായി നിലനില്‍ക്കുന്ന ഈ ചോദ്യത്തിന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പരിഹാരം കാണുന്നു. ഇനി മുതല്‍ ടെലിമെഡിസിനും ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വരും. രാജ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനികളോട് ടെലിമെഡിസിനെയും ഉള്‍പ്പെടുത്തി പോളിസി പാക്കേജ് തയ്യാറാക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു.

ഡോക്ടറെ കാണാനാവുന്നില്ല

വൈറസ് ബാധയെ തുടര്‍ന്ന് ക്വാറന്റീന്‍ അവസ്ഥയിലുള്ള രോഗികള്‍ക്ക് ഡോക്ടറുടെ സേവനം പലപ്പോഴും ലഭിക്കാറില്ല. ചില ആശുപത്രികള്‍ ഓണ്‍ലൈന്‍ സേവനങ്ങളോ, ടെലിഫോണിലൂടെയുള്ള സേവനങ്ങളോ നല്‍കുന്നുണ്ട്. ക്വാറന്റീന്‍ അവസ്ഥയില്‍ അല്ലാത്ത സാധാരണ രോഗികള്‍ക്ക് പോലും ഇപ്പോള്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്ത അവസ്ഥയാണ്.  ഇത് കണക്കിലെടുത്ത് റജിസ്‌ട്രേഡ് ഡോക്ടര്‍മാര്‍ക്കുള്ള ടെലി മെഡിസിന്‍ സേവന നിര്‍ദേശങ്ങള്‍ മാര്‍ച്ച് 25 ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇതിനെ ഇന്‍ഷൂറന്‍സ് പരിധിയിലാക്കുന്നത്. പരിരക്ഷ ലഭിക്കുന്നതോടെ ഇത്തരം ചികിത്സകള്‍ കൂടുതല്‍ വ്യാപിക്കുന്നതിനും ഫലപ്രദമാക്കുന്നതിനും സാധിക്കും.

എന്താണ് ടെലി മെഡിസിന്‍

മികച്ച ആരോഗ്യസേവനം രോഗികള്‍ക്ക് നല്‍കുന്നതിന് ദൂരം വലിയ വെല്ലുവിളിയാണ്. രോഗനിര്‍ണയം, ചികിത്സ, രോഗവ്യാപനം തടയല്‍, പരിക്കുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അറിവുകള്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പങ്കുവയ്ക്കുന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യ പരിരക്ഷയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതായിരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ടെലിമെഡിസിന്‍ സേവനങ്ങള്‍ ഐ ആര്‍ ഡി എ ഐ നിര്‍ദേശത്തോടെ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ കീഴില്‍ വരും. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളെ തടയുന്നതനും ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോള്‍ ഈ നിര്‍ദേശം.

അതിവിദഗ്ധരുടെ സേവനം

സാധാരണ നിലയില്‍ ഡോക്ടറുടെ അടുത്ത് പോയി സേവനം വാങ്ങുകയാണ് രോഗികള്‍ ചെയ്യുന്നത്. എന്നാല്‍ വലിയ തിരക്കുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ പലപ്പോഴും നേരിട്ട് ലഭിക്കുക ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് പല അസുഖങ്ങള്‍ക്കും ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ പ്രഗത്ഭ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത കേസുകളില്‍. അത്യപൂര്‍വ്വവും എന്നാല്‍ ഗുരുതരവുമായ രോഗികള്‍ക്ക് ഇത്തരം ഡോക്ടര്‍മാരെ നേരിട്ട് ലഭിക്കുക പ്രയാസമാണ്. ഇതു കൂടാതെയാണ് വിദേശങ്ങളിലും മറ്റും പോയി നേരിട്ട് ചികിത്സ എടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഭാരിച്ച ചെലവുകള്‍. ഇതിന് ഒരു പരിധി വരെ സഹായകരമാകുന്നതാണ് ഐ ആര്‍ ഡി എ ഐ യുടെ പുതിയ നടപടി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടിയെങ്കിലും ഭാവിയില്‍ എല്ലാത്തരം ടെലിമെഡിസിന്‍ സേവനങ്ങളും ഇതിന്റെ പരിധിയില്‍ വന്നു കൂടായ്കയില്ല.

English Summery:Tele Medicine Coming Under Insurance Coverage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com