ADVERTISEMENT

നഷ്ടം വന്നാല്‍ ക്ലെയിം ചെയ്യാനാണല്ലോ ഇന്‍ഷൂറന്‍സ്? അതു കൊണ്ടു തന്നെ മൊബൈല്‍ ഇന്‍ഷൂറന്‍സും ക്ലെയിം ചെയ്യാനുള്ളതല്ലേ? ഹാന്‍ഡ്‌സെറ്റിന് എന്തെങ്കിലും സംഭവിച്ച് ക്ലെയിം ചെയ്യാന്‍ പോകുന്ന പലരുടേയും മനസില്‍ ഇങ്ങനെയൊരു ചോദ്യം ഉയരാറുണ്ട്. അതേക്കുറിച്ച് ചിന്തിക്കും മുന്‍പ് മറ്റൊരു ചോദ്യം ചോദിക്കാം. നിങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് എന്തൊക്കെ സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് കിട്ടും? ഇതിനു കൃത്യമായ മറുപടി നല്‍കാന്‍ പലര്‍ക്കും സാധിക്കില്ല എന്നതാണു വസ്തുത. മൊബൈല്‍ വാങ്ങിയപ്പോള്‍ ഇന്‍ഷൂറന്‍സ് എടുത്ത മിക്കവാറും പേര്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളതെന്ന കാര്യത്തിൽ അറിവുണ്ടാകില്ല.

മൊബൈല്‍ ഷോറൂമിലുള്ളവര്‍ പറയുന്നതല്ല കാര്യം

ഏത് ഇന്‍ഷൂറന്‍സായാലും അതിന് കൃത്യമായ നിബന്ധനകളും വ്യവസ്ഥകളുമുണ്ടാകും. അത് പോളിസി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ടാകും. ഏതൊക്കെ ഇനങ്ങളിലുള്ള നാശനഷ്ടങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാകുക എന്നതാണ് ഇതില്‍ പ്രാഥമികമായി വ്യക്തമാക്കുക. അങ്ങനെ വ്യക്തമാക്കിയിട്ടുള്ള ഇനങ്ങള്‍ക്കു മാത്രമേ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളു. അടുത്തിടെ കൊച്ചിയിലെ മൊബൈല്‍ വിപണന കേന്ദ്രത്തിലെത്തിയ ഉപഭോക്താവിനോട് സെയില്‍സ്മാന്‍ ഇന്‍ഷൂറന്‍സിനെ കുറിച്ചു പറയുന്നതു കേട്ടു - 'രണ്ടു വിധം മൊബൈല്‍ ഇന്‍ഷൂറന്‍സുണ്ട്. ഇതില്‍  ആദ്യത്തേതിന് മോഷണം ഒഴികെ എല്ലാത്തിനും ഇന്‍ഷൂറന്‍സ് ലഭിക്കും. നിങ്ങള്‍ ദേഷ്യം കയറി മൊബൈല്‍ വലിച്ചെറിഞ്ഞു പൊട്ടിച്ചാല്‍ പോലും ഇന്‍ഷൂറന്‍സ് ലഭിക്കും' -ഇങ്ങനെ പോയി സെയില്‍സ്മാന്റെ വാചക കസര്‍ത്ത്. നഷ്ടം സംഭവിക്കുമെന്ന ബോധ്യമുള്ള ഒരു പ്രവര്‍ത്തി മൂലം ഉണ്ടാകുന്ന നാശത്തിന്  പരിരക്ഷ ലഭിക്കില്ല എന്നത് ഇന്‍ഷൂറന്‍സിന്റെ അടിസ്ഥാന തത്വമാണല്ലോ. ഈ സെയില്‍സ്മാന്‍ സൂചിപ്പിച്ച പോളിസിയില്‍ മൊബൈലില്‍ എന്തെങ്കിലും ദ്രാവകങ്ങള്‍ വീണോ മലിനീകരണം മൂലമോ കേടുപാടു സംഭവിച്ചാല്‍ പോലും ഇന്‍ഷൂറന്‍സ് തുക ലഭിക്കില്ല എന്നതാണ് വസ്തുത. പിന്നല്ലേ വലിച്ചെറിഞ്ഞു പൊട്ടിക്കുന്ന മൊബൈലിന് ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. പോളിസിയിലെ വ്യവസ്ഥയാണ് പ്രധാനം, അല്ലാതെ സെയില്‍സ്മാന്റെ വാചക കസര്‍ത്തല്ല എന്നോര്‍ക്കണം.

നിബന്ധനകളും വ്യവസ്ഥകളും വായിച്ചു നോക്കണം

മറ്റേത് ഇന്‍ഷൂറന്‍സിലുമെന്നതു പോലെ മൊബൈല്‍ ഇന്‍ഷൂറന്‍സിലും പോളിസി എടുത്തു കഴിഞ്ഞാല്‍ അതു വായിച്ചു നോക്കിയാല്‍ പിന്നീടു കാര്യങ്ങള്‍ എളുപ്പമാകും. അല്ലെങ്കില്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ക്കായി ക്ലെയിം ഫോം പൂരിപ്പിക്കുകയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുമെല്ലാം ചെയ്ത് നമ്മുടെ നഷ്ടം വര്‍ധിപ്പിക്കാം എന്നേയുള്ളു. ഇവിടെ പലപ്പോഴും വില്ലനാകുന്ന ഒന്നുണ്ട്. മൊബൈല്‍ ഹാന്‍ഡ് സെറ്റിന്റെ ഇന്‍ഷൂറന്‍സ് പ്രീമിയം വാങ്ങുന്നതില്‍ കാണിക്കുന്ന താല്‍പ്പര്യം പല കച്ചവടക്കാരും പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കാട്ടാറില്ല.

പേരും മറ്റു വിവരങ്ങളും പരിശോധിക്കണം

പോളിസി രേഖകള്‍ ലഭിച്ചാല്‍ നിങ്ങളുടെ പേരും മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്റെ ഐഎംഇഐ, മോഡല്‍ തുടങ്ങിയ വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു നോക്കണം. ഇനി പോളിസി രേഖകള്‍ ലഭിച്ചിട്ടില്ലെങ്കില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ ക്ലെയിം ചെയ്യാനായി മൊബൈല്‍ വാങ്ങിയ കടയില്‍ ബന്ധപ്പെടുമ്പോള്‍ അവര്‍ വിവരങ്ങള്‍ ഇമെയില്‍ ചെയ്തു തരും. അതിലെ വിവരങ്ങള്‍ കൃത്യമാണോ എന്നു പരിശോധിക്കണം. അതു കൃത്യമാണെങ്കില്‍ മാത്രം തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ക്ലെയിം ലഭിക്കാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലാത്തതിനാല്‍ വെറുതെ സമയം കളയാമെന്നേയുള്ളു. വലിയ തുകയല്ലാത്തതിനാല്‍ സാധാരണ നിലയില്‍ കേസിനോ മറ്റു നടപടികള്‍ക്കോ പോകുന്നതും പ്രായോഗികമായി നഷ്ടമായിരിക്കുമല്ലോ. എന്തായാലും മികച്ച സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ അല്‍പം പ്രൊഫഷണലായ രീതികള്‍ കൈക്കൊള്ളുന്നതിനാല്‍ തെറ്റുകള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.

ക്ലെയിം ചെയ്യുമ്പോഴും ശ്രദ്ധിക്കാനുണ്ട്  

ഇന്‍ഷൂറന്‍സ് ഉള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന് എന്തെങ്കിലും നാശനഷ്ടം ഉണ്ടായാല്‍ ഉടന്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കുക എന്നതാണ് ആദ്യ നടപടി. 24 മണിക്കൂറിനകം അറിയിക്കണം എന്നതാണ് പൊതുവേയുള്ള നിബന്ധന. ഓരോ പോളിസിയിലും ഇതു വ്യത്യസ്തമായിരിക്കും എന്നതിനാല്‍ പരമാവധി വേഗത്തില്‍ അറിയിക്കുന്നതാവും നല്ലത്. ഇതിനായുള്ള ഏജന്‍സിയുടെ ഫോണിലോ വെബ്‌സൈറ്റിലോ അറിയിക്കുകയാണു വേണ്ടത്. ഈ വിവരങ്ങള്‍ സാധാരണയായി മൊബൈല്‍ വാങ്ങിയ സ്ഥാപനത്തില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കും. ഇങ്ങനെ അറിയിക്കാനായി വിളിക്കുമ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ച് അവര്‍ ചോദിക്കും.

ഭാഷ പ്രശ്‌നമാകരുത്

സംഭവിച്ച നാശനഷ്ടത്തെക്കുറിച്ച് അറിയിക്കാനും ക്ലെയിം രജിസ്റ്റര്‍ ചെയ്യാനുമായി വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്ന ടെലി എക്‌സിക്യൂട്ടീവിന്റെ ഭാഷ പലപ്പോഴും നമുക്കു മനസിലാകില്ല. നാം നല്‍കുന്ന വിവരണം അവര്‍ മറ്റൊരു രീതിയില്‍ മനസിലാക്കുകയും അങ്ങനെയല്ലേ എന്നു ചോദിക്കുകയുമൊക്കെ ചെയ്യും. ഇത് എത്ര തവണ ആവര്‍ത്തിക്കേണ്ടി വന്നാലും നാം പറയാനുള്ളത് തന്നെ കൃത്യമായി പറഞ്ഞ് അവരെക്കൊണ്ട് തിരിച്ചു പറയിക്കുക എന്നതായിരിക്കണം രീതി. അല്ലെങ്കില്‍ ടെലി എക്‌സിക്യൂട്ടീവ് രേഖപ്പെടുത്തുന്ന പ്രാഥമിക വിവരവും നാം പിന്നീട് രേഖാമൂലം നല്‍കുന്ന വിവരവും തമ്മില്‍ പൊരുത്തക്കേടുണ്ട് എന്ന പേരില്‍ ക്ലെയിം നിരസിക്കപ്പെട്ടേക്കും.

സത്യസന്ധതയ്ക്ക് വിലയുണ്ട്

എന്താണു സംഭവിച്ചതെന്നു കൃത്യമായി ഇന്‍ഷൂറന്‍സ് സ്ഥാപനത്തെ അറിയിക്കുന്നതാണ് വേണ്ടത്. അര്‍ഹതയുള്ളതാണെങ്കില്‍ ക്ലെയിം ലഭിക്കുമല്ലോ. തെറ്റായ രീതിയില്‍ വിവരങ്ങള്‍ നല്‍കാന്‍ ചില കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരെങ്കിലും ഉപദേശിക്കാറുണ്ട്. ഇത്തരം പ്രലോഭനങ്ങളില്‍ വീഴാതിരിക്കണം.

രേഖകള്‍ അയച്ചു കൊടുക്കുന്നത് വലിയ തലവേദന

പല മൊബൈല്‍ ഇന്‍ഷൂറന്‍സുകളും ക്ലെയിം ചെയ്യുമ്പോള്‍ ഫോണ്‍ വാങ്ങിയതിന്റെ ഒറിജിനല്‍ ബില്‍ അടക്കമുള്ള രേഖകള്‍ ഹാര്‍ഡ് കോപിയായി അയച്ചു കൊടുക്കണമെന്ന പഴഞ്ചന്‍ നിബന്ധനയാണ്  ഈ ഡിജിറ്റല്‍ യുഗത്തിലുമുള്ളത്. നാം താമസിക്കുന്ന പട്ടണത്തില്‍ തന്നെ ഓഫിസുള്ള ഇന്‍ഷൂറന്‍സ് സ്ഥാപനമായിരുന്നു എങ്കില്‍ ഇക്കാര്യം കുറച്ചു കൂടി എളുപ്പത്തില്‍ ചെയ്യാമായിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ ഓഫീസുകളിലേക്ക് ഇവയൊക്കെ അയച്ചു കൊടുക്കുകയാണ് പലപ്പോഴും വേണ്ടി വരിക. ഓണ്‍ലൈനായി ക്ലെയിം വിവരങ്ങള്‍ നല്‍കിയതിന്റെ പ്രിന്റൗട്ട്, ബാങ്ക് മാന്‍ഡേറ്റ് ഫോം തുടങ്ങിയവയൊക്കെ ഇങ്ങനെ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുന്ന സ്ഥാപനങ്ങളുണ്ട്. ഇവ ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഊഹിക്കാമല്ലോ. ഇനി ബുദ്ധിമുട്ടെല്ലാം സഹിച്ച് ഇവ അയച്ചു കൊടുത്താലും സ്ഥാപനത്തില്‍ എത്താതെ നഷ്ടമായാല്‍ പിന്നെ ക്ലെയിം ലഭിക്കുക പ്രായോഗികവുമല്ല. സാധാരണ നിലയില്‍ തന്നെ ഏറെ ബുദ്ധിമുട്ടായ ഇക്കാര്യങ്ങള്‍ കോവിഡ് കാലത്ത് വലിയ തലവേദനയാകും സൃഷ്ടിക്കുക.

അംഗീകൃത സര്‍വീസ് കേന്ദ്രത്തില്‍ മാത്രം ഫോണ്‍ നന്നാക്കുക

അതാതു കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററില്‍ നന്നാക്കിയാല്‍ മാത്രമേ ഇന്‍ഷൂറന്‍സ് ക്ലെയിം ലഭിക്കു. അവിടെ നിന്നു ലഭിക്കുന്ന സര്‍വീസ് റിപോര്‍ട്ട്, ബില്‍ എന്നിവ ഇന്‍ഷൂറന്‍സ് കമ്പനിക്കു നല്‍കണം. ഫോണ്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കി ഉപയോഗിക്കാനാവില്ലെങ്കില്‍ അതനുസരിച്ചുള്ള സര്‍വീസ് റിപോര്‍ട്ടായിരിക്കണം ഹാജരാക്കേണ്ടത്. രേഖകള്‍ക്കൊപ്പം നന്നാക്കിയെടുക്കാനാവാത്ത ഫോണും ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന് അയച്ചു കൊടുക്കേണ്ടി വരും. ഇവ ടോട്ടല്‍ ലോസ് ആയി കണക്കാക്കിയാവും ക്ലെയിം തുക നല്‍കുക.

ഓണ്‍ലൈന്‍ പോളിസികള്‍ ആക്ടിവേറ്റു ചെയ്യണം

മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്കായുള്ള പോളിസികള്‍ ഓണ്‍ലൈനായി ലഭ്യമാണല്ലോ. ഇങ്ങനെ വാങ്ങുന്ന പോളിസികളില്‍ പലതും ആക്ടിവേറ്റു ചെയ്താല്‍ മാത്രമേ പ്രാബല്യത്തിലാകൂ. അത്തരം നിബന്ധനകള്‍ ഉണ്ടോ എന്നു പരിശോധിച്ച് ആക്ടിവേറ്റു ചെയ്യുന്നതിനും ശ്രദ്ധിക്കണം.

മികച്ച കമ്പനിയെ തെരഞ്ഞെടുക്കണം

മികച്ച രീതിയില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയെ തെരഞ്ഞെടുക്കുക എന്നതിന് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഇന്‍ഷൂറന്‍സില്‍ ഏറെ പ്രാധാന്യമുണ്ട്. എന്തെങ്കിലും ക്ലെയിം ഉണ്ടായാല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഏര്‍പ്പെടുത്തിയ ഏജന്‍സിയുടെ കോള്‍ സെന്ററാവും നിങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അവിടെ ഉണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ പരാതി നല്‍കാന്‍ സംവിധാനങ്ങളുണ്ട്. ഇന്‍ഷൂറന്‍സ് ഓംബുഡ്‌സ്മാന്‍ അടക്കമുളള മാര്‍ഗങ്ങളിലൂടെ പരാതികള്‍ പരിഹരിക്കാനുമാവും. പക്ഷേ, ഇന്‍ഷൂറന്‍സ് ക്ലെയിം ആയി ലഭിക്കാനുള്ളത് താരതമ്യേന ചെറിയ തുകയായതിനാല്‍ അത്തരം കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുവാന്‍ നാം മടിക്കുമല്ലോ. അതു കൊണ്ട് നമുക്ക് എന്തെങ്കിലും സേവനം ആവശ്യമായി വന്നാല്‍ ബുദ്ധിമുട്ടില്ലാതെ അതു നടത്തിത്തരുന്ന ഇന്‍ഷൂറന്‍സ് സ്ഥാപനത്തില്‍ നിന്നുള്ള പോളിസികള്‍ എടുക്കുന്നതാവും ഏറ്റവും മികച്ചത്. അത്തരത്തില്‍ ലളിതമായി സേവനങ്ങള്‍ ലഭിക്കില്ല എന്നുണ്ടെങ്കില്‍ ഇന്‍ഷൂറന്‍സിനായി പണം മുടക്കാതിരിക്കുന്നതാണ് ബുദ്ധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com