ADVERTISEMENT

മികച്ച ഡ്രൈവിംഗ് ശീലത്തിനനുസരിച്ച് പ്രീമിയം തുകയില്‍ കുറവ് നല്‍കുന്ന വിധത്തില്‍ ടെലിമാറ്റിക് ആപ്പ് അധിഷ്ഠിത മോട്ടോര്‍ ഇന്‍ഷൂറന്‍സ് പോളിസിയുമായി ടാടാ എ ഐ ജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി. വാഹനത്തില്‍ ഘടിപ്പിക്കുന്ന ഓട്ടോ സേഫ് എന്ന ഉപകരണത്തിന്റെയും  ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്പിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മികച്ച ഡ്രൈവിംഗ് ശീലമുളളവര്‍ക്കും കുറഞ്ഞ കിലോമീറ്റര്‍ ഓടുന്ന വാഹനങ്ങള്‍ക്കും പ്രീമിയം തുകയില്‍ ഈ പോളിസിയില്‍ ഇളവുണ്ടാകും.

ഡ്രൈവിങാണ് കര്യം

നിലവിലുളള പോളിസികള്‍ക്ക് വ്യത്യസ്തമായി പുതിയ പോളിസിയില്‍ വാഹനത്തെയും ഡ്രൈവിംഗ് ശീലത്തെയും ഓടിയ ദൂരത്തേയും നിരീക്ഷിച്ച് ഓരോ വാഹനത്തിനും പ്രത്യേകമായ പ്രീമിയം തുകയായിരിക്കും ചുമത്തുക. അതുകൊണ്ട് ഓട്ടം കുറവുള്ള വാഹനങ്ങള്‍ക്കും മികച്ച ഡ്രൈവിംഗ് തുടരുന്നവയ്ക്കും താരതമ്യേന കുറഞ്ഞ പ്രീമിയം നല്‍കിയാല്‍ മതിയാകും. ഇവിടെ വാഹനത്തില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് ഡ്രൈവര്‍/ ഉടമയ്ക്ക് പോയിന്റുകള്‍ അനുവദിക്കുന്നു. മികച്ച പോയിന്റന് അര്‍ഹതയുളളവര്‍ക്ക് കിലോമീറ്റര്‍ ബോണസ് അനുവദിക്കും.

വാഹനത്തിന്റെ മൂല്യത്തില്‍ കാര്യമില്ല

നിലവില്‍ മോട്ടോര്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍ ഐ ഡി വി (ഇന്‍ഷ്വേര്‍ഡ് ഡിക്ലയേര്‍ഡ് വാല്യൂ- വാഹനത്തിന്റെ മോഡല്‍, മേക്ക്, എഞ്ചിന്‍ ശേഷി, ഭൂമിശാസ്ത്രപരമായ പ്രത്യേകത) കണക്കാക്കിയാണ് പ്രീമിയം നിശ്ചയിക്കുന്നത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ വാഹന ഉപയോഗം, പോളിസികാലത്ത് ഓടിയ ദൂരം, ഡ്രൈവിംഗ് ഹാബിറ്റ് എന്നിവയാവും പരിഗണിക്കപ്പെടുക. ഇവിടെ കാറിന്റെ മോഡല്‍, മേക്ക് എന്നിവയെക്കാളും ഡ്രൈവിംഗ് ഹാബിറ്റാണ് പ്രീമിയം തുകയ്ക്ക് പരിഗണിക്കപ്പെടുക. മികച്ച ഡ്രൈവറാണെങ്കില്‍, കുറഞ്ഞ ദൂരമാണ് സഞ്ചരിക്കുന്നതെങ്കില്‍, പ്രീമിയം അതിനനുസരിച്ച് കുറയും.
കാറില്‍ ടെലിമാറ്റിക് ഉപകരണം
ഈ പോളിസി സജീവമാകുന്നതോടെ ടെലിമാറ്റിക് ഉപകരണവും കാറില്‍ ഘടിപ്പിക്കും. പിന്നീട് പോളിസി കാലം മുഴുവന്‍ ഇത് കാറില്‍ നിന്ന് മാറ്റാനാവില്ല. ജി പി എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ ഉപകരണത്തിലൂടെ വാഹനത്തിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറും.
ഓരോ പോളിസി കാലത്തും ഓടിക്കാന്‍ സാധ്യതയുള്ള കിലോമീറ്റര്‍ (2500 മുതല്‍ 20000 വരെ) മുന്‍കൂര്‍ വ്യക്തമാക്കണം. പിന്നീട് ആവശ്യമെങ്കില്‍ ഇത് കൂട്ടാനാവും.കൂടാതെ കടും ബ്രേക്കിംഗ്, അക്‌സിലറേഷന്‍ രീതി, അപകടകരമായ ഡ്രൈവിംഗ് സ്വഭാവം ഇതെല്ലാം ഉപകരണം തിരിച്ചറിഞ്ഞ് അപ്പപ്പോള്‍ റിപ്പോര്‍ട്ടുകളായി അയയ്ക്കും.
ഉപയോഗമില്ലാതെ പോര്‍ച്ചില്‍ വിശ്രമിക്കുന്ന വാഹനങ്ങള്‍ക്ക് അതിന്റെ മോഡലും മേക്കും അനുസരിച്ച് വെറുതെ പ്രീമിയം അടയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. മാത്രമല്ല ഉപയോഗമില്ലെന്ന കാരണത്താല്‍ പലരും ഇത്തരം വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പുതുക്കാന്‍ ശുഷ്‌കാന്തി കാണിച്ചിരുന്നുമില്ല. ഇത് അപകടങ്ങളും മറ്റും വരുത്തി വയ്ക്കുകയും വലിയ ബാധ്യത ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് ഉപയോഗത്തിനനുസരണമായി പ്രീമിയം വരുന്ന പോളിസി കമ്പനികള്‍ രുപപെടുത്തിയത്.

English Summery: Premium for Less Running Vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com