ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ നേട്ടത്തെ നിക്ഷേപ പദ്ധതികളുടേതുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല

HIGHLIGHTS
  • ഞങ്ങളുടെ പരമ്പരാഗത പോളിസികള്‍ 15-20 വര്‍ഷകാലയളവില്‍ നല്‍കുന്ന ആദായത്തിനു സര്‍ക്കാര്‍ ഗ്യാരന്റിയുണ്ട്. എല്‍ഐസിക്കു മാത്രമേ ഈ ഗ്യാരന്റി അവകാശപ്പെടാനാകൂ.
murali-LIC
SHARE

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്ന നേട്ടം മറ്റ് പദ്ധതികളുടേതുമായി താരതമ്യം ചെയ്യാനാകില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണ്.  ആപ്പിള്‍ ആപ്പിളും ഓറഞ്ച് ഓറഞ്ചുമാണ്. ആര്‍ക്കെങ്കിലും അവ തമ്മില്‍ താരതമ്യം ചെയ്ത് ഒന്നു മറ്റേതിനേക്കാള്‍ നല്ലതാണ് എന്നു പറയാനാകുമോ? അങ്ങനെ ചെയ്താല്‍ അതു യുക്തിക്കു നിരക്കുന്നതാണോ?  അതു പോലെ  തന്നെയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെ നിക്ഷേപ പദ്ധതിയുമായി താരതമ്യം ചെയ്യുന്നതും.

പറയുന്നത് ഇന്ത്യയിലെലൈഫ് ഇന്‍ഷുറന്‍സ് വിപണി നായകരായ  എല്‍ ഐസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. മുരളീധരന്‍. ലൈഫ് ഇന്‍ഷുറന്‍സും നിക്ഷേപവും കൂട്ടിക്കുഴയ്ക്കുന്നത്  ഉപഭോക്താവിനു  ഗുണകരമല്ല എന്ന വാദത്തോട് പ്രതികരിക്കുകയായുന്നു അദ്ദേഹം.

മറ്റൊന്നില്‍ നിന്നും കിട്ടാത്ത സംരക്ഷണം

ലൈഫ് പോളിസി നല്‍കുന്നത് ലോകത്ത് മറ്റൊന്നിനും നല്‍കാന്‍ കഴിയാത്ത പിന്തുണയാണ്.  അതു വ്യക്തമാക്കാന്‍ എല്‍ഐസി ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്റെ രണ്ട്  അനുഭവം  ഇവിടെ പങ്കുവെയ്ക്കാം -    

20 വര്‍ഷം മുമ്പാണ്  ഒരു പാറമട തൊഴിലാളി 25000 രൂപ സംഅഷ്വേര്‍ഡ് ഉള്ള ഒരു  പോളിസി എടുക്കാന്‍  മൂന്നു മാസ പ്രീമിയമായ  399 രൂപ  അടച്ചു.  നടപടികള്‍ പൂര്‍ത്തിയാക്കുക പോലും ചെയ്യും മുമ്പ്  ജോലിക്കിടെ പാറ വീണ്് മരണപ്പെട്ടു. നീയമപരമായി ക്ലെയിംകൊടുക്കേണ്ട ഉത്തരവാദിത്തം എല്‍ഐസിക്ക് ഇല്ല. കാരണം  പോളിസി നിലവില്‍ വന്നിട്ടില്ല. പക്ഷേ സംഅഷ്വേര്‍ഡ് ആയ 25,000  രൂപയും ഒരു വര്‍ഷത്തെ ബോണസും നല്‍കി. 20 വര്‍ഷം മുമ്പ് 25,000 രൂപ എന്നത് വളരെ വലിയ സംഖ്യയാണ് പ്രത്യേകിച്ച് തികച്ചും ദരിദ്രരായ തൊഴിലാളികളെ സംബന്ധിച്ച്.  തകര്‍ന്നു പോയ ആ കുടുംബത്തെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടു വരാന്‍ അതു വഴി സാധിച്ചു.

കുടുംബത്തിനു അത്താണിയായി എല്‍ഐസി 

399 രൂപയ്ക്ക് ഉടന്‍ തന്നെ 25000 രൂപ! ശതമാന കണക്കില്‍ ഈ റിട്ടേണ്‍ എത്ര വരും? ഏതെങ്കിലും ഒരു  നിക്ഷേപ പദ്ധതിക്കു ഇതു നല്‍കാന്‍ സാധിക്കുമോ? മറ്റൊരു സംഭവം കൂടി പറയാം. ലക്ഷക്കണക്കിനു രൂപയുടെ സ്വത്ത് ഉള്ള വ്യക്തി അപകടത്തില്‍ പെട്ടു. ശസ്ത്രക്രിയ നടത്തി  ജീവന്‍ പിടിച്ചുനിര്‍ത്തി. പക്ഷേ മാനസിക നില തെറ്റി മരിച്ചതിനു തുല്യം എന്ന സ്ഥിതിയായി. പത്തു ലക്ഷത്തിന്റെ പോളിസിയുമായി  ഭാര്യയും രണ്ടു കൊച്ചു കുട്ടികളും എല്‍ഐസി ഓഫീസെത്തി. മരണപ്പെട്ടാല്‍ മാത്രമേ നിയമപരമായ ക്ലെയിം കൊടുക്കേണ്ട കാര്യമുള്ളൂ. പക്ഷേ അവരുടെ അവസ്ഥ മനസിലാക്കി മേല്‍ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത്  അവര്‍ക്ക് ക്ലെയിംകൊടുക്കാന്‍ തീരുമാനിച്ചു. പത്തു വര്‍ഷം ഓരോ ലക്ഷം രൂപ കൊടുത്തു.  ഇത്തരത്തില്‍ എത്രഎത്രകുടുംബങ്ങളെ  ആണ് എല്‍ഐസി എന്ന  മഹാ പ്രസ്ഥാനം ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയിരിക്കുന്നത്.

നിസാരതുക കൊണ്ട് 

ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വില്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്‍ഷുറന്‍സിനെകുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയാമോ ? If I had my way, I would write the word 'insure' upon the door of every cottage and upon the blotting book of every public man, because I am convinced, for sacrifices so small, families and estates can be protected against catastrophes which would otherwise smash them up forever.

അതായത് എനിക്കെന്തെങ്കിലും മാര്‍ഗമുണ്ടായിരുന്നെങ്കില്‍  ഓരോ വീടിന്റേയും വാതിലിലും ഇന്‍ഷൂര്‍  ചെയ്യുക എന്നു ഞാന്‍ എഴുതിവെയ്ക്കുമായിരുന്നു. കാരണം വളരെ നിസാരമായ  തുക ത്യജിക്കുക വഴി, ദുരന്തങ്ങളില്‍  തകര്‍ന്നു തരിപ്പണമായി പോകാവുന്ന കുടുംബങ്ങളെ എന്നെന്നേക്കുമായി സംരക്ഷിക്കാന്‍ ഇന്‍ഷുറന്‍സിനു കഴിയുമെന്ന് എനിക്കു ബോധ്യമായിട്ടുണ്ട്. ലൈഫ് ഇന്‍ഷൂറന്‍സിന്റെ പ്രാധാന്യം എത്രത്തോളമെന്നു ഈ വാക്കുകളിലൂടെ വ്യക്തമല്ലേ?

മ്യൂച്വല്‍ ഫണ്ടിന്റെ നേട്ടം നല്‍കുന്ന പോളിസികള്‍

ഒരു കാര്യം സമ്മതിക്കാം. ഇന്‍ഷുറന്‍സിനെ നിക്ഷേപമായി  വിലയിരുത്തിയാല്‍ അതില്‍ നിന്നും കിട്ടുന്ന റിട്ടേണ്‍ താരതമ്യേന കുറവായിരിക്കാം. പരമ്പരാഗത പോളിസികളില്‍ ആറ് ആറരശതമാനം ആകും കിട്ടുക. ഇവിടേയും ചില കാര്യങ്ങള്‍ മനസിലാക്കണം.  ഉയര്‍ന്ന നേട്ടം നല്‍കുന്ന യൂണിറ്റ് ലിങ്ക്ഡ് പോളിസികള്‍ (യുലിപ്) എല്‍ഐസിക്കുണ്ട് നിലവിലെ നല്ല മ്യൂച്വല്‍ ഫണ്ടുകള്‍ക്കു സമാനമായ നേട്ടം ഈ യുലിപ്പുകള്‍ നല്‍കുന്നുമുണ്ട്. പക്ഷേ അവയ്ക്കും മ്യൂച്വല്‍ ഫണ്ടിലെ പോലെ റിസ്ക്ക് ഉണ്ട്. റിസ്ക്കെടുത്താല്‍ ഉയര്‍ന്ന നേട്ടം ഉണ്ടാക്കാം.

അതുപോലെ ഒന്നിച്ചു വലിയൊരു തുക കൊടുത്താലേ പല നിക്ഷേപ പദ്ധതികളിലും ചേരാനാകൂ. പക്ഷേ എല്‍ഐസിയില്‍ കൈയില്‍ ഒതുങ്ങുന്ന തുക വീതം അടച്ചാല്‍ മതി.  മ്യൂച്വല്‍ഫണ്ട ് എസ്ഐപിയില്‍ മാത്രമാണ് ഇത്തരം ഒരു അവസരം ഉള്ളത്.

സര്‍ക്കാര്‍ ഗ്യാരന്റി എല്‍ഐസിക്കു മാത്രം

15-20 വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയോടെ ആണ് എല്‍ഐസിയുടെ  ട്രഡീഷണല്‍ പ്ലാന്‍ ഇത്രയും ആദായം നല്‍കുന്നത് എന്നതു എടുത്തു പറയേണ്ടതാണ്. എല്‍ഐസിക്കു മാത്രമേ ഈ സര്‍ക്കാര്‍ ഗ്യാരന്റി അവകാശപ്പെടാനാകൂ. 

എന്നു മാത്രമല്ല ഒരു ഗ്യാരന്റിയും ഇല്ലാത്തവയാണ് മ്യൂച്വല്‍ ഫണ്ട് എന്ന് അവര്‍ തന്നെ പറയുന്നു. മാത്രമല്ല  15-20 വര്‍ഷം എന്ന ദീര്‍ഘമായ കാലയളവില്‍ ഏതെങ്കിലും  മ്യൂച്വല്‍ ഫണ്ട് പദ്ധതി ഉയര്‍ന്ന നേട്ടം സ്ഥിരമായി  നല്‍കുന്നുണ്ടോ എന്നു സംശയമുണ്ട്.

ഇനി ഏതാനും  പദ്ധതികള്‍  കൂടുതല്‍ നേട്ടം നല്‍കിയിട്ടുണ്ട് എന്നു തന്നെ ഇരിക്കട്ടെ. ആയിരക്കണക്കിനു മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ അത്തരം മികച്ച പദ്ധതികള്‍ കണ്ടെത്താനുള്ള വൈദഗ്ധ്യം  സാധാരണക്കാര്‍ക്കുണ്ടോ ? അതുകൊണ്ട് തന്നെ ആണ്  നിക്ഷേപിച്ച ഭൂരിപക്ഷത്തിനും കാര്യമായ നേട്ടം ഉണ്ടാക്കാനാകാത്തതും.

തുടക്കത്തിലെ പ്രീമിയം അവസാനം വരെ

കാലാവധിക്കു ശേഷം കൈയില്‍ കിട്ടുന്ന തുക പണപ്പെരുപ്പം വിലയിരുത്തുമ്പോള്‍ നഷ്ടമാണ് എന്നതാണ് മറ്റൊരു വാദം.  വര്‍ഷങ്ങള്‍ കഴിയുന്നതനുസരിച്ച് പോളിസിയുടമ അടയക്കുന്ന പ്രീമിയം കൂട്ടുന്നുണ്ടെങ്കില്‍ ഈ വാദം ശരിയാണ്. എന്നാല്‍ 15 അല്ലെങ്കില്‍ 20 വര്‍ഷം മുന്‍പ് പോളിസി എടുത്തപ്പോള്‍ നിശ്ചയിച്ച പ്രീമിയം തന്നെയാണ് കാലാവധി മുഴുവനും ഈടാക്കുന്നത്. അപ്പോള്‍ പോളിസിയുടമ അടയ്ക്കുന്ന തുകയേയും പണപ്പെരുപ്പം ബാധിക്കുന്നില്ലേ?  അതുകൂടി കണക്കാക്കണ്ടേ കിട്ടുന്ന ആനുകൂല്യം വിലയിരുത്തുമ്പോള്‍.

ടേം പ്ലാനും നിക്ഷേപവും സമന്വയിപ്പിച്ചാല്‍

ടേം പ്ലാന്‍ ആണ് ശുദ്ധ ഇന്‍ഷുറന്‍സ് എന്നതു ശരിയാണ്. പക്ഷേ  തിരിച്ച് ഒന്നും കിട്ടില്ല എന്നതിനാല്‍ അതിനായി പണം മുടക്കാന്‍ ഇന്ത്യ പോലെ ഒരു രാജ്യത്ത് അധികം ആരും തയ്യാറാകില്ല.

ടേം പ്ലാനും മികച്ച നിക്ഷേപ പദ്ധതിയും സമന്വയിപ്പിച്ചാല്‍ വളരെ വലിയ നേട്ടം കിട്ടും എന്നതും യാഥാര്‍ത്ഥ്യമല്ല. ടേം പ്ലാന്‍ എടുത്ത ശേഷം  ബാക്കി തുക  നിക്ഷേപ പദ്ധതിയില്‍ ഇട്ടാലും  ബോണസടക്കം  ട്രഡീഷണല്‍ പ്ലാനുകളില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കിട്ടാനുള്ള സാധ്യത കുറവാണ്.

English Summary : No Need to Compare the Return From Life Insurance Policy and other Investments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA