കോവിഡ് പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ പുതുക്കുന്നതിന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ) അനുമതി നല്‍കി. കൊറോണ കവച് , കൊറോണ രക്ഷക് പോളിസികള്‍ 2021 മാര്‍ച്ച് 31 വരെ പുതുക്കാന്‍ അനുവദിക്കും. കൊവിഡ് മഹാമാരി സമീപഭാവിയില്‍ ശമിക്കുന്നതിന്റെ സൂചനകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.
പോര്‍ട്ട് ചെയ്യാം
കോവിഡ് പോളിസികളായ കൊറോണ കവച്, കൊറോണ രക്ഷക്, ഗ്രൂപ് കോറോണ കവച് പോളിസികള്‍ പുതുക്കുന്നതിന് പുറമെ മറ്റൊരു പോളിസിയിലേക്ക് മാറ്റാനും ( മൈഗ്രേറ്റ് ) മറ്റൊരു കമ്പനിയിലേക്ക് മാറ്റാനും ( പോര്‍ട്ട് ) ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ അനുമതി നല്‍കിയിട്ടുണ്ട്.
∙ഇന്‍ഷൂറന്‍സ് ഉടമകള്‍ തിരിഞ്ഞെടുത്തിരിക്കുന്ന ഓപ്‌ഷനുകള്‍ക്ക് അനുസരിച്ച് വീണ്ടും മൂന്നര മാസം, ആറര് മാസം അല്ലെങ്കില്‍ ഒമ്പതര മാസ കാലയളവിലേക്ക് പോളിസികള്‍ പുതുക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുവാദം നല്‍കി.
കാത്തിരിപ്പ് കാലയളവ് വേണ്ട
നിലവിലുള്ള പോളിസി കരാറിന്റെ കാലാവധി അവസാനിക്കും മുമ്പ് പുതുക്കണം. പോളിസി പുതുക്കുമ്പോള്‍ 15 ദിവസത്തെ അധിക കാത്തിരിപ്പ് കാലയളവ്‌ഏര്‍പ്പെടുത്തരുതെന്നും കവറേജ് ഇടവേള ഇല്ലാതെ തുടരണം എന്നും ആണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
∙പുതുക്കുന്ന സമയത്ത് ആവശ്യമെങ്കില്‍ പോളിസി ഉടമകള്‍ക്ക് സം അഷ്വേഡില്‍ മാറ്റം വരുത്താം. ഇന്‍ഷ്വര്‍ ചെയ്‌ത തുകയില്‍ എന്തെങ്കിലും വര്‍ധന ഉണ്ടാവുകയാണെങ്കില്‍ വര്‍ധിച്ച തുകയ്‌ക്ക് മാത്രമായി കാത്തിരിപ്പ് കാലാവധിയാകാം.
പോളിസി മാറാം
കൊറോണ കവച് പോളിസി ( വ്യക്തിഗതം) ഒരു ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നതിന് ജനറല്‍ , ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒരു ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുന്ന സേവനം കുറവാണന്ന് തോന്നിയാല്‍ ഇനി മറ്റൊരു ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് മാറ്റാന്‍ കഴിയും.
∙പോളിസി ഉടമ തിരഞ്ഞെടുത്തിരിക്കുന്ന ഓപ്‌ഷന്‍ അനുസരിച്ച്, കമ്പനി ലഭ്യമാക്കുന്ന മറ്റേതെങ്കിലും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉത്‌പന്നത്തിലേക്ക് മാറ്റാനും കമ്പനികള്‍ക്ക് അനുവാദമുണ്ട്.
∙നിലവിലുള്ള കൊറോണ കവച് പോളിസിയുടെ കാലയളവ് അവസാനിക്കുന്നതവരെ മാത്രമായിരിക്കും മറ്റേതെങ്കിലും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളിലേക്ക് ഇത്തരത്തില്‍ മാറാന്‍ അനുവദിക്കുക.
English Summary : Latest Changes in Covid Policies