കോവിഡ് ക്ലെയിം സെറ്റില്‍മെന്റിന് ഈ 5 കാര്യങ്ങൾ ഓർത്തിരിക്കണം

HIGHLIGHTS
  • കോവിഡ് ടെസ്റ്റിങിനും ചികില്‍സയ്ക്കും സര്‍ക്കാര്‍ പ്രോട്ടോകോളുകള്‍ പാലിക്കുക
SHARE

ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കോവിഡ്-19 മനസിലാക്കി തന്നു. ചികില്‍സാ പ്രതിസന്ധി വരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, ഏറ്റവും വേണ്ട മാനസികവും സാമ്പത്തികവുമായ,സംരക്ഷണം നല്‍കുന്നു. കോവിഡിനു മുന്നേ പലര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഉണ്ടായിരുന്നു. മറ്റു ചിലര്‍ രോഗം പടര്‍ന്നതോടെ എടുത്തു. എന്നാല്‍ കോവിഡ് ക്ലെയിമിന് ഫയല്‍ ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ ആവശ്യമാണെന്ന് പലര്‍ക്കും ഇപ്പോഴും അറിവില്ല. നിങ്ങളോ, കുടുംബാംഗങ്ങളിലാരെങ്കിലുമോ ടെസ്റ്റില്‍ പോസിറ്റീവായാല്‍ ഓടി നടക്കാതെ കുടുംബത്തിന്റെ ക്ഷേമത്തിനായി ഒപ്പം നില്‍ക്കാന്‍ ഈ അഞ്ച് കാര്യങ്ങൾ സഹായിക്കും.

1. സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ മാത്രം ടെസ്റ്റ് നടത്തുക

ശ്വാസകോശത്തില്‍ നോവല്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം അറിയാന്‍ ടെസ്റ്റ് അനിവാര്യമാണ്. ഇന്ത്യയില്‍ കോവിഡ് ടെസ്റ്റിനായി സര്‍ക്കാര്‍ അംഗീകൃത ലാബുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അംഗീകാരമുള്ള സ്വകാര്യ ലാബുകളും ഉണ്ട്. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് യോഗ്യരായ ഫിസിഷ്യന്‍മാരുടെ പ്രിസ്‌ക്രിപ്ഷനില്‍ മാത്രമാണ് സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തുക. നിങ്ങള്‍ ക്ലെയിമിനായി ഫയല്‍ ചെയ്യുമ്പോള്‍ ശരിയായ പ്രിസ്‌ക്രിപ്ഷനോടു കൂടി അംഗീകൃത ലാബില്‍ നടത്തിയ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് വേണം സമര്‍പ്പിക്കാന്‍. പിന്നീട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇത് ഉപകരിക്കും.

2. ചികില്‍സാ രീതി വ്യക്തമാക്കുക

ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ്-19 ചികില്‍സയ്ക്കായി ഹോ കെയര്‍ പാക്കേജുകള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ ഡോക്ടര്‍ ചികില്‍സയ്ക്ക് ഈ രീതി നിര്‍ദേശിച്ചാല്‍ ഇതിന് കവറേജ് ലഭിക്കുമോ എന്ന് ഇന്‍ഷുറന്‍സ് കമ്പനിയോട് അന്വേഷിക്കുക. ആശുപത്രിയില്‍ പ്രവേശിക്കുന്നതു മുതല്‍ ഇന്‍ഷുറന്‍സ് തുക ആകും വരെയുള്ള ചികില്‍സാ ചെലവ് വഹിക്കുന്നതാണ് പൊതു ചട്ടം. ഏതു രീതിയിലുള്ള ചികില്‍സയാണെന്നത് ഇന്‍ഷുറന്‍സുകാരെ ശരിയായി അറിയിക്കണം. ഹോം കെയറാണോ, ക്വാറന്റീനാണോ, ആശുപത്രിയിലാണോ എന്നത് വ്യക്തമാക്കി റീഇമ്പേഴ്‌സ്‌മെന്റ് ഘട്ടത്തിലെ കുഴപ്പങ്ങള്‍ ഒഴിവാക്കാം. എടുത്തിരിക്കുന്ന പോളിസി കവര്‍ അനുസരിച്ചായിരിക്കും ഇന്‍ഷറന്‍സ് കമ്പനി ക്ലെയിം കണക്കാക്കുക.

3. ആശുപത്രി പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ സമര്‍പ്പിക്കുക

പോളിസി അനുസരിച്ച് ആശുപത്രി പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ കവര്‍ ചെയ്യുന്നുണ്ടെങ്കില്‍ ആംബുലന്‍സ് ചാര്‍ജുകള്‍, കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള ചികില്‍സാ ചെലവ് തുടങ്ങിയവ ഉള്‍പ്പെടും. ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പുള്ള എല്ലാ കണ്‍സള്‍ട്ടേഷന്‍ പേപ്പറുകളും സമര്‍പ്പിക്കുക. ഡിസ്ചാര്‍ജിനു ശേഷമുള്ള ചികില്‍സാ വിവരങ്ങള്‍ ബില്ലുകള്‍ സഹിതം നല്‍കണം.

4. ഡിസ്ചാര്‍ജ് റിപ്പോര്‍ട്ട് കൈവശം കരുതുക

നിലവിലുള്ള ആരോഗ്യ പോളിസിക്ക് കൂട്ടിചേര്‍ക്കലായാണ് ഇപ്പോള്‍ ആളുകള്‍ കോവിഡ് പോളിസികള്‍ എടുക്കുന്നത്. ഇത് ഒന്നോ അതിലധികമോ പോളിസികളില്‍ ക്ലെയിം ചെയ്യാവുന്ന നേട്ടങ്ങള്‍ പോളിസി ഉടമയ്ക്ക് നല്‍കുന്നു. ബെനിഫിറ്റ് പോളിസിക്കു കീഴിലാണ് ക്ലെയിമെങ്കില്‍ ഐസിയു പ്രവേശനത്തിന് ഉയര്‍ന്ന നേട്ടം ലഭിക്കുന്നു. ഐസിയുവിലും മുറിയിലും കഴിഞ്ഞ ദിവസങ്ങളുടെ എണ്ണം കൃത്യമായി ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടില്‍ പറയണം.

5.പ്രോട്ടോകോൾ പാലിക്കണം

കൊറോണവൈറസ് കണ്ടെത്തിയാല്‍ ഉടനെ ഇന്‍ഷുറന്‍സുകാരെ അറിയിക്കുക. ക്ലെയിം സെറ്റില്‍ ചെയ്യല്‍ എളുപ്പമാക്കാന്‍ അത് ഉപകരിക്കും. കോവിഡ്-19 ടെസ്റ്റിങിനും ചികില്‍സയ്ക്കും സര്‍ക്കാര്‍ ചില പ്രോട്ടോകോളുകള്‍ നിശ്ചയിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ ഇതിന്റെ പ്രായോഗികത പരിശോധിച്ച് അത് പാലിക്കുക.

ലേഖകൻ  ഫ്യൂച്ചർ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ചീഫ് ഓപറേറ്റിങ് ഓഫീസറാണ്

English Summery:Thing to Remember before Covid Insurance Claiming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA