വാഹന ഇൻഷുറൻസിലെ പേര് മാറ്റിയോ? ഇല്ലെങ്കിൽ അപകടമാകും

HIGHLIGHTS
  • 14 ദിവസം കഴിഞ്ഞാൽ പോളിസി ബ്രേക്ക് ആകും
car-sales
Car Sales
SHARE

കൊറോണക്കാലത്ത് ബസിൽ യാത്ര ചെയ്യുന്നതിൽ റിസ്കുണ്ടല്ലോന്ന് കരുതിയാണ് തോമസ് പരിചയക്കാരന്റെ കയ്യിൽനിന്നു നല്ലൊരു യൂസ്ഡ് കാർ വാങ്ങിയത്. കാറിന്റെ ഇൻഷുറൻസ് കാലാവധി തീരാൻ മൂന്നു മാസം കൂടി ബാക്കിയുണ്ട്. എന്തായാലും പോളിസി പുതുക്കുമ്പോൾ പേരു മാറ്റാം എന്നുകരുതി. കാർ വിറ്റയാൾ തന്നെ ആർസി ബുക്കിൽ പേരുമാറ്റാൻ അപേക്ഷ നൽകിയിരുന്നു. രണ്ടു മൂന്നാഴ്ചയ്ക്കകം പുതിയ ആർസി ബുക്ക് ലഭിച്ചു.

കാർ വാങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ വേറൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. തോമസിന്റെ വണ്ടിക്ക് കാര്യമായ കേടുപാടുകളുണ്ട്. ഇടിച്ച വണ്ടിയ്ക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ക്ലെയിമിനായി ഇൻഷുറന്‍സ് കമ്പനിയെ സമീപിച്ചു. എന്നാൽ എതിർ വണ്ടിയ്ക്കുണ്ടായ തേർഡ് പാർട്ടി ക്ലെയിം മാത്രമേ ലഭിച്ചുള്ളൂ. ഓൺ ഡാമേജ് ക്ലെയിം നിരസിക്കപ്പെട്ടു.   

ഇൻഷുറൻസിൽ പേര് മാറ്റിയില്ലെങ്കിലും തേർഡ് പാർട്ടി ക്ലെയിം കിട്ടും, എങ്ങനെ? 

യൂസ്ഡ് വാഹനം വാങ്ങുമ്പോൾ‌ ഉടമസ്ഥാവകാശം മാറ്റേണ്ടത് വിൽക്കുന്നയാളുടെ ചുമതലയാണ്. ആർസി ബുക്കിൽ പേരു മാറ്റാൻ വാഹനം വിറ്റയാൾ മോട്ടർ വെഹിക്കിൾ ഓഫീസിൽ അപേക്ഷ നൽകണം. ആർസി ബുക്കിൽ ഉടമസ്ഥന്റെ പേര് മാറുമ്പോൾതന്നെ തേർഡ് പാർട്ടി കവറേജ് ഓട്ടോമാറ്റിക് ആയി പുതിയ ഉടമസ്ഥന്റെ പേരിലാകും. അപകടമുണ്ടായാൽ തേർഡ് പാർട്ടി ക്ലെയിം ലഭ്യമാകും. 

14 ദിവസത്തിനകം പേരു മാറ്റിയില്ലെങ്കിൽ

യൂസ്ഡ് വാഹനം വാങ്ങിയ ശേഷം 14 ദിവസത്തിനകം ഇൻഷുറൻസ് പോളിസിയിലെ പേരു മാറ്റാൻ പുതിയ ഉടമ അപേക്ഷ നൽകിയിരിക്കണം എന്നാണ് നിയമം. ഓൺ ഡാമേജ് കവറേജ് പോളിസി പുതിയ ഉടമയുടെ പേരിൽ ലഭിക്കണമെങ്കിൽ ആർസി ബുക്കിൽ പേരുമാറ്റാൻ അപേക്ഷ നൽകി, 14 ദിവസത്തിനകം ഇൻഷുറൻസ് കമ്പനിയിൽ അറിയിക്കണം. എത്രയും വേഗം പോളിസി പുതിയ ഉടമസ്ഥന്റെ പേരിൽ മാറ്റേണ്ടതാണ്. 14 ദിവസം കഴിഞ്ഞാൽ പോളിസി ബ്രേക്ക് ആകും. പതിനഞ്ചാമത്തെ ദിവസം അപകടം ഉണ്ടായാൽപോലും പോളിസി കിട്ടില്ല. പിന്നീട് പേര് മാറ്റണമെങ്കിൽ വാഹനം ഇൻഷുറൻസ് കമ്പനിയുടെ പരിശോധനയ്ക്കു വിധേയമാക്കണം. 

പേരു മാറ്റാൻ പുതിയ ആർസി ബുക്ക് വേണ്ട 

സാധാരണ ആർസി ബുക്കിൽ പേരു മാറ്റാൻ അപേക്ഷ നൽകി പുതിയ ഉടമയ്ക്കു ലഭ്യമാകുമ്പോഴേക്കും ഒരു മാസത്തിലധികം സമയം എടുത്തേക്കാം. അപ്പോഴേക്കും 14 ദിവസം പിന്നിട്ടിരിക്കും. പോളിസിയിലെ പേരുമാറ്റത്തിന് പുതിയ ആർസി ബുക്ക് വേണമെന്നു നിർബന്ധമില്ല. ആർസി പേരുമാറ്റത്തിന് അപേക്ഷിച്ചതിന്റെ രസീതോ സെയിൽസ് സർട്ടിഫിക്കറ്റോ ആയാലും മതി. പേരു മാറ്റാത്തപക്ഷം ഇൻഷുറൻസ് നിരസിക്കപ്പെടും.

English Summary : You Should Change the Name in Motor Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA