കോവിഡ് ചികിത്സയുടെ ചെലവുകള്‍ നേരിടുന്നതിനായി അവതരിപ്പിച്ച പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതിയായ കൊറോണ കവച് ഇനി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിയായും ലഭ്യമാകും. കൊറോണ കവച് പോളിസി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് ഉത്പന്നമായി വില്‍ക്കുന്നതിന് ജനറല്‍ , ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ അനുമതി നല്കി. ഉടന്‍ തന്നെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്ക് വേണ്ടി കൊറോണ കവച് പോളിസി വാങ്ങാന്‍ കഴിയും.
പ്രീമിയം നിരക്കും ഗ്രൂപ്പ് പോളിസിയുടെ പ്രവര്‍ത്തന സവിശേഷതകളും ഒഴികെ വ്യക്തിഗത പോളിസിക്ക് ബാധകമാകുന്ന എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഗ്രൂപ്പ് പോളിസികള്‍ക്കും ബാധകമായിരിക്കും. ഐആര്‍ഡിഎഐ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം ലഭ്യമാക്കുന്ന പരിരക്ഷയ്ക്ക് അനുസരിച്ച് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം നിരക്ക് നിശ്ചയിക്കാം. ഗ്രൂപ്പില്‍ പൂര്‍ണമായും ഡോക്ടര്‍, നഴ്സ് , ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ മാത്രമാണ് ഉള്‍പ്പെടുന്നതെങ്കില്‍ 5 ശതമാനം കിഴിവ് ലഭ്യമാക്കും.
ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് കൊറോണ കവച് പോളിസി അവതരിപ്പിച്ചത്. അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊറോണ കവച് പോളിസിക്ക് ആവശ്യക്കാര്‍ ഏറെയാണന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പറയുന്നു.
∙മൂന്നര മാസം മുതല്‍ ഒമ്പതര മാസം വരെയാണ് പോളിസി കാലാവധി.
∙മിനിമം പരിരക്ഷ തുക 50,000 രൂപയും പരമാവധി പരിരക്ഷ തുക 5 ലക്ഷം രൂപയുമാണ്.
∙പ്രായ പരിധി 18-65 വയസ്സാണ്.
∙വ്യക്തിഗതമായിട്ട് മാത്രമല്ല പങ്കാളി, മാതാപിതാക്കള്‍, പങ്കാളിയുടെ മാതാപിതാക്കള്‍, 25 വയസ്സുവരെയുള്ള ആശ്രിതരായ മക്കള്‍ എന്നിവര്‍ക്കും പരിരക്ഷ ലഭിക്കും.
∙മുറി, താമസം, നഴ്സിംങ്, ടെലിമെഡിസന്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ കണ്സള്ട്ടേഷൻ, പിപിഇ കിറ്റുകള്‍ പോലുള്ള ഉപഭോഗവസ്തുക്കള്‍, തീവ്രപരിചരണ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും കവര്‍ ചെയ്യപ്പെടും.
∙പോളിസിയില്‍ റൂമിന്റെയും ഐസിയുവിന്റെയും ചെലവിന് ഐആര്‍ഡിഎഐ പരിധി നിശ്ചയിച്ചിട്ടില്ല.
∙ആംബുലന്‍സ് ചെലവിനായി പരമാവധി 2,000 രൂപ കവര്‍ ചെയ്യും. ആശുപത്രി ചികിത്സയ്ക്ക് പുറമെ പതിനാല് ദിവസം വരെയുള്ള വീട്ടിലെ പരിചരണവും പരിരക്ഷയില്‍ ഉള്‍പ്പെടും.
∙ഹോസ്പിറ്റലിലാണെങ്കിൽ പരമാവധി പതിനഞ്ച് ദിവസത്തേക്ക് ഓരോ ദിവസവും സം അഷ്വേഡിന്റെ 0.5 ശതമാനം നല്കുന്ന ഡെയ്ലി കാഷ് സൗകര്യം ആഡ് ഓണ്‍ ചെയ്യാം. കോവിഡ് ചികിത്സയ്ക്ക് വേണ്ടി സര്‍ക്കാര്‍ താത്കാലികമായി സജ്ജമാക്കിയ ഹോസ്പിറ്റലുകളും ഈ പോളിസിക്ക് വേണ്ടി ഹോസ്പിറ്റലായി പരിഗണിക്കണമെന്ന് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്
English Summery: Corona Kavach now Available in Group Policy also