ADVERTISEMENT

ലോക വിപണി അക്ഷരാർത്ഥത്തിൽ രക്തവർണമാണ്. യൂറോപ്പിലെ വൈറസ് ബാധയുടെ തോത് കൂടുന്നതും പ്രധാന സമ്പദ് വ്യവസ്ഥകൾ വീണ്ടും ലോക്ഡൗണിൽ അകപ്പെടുന്നതും ഓഹരി വിപണിയിലെ അനിശ്ചിതത്വം വല്ലാതെ വർദ്ധിപ്പിക്കുന്നു. ജർമ്മനി നവംബർ രണ്ടു മുതൽ  ഭാഗികമായ ലോക്ഡൗണിലേക്ക് പോകുന്ന വാർത്ത ഡാക്‌സ് സൂചികയ്ക്ക് 4.17ശതമാനം വീഴ്ച നൽകി. ഫ്രഞ്ച് സൂചികയായ കാക്  ഇൻഡക്സ്  3.37ശതമാനവും വീഴ്ച നേരിട്ടു.

സ്റ്റിമുലസ് നഷ്ടത്തിനൊപ്പം, അമേരിക്ക തെരെഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുന്നതും കോവിഡ്   കേസുകൾ ഉയരുന്നതും, യൂറോപ്പിലെ അവസ്ഥകളും അമേരിക്കൻ വിപണിക്കും ഇന്നലെ  വൻ വീഴ്ചയാണ് നൽകിയത്. പ്രധാന സൂചികകളെല്ലാം മൂന്നര ശതമാനത്തിനടുത്ത് ചുരുങ്ങി. എന്നാലിന്ന് ട്രംപിന്റെ അവസാനപാദ  ജിഡിപി പ്രഖ്യാപനം  നടക്കുന്നത് വിപണിക്ക് പ്രതീക്ഷയാണ്. ആപ്പിൾ, ആമസോൺ, ഗൂഗിൾ, ഫേസ് ബുക്ക് എന്നീ വമ്പന്മാരുടെ ഫലങ്ങൾ ഇന്ന് അമേരിക്കൻ വിപണിക്ക് തിരിച്ചു വരവ് നൽകുമെന്ന് പ്രത്യാശിക്കുന്നു. ഇന്ന് പുറത്തു വരുന്ന അമേരിക്കൻ തൊഴിൽ ഡേറ്റയും വിപണിക്ക് തിരിച്ചു വരവ് നൽകുമെന്ന് കരുതുന്നു.ഏഷ്യൻ സൂചികകളും ഇന്ന് നഷ്ടത്തിൽ ആരംഭിച്ചത് ഇന്ത്യൻ വിപണിക്കു പ്രതികൂലമാണ്. 

നിഫ്റ്റി 

രാജ്യാന്തര വിപണിയിലെ ഒഴുക്കിനെതിരെ ലാഭത്തിൽ ആരംഭിച്ച ഇന്ത്യൻ സൂചികകൾക്ക് പിന്നീട് താളം തെറ്റി. എയർടെല്ലിന്റെ മുന്നേറ്റവും, വാർത്ത തിരുത്തലും വീഴ്ചയും വിപണിക്ക് നിർണായകമായി. സെൻസെക്‌സ് 600 പോയിന്റ് നഷ്ടത്തിൽ 40000 പോയിന്റിന് താഴെ വ്യാപാരമവസാനിപ്പിച്ചത് വിപണിക്ക് അനുകൂലമല്ല.160 പോയിന്റുകൾ നഷ്ടപ്പെട്ട് 11730 ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിക്ക് 11680 പോയിന്റിൽ ശക്തമായ പിൻതുണയാണ് ലഭിച്ചത്. 11600 പോയിന്റിന്റെ പിന്തുണ നഷ്ടപ്പെട്ടാൽ നിഫ്റ്റിയുടെ അടുത്ത പ്രധാന പിന്തുണ 11440 പോയിന്റാണ്. 11400 പോയിന്റിനും 11900 പോയിന്റിനുമിടയിൽ നിഫ്റ്റി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 

സകല മേഖലകളും നഷ്ടം നേരിട്ട ഇന്നലെ ബാങ്കിങ് , എൻബിഎഫ്സി , റിയാൽറ്റി ഓഹരികൾക്കാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ഇൻഫ്രാ, ടെലികോം, ഓട്ടോ, ഫാർമ മേഖലകൾ ഇന്ന് പിടിച്ചു നിന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ്ബിഐ, ജസ്റ്റ് ഡയൽ, എയർടെൽ, ഹീറോ മോട്ടോർസ് , റെഡ്‌ഡിസ്‌ ലാബ്സ്, ലോറസ് ലാബ്സ് , ചോളമണ്ഡലം ഫിനാൻസ്, ശ്രീ റാം ട്രാൻസ്‌പോർട് ഫിനാൻസ്  മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ആദ്യ ഇവി ചാർജിങ് സ്റ്റേഷൻ 

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് വാഹന ചാർജിങ് കേന്ദ്രം ചൈനീസ് വാഹന നിർമാതാക്കളായ എംജിയുമായി സഹകരിച്ച് ടാറ്റ പവർ നാഗ്പൂരിൽ ആരംഭിച്ചു. പുതിയ രംഗത്ത് നേരത്തെ തന്നെ ചുവടുറപ്പിക്കുന്നത് ടാറ്റ പവർ ഓഹരിക്ക് വലിയ മുൻതൂക്കം നൽകും. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

റിസൾട്ടുകൾ 

ഹീറോ മോട്ടോഴ്‌സ് മുൻ വർഷത്തിൽ നിന്നും 8 .2 % വർദ്ധനവോടെ 953 കോടി രൂപയുടെ ലാഭം കരസ്ഥമാക്കിയത് ഓഹരിക്ക് വളരെ അനുകൂലമാണ്. ഈ മാസത്തെ വില്പനകണക്കുകളിലാണ് വിപണിയുടെ ശ്രദ്ധ. 

എൽ & ടിയുടെ പ്രവർത്തനഅറ്റാദായം മുൻ വർഷത്തിൽ നിന്നും 45% കുറവോടെ  1410 കോടി രൂപയിലേക്ക് വീണെങ്കിലും, സ്നീഡർ ഇലൿട്രിക്കിന് ഫ്രാൻസിലെ ഇലക്ട്രിക്ക് ഓട്ടോമേഷൻ യൂണിറ്റ് വിറ്റ പണം ലഭിച്ചത് കമ്പനിയുടെ അവസാനം മൊത്തലാഭം 5520 കോടി രൂപയായി ഉയർന്നു. കൂടാതെ കമ്പനി ഒന്നിന് 18 രൂപ വീതം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പാദത്തിലെ കണക്കുകൾ വെച്ച്  നോക്കുമ്പോൾ വളരെ മുന്നേറ്റ പാതയിലാണ്. ബുള്ളറ്റ് ട്രെയിൻ പ്രൊജക്റ്റിന്  പുറമെ  28039 കോടി രൂപയുടെ പുതിയ ഓർഡറുകൾ സ്വന്തമാക്കിയ  കമ്പനിയുടെ കഴിഞ്ഞ പാദത്തിലെ മൊത്തവരുമാനം 31035 കോടി രൂപയാണ്. ഓഹരിയിലെ തിരുത്തൽ അവസരമാക്കാം.

ഡോക്ടർ റെഡ്‌ഡിസ്‌ ലാബ്സ്, മുൻ വർഷത്തിലെ ലാഭക്കണക്കുകൾക്കൊപ്പം എത്തിയില്ലെങ്കിലും വിപണി പ്രതീക്ഷകൾക്കപ്പുറമുള്ള രണ്ടാം പാദ ഫലപ്രഖ്യാപനം നടത്തിയത് ഫാർമയിൽ ഗുണകരമായേക്കാം.എ യു സ്മാൾ ഫൈനാൻസ്  ബാങ്ക്, ആക്സിസ് ബാങ്ക്, ഗ്ലാക്സോ, എംസിഎക്സ്, സ്നോഫി മുതലായ കമ്പനികളും ഭേദപ്പെട്ട ഫലപ്രഖ്യാപനങ്ങൾ നടത്തി. 

മാരുതി, ടിവിഎസ് , ടാറ്റ കെമിക്കൽ,   ശ്രീറാം ട്രാൻസ്‌പോർട്, ഹാവെൽസ്, ഐഡിയ , ഇൻഡിഗോ , ലോറസ് ലാബ്സ് , ബിപിസിഎൽ , എംആർപിഎൽ, ചോളമണ്ഡലം ഫൈനാൻസ്,  കാനറാ ബാങ്ക് , ബാങ്ക് ഓഫ് ബറോഡ,  മുതലായ കമ്പനികൾ ഇന്ന് പാദ ഫലപ്രഖ്യാപനം നടത്തുന്നു.

ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com