കോവിഡ് പരിരക്ഷയൊരുക്കാൻ ലൈഫ് ഇന്‍ഷുറൻസ് കമ്പനികളും

HIGHLIGHTS
  • ഐഡിബിഐ ഫെഡറല്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നു
vignesh-federal-life
SHARE

ലൈഫ് ഇൻഷുറൻസ് കമ്പനികളും കോവി‍ഡ് പരിരക്ഷയുള്ള ഇൻഷുറൻസ് ഉൽപ്പന്നം യാഥാർത്ഥ്യമാക്കാനുള്ള തയാറെടുപ്പിലാണെന്ന് ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ വിഘ്നേഷ് ഷഹാനെ പറഞ്ഞു. ലൈഫ് ഇൻഷുറൻസിലെ ഈ ദിശയിലുള്ള മുന്നേറ്റത്തെക്കുറിച്ചും കോവിഡ് ഈ രംഗത്ത് വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മനോരമ ഓൺലൈനോട് അദ്ദേഹം വിശദീകരിച്ചു. പ്രധാന ഭാഗങ്ങൾ:

ലൈഫ് ഇൻഷുറൻസ് കമ്പനികൾ കൊറോണ പരിരക്ഷയുള്ള പോളിസികൾ അവതിപ്പിക്കുമോ?

ആരോഗ്യ ഇൻഷുറൻസ് കമ്പനികളവതരിപ്പിച്ച കൊറോണ പരിരക്ഷയൊരുക്കുന്ന പോളിസികൾ സാധാരണക്കാർക്ക് വലിയൊരു ആശ്രയമാണ്. ഒട്ടേറെപ്പേർ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിന്ന് ഇത്തരത്തിൽ കൊറോണ പരിരക്ഷയുള്ള ഉൽപ്പന്നങ്ങൾ പ്രതീക്ഷിയ്ക്കുന്നുമുണ്ട്. ഐ ആർ ഡി എ ഇതിനുള്ള  പച്ചക്കൊടി കാണിച്ചതോടെ ലൈഫ് ഇൻഷുറൻസ് കമ്പനികളും കൊറോണ പരിരക്ഷയുള്ള പോളിസി അവതരിപ്പിക്കും.ഇതിനായി കമ്പനികൾ തങ്ങളുടെ റീ ഇൻഷുറൻസ് കമ്പനികളുമായുള്ള ചർച്ച ഏതാണ്ട് അവസാന ഘട്ടത്തിലാണ്. മിക്കവാറും ലൈഫ് ഇൻഷുറൻസ് പോളിസിക്കൊപ്പം കോവിഡ് പരിരക്ഷയുൾപ്പടുത്തിയിട്ടുള്ള റൈഡർ ആയിട്ടായിരിക്കും ഇത് അവതരിപ്പിക്കുക. 50,000 രൂപയുടെയോ ഒരു ലക്ഷം രൂപയുടെയോ അധിക പരിരക്ഷ ലഭിക്കുന്ന വിധത്തിലാണ് റൈഡർ ഡിസൈൻ ചെയ്യുക. എന്തായാലും ഡിസംബറോടെ ഇത് യാഥാർത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലൈഫ് ഇൻഷുറൻസ് കമ്പനികൾ, പലരും ഉല്‍പ്പന്നങ്ങൾ തയാറാക്കി വെച്ചിട്ടുപോലുമുണ്ട്.

ഇൻഷുറൻസ് മേഖലയിൽ കോവി‍ഡ് കാലത്ത് ഡിജിറ്റൽവൽക്കരണം കുതിച്ചുചാട്ടത്തിനു വഴിവെച്ചിട്ടുണ്ടല്ലോ?

തീർച്ചയായും കൊറോണക്കാലം ഈ രംഗത്തും ഡിജിറ്റൽ വല്‍ക്കരണത്തിനു വഴിവെച്ചു. അത് ക്ലെയിം തീർപ്പാക്കലിലും, കസ്ററമര്‍ കെയറിലും സെയിൽസ് പ്രൊമോഷനിലുമൊക്കെ കുതിച്ചുചാട്ടമൊരുക്കിയിട്ടുണ്ട്. ഇടപാടുകാരുമായി സംവദിക്കാൻ ചാറ്റ്ബോട്ട് സൗകര്യമൊരുക്കിയിട്ടുണ്ട്. വാട്സാപ്പ്, മൊബൈൽ ആപ് തുടങ്ങിയ സാധ്യമായ മാർഗങ്ങളെല്ലാമൊരുക്കുന്നു. പ്രവാസികളെപ്പോലുള്ള പോളിസി ഉടമകൾക്ക് കൂടുതൽ കാര്യക്ഷമമായി സേവനമെത്തിക്കാനും ഇതിലൂടെ കഴിയുന്നു.

എന്തൊക്കെയാണ് കമ്പനിയുടെ മുന്‍ഗണനകൾ

ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്‍സി, ഓണ്‍ലൈന്‍, ഗ്രൂപ്പ്, നേരിട്ടുള്ള വില്‍പന എന്നിവ വര്‍ധിപ്പിക്കുന്നതിനായി വിതരണ ശൃംഖല ശക്തിപ്പെടുത്തും. പ്രാഥമിക ഓഹരി ഉടമയായ ഐഡിബിഐ ബാങ്ക് കഴിഞ്ഞ ഓഗസ്റ്റില്‍ തങ്ങളുടെ ഓഹരിയുടെ 27 ശതമാനം മറ്റ് പങ്കാളികളായ ഏജീസ്, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് കൈമാറി. കമ്പനിയുടെ ഏറ്റവും വലിയ വിപണി ദക്ഷിണേന്ത്യയാണ്. പ്രത്യേകിച്ച് കേരളത്തില്‍, ഫെഡറല്‍ ബാങ്കിന്റെ ശക്തമായ വിതരണ ശൃംഖലയാണ് ഇതിനു കാരണം. പ്രവാസികളായ പോളിസി ഉടമകളുടെ ശക്തമായ സാന്നിധ്യവുമുണ്ട്.

കോവിഡ് സാഹചര്യം ഉണ്ടായിരുന്നിട്ടും ഈ വര്‍ഷം ദക്ഷിണ മാര്‍ക്കറ്റുകളില്‍ നിന്നുള്ള പുതിയ വ്യക്തിഗത ബിസിനസ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വളര്‍ച്ച നേടി.

English Summary : Life Insurance Companies will Introduce Policy with Corona Coverage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA