ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റുമാരുടേത് ശ്രമകരമായ വിപണന ദൗത്യം

Muralidharan-1
SHARE

അറിഞ്ഞുകൊണ്ട് ആരും വാങ്ങാന്‍ താല്‍പ്പര്യപ്പെടാത്ത ഒരു വസ്തു, അതിന്റെ മികവുകള്‍ പറഞ്ഞു ബോധ്യപ്പെടുത്തി അവരെ കൊണ്ട്  വാങ്ങിപ്പിക്കുക എന്നത്  പലപ്പോഴും അസാധ്യമാണ്. അതും അദൃശ്യമായ ഒരു ഉല്‍പ്പന്നം കൂടിയാണെങ്കില്‍ പ്രത്യേകിച്ചും. അത്തരമൊരു ശ്രമകരമായ ദൗത്യമാണ് ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ ചെയ്യുന്നതെന്ന്  എല്‍ഐസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി മുരളീധരന്‍.

അർഹമായ അംഗീകാരം

ദുരന്തങ്ങളിൽ  തകരാതെ, കുടുംബങ്ങളെ താങ്ങിനിർത്താനാകുന്ന ഏക മാർഗം എന്നനിലയിൽ  ജനങ്ങളേയും  രാജ്യത്തേയും സംബന്ധിച്ചു  പ്രധാനമാണ് പോളിസി വിതരണം.പക്ഷേ ആ സേവനം ചെയ്യുന്ന ഏജന്റുമാർക്ക് അതനുസരിച്ചുള്ള  അംഗീകാരം കിട്ടുന്നുണ്ടോ എന്നു സംശയമാണ്. രാജ്യത്തെ മുൻനിര ധനകാര്യസ്ഥാപനം എന്ന നിലയിൽ എൽഐസിയുടെ നേട്ടങ്ങളിൽ ഒരു പ്രമുഖ പങ്ക് ഏജൻസി ശൃംഖലയ്ക്ക് അർഹതപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു.

 ഇവര്‍ ചെയ്യുന്ന നന്മയുടെ ഗുണം അറിയണമെങ്കില്‍  ഇന്‍ഷുറന്‍സിന്റെ ഗുണം അനുഭവിച്ചറിയുന്ന  ലക്ഷണക്കക്കിനു കുടുംബങ്ങളോട് ചോദിക്കണം.  

ലൈഫ് ഇന്‍ഷൂറന്‍സ് ഒരു ജീവിതാവശ്യമാണ് എന്ന് ഇന്ന് മിക്കവാറും എല്ലാവര്‍ക്കും ബോധ്യമുണ്ട്. പക്ഷേ അതു സ്വയം എടുക്കാന്‍ ആരും തയ്യാറല്ല .അതിനാലാണ്  ലൈഫ് ഇന്‍ഷൂറന്‍സ്  വില്‍ക്കപ്പെടുകയാണ്, ആരും വാങ്ങുന്നില്ല(life insurance is sold, never bought)  എന്നു പറയുന്നത്.  

ശ്രമകരമായ  വിപണനം 

ഓരോരുത്തർക്കും ആവശ്യമുള്ളതാണെങ്കിലും പോളിസി വിൽക്കാൻ ചെല്ലുന്നവരുടെ അവസ്ഥ കഠിനമാണ്. ലോകത്തെ  ഏറ്റവും ശ്രമകരമായ  വിപണനം  ഏതെന്നു ചോദിച്ചാൽ അതു ഇൻഷുറൻസാണ്. 

കാരണം പോളിസി  എടുേക്കണ്ട ഉപഭോക്താവിനോട് സംസാരിക്കേണ്ടത് അവരുടെ മരണത്തെ കുറിച്ചാണ്.  മാത്രമല്ല അവർ നൽകുന്ന പണത്തിനു ഇപ്പോൾ തിരിച്ചു നൽകാൻ ഒന്നുമില്ല. മരണശേഷമോ 15-20 വർഷങ്ങൾക്കു ശേഷമോ  കിട്ടുന്ന ഒന്നാണ് വിൽക്കേണ്ടത്. അതുകൊണ്ടു തന്നെ പോളിസി എടുപ്പിക്കുക ബുദ്ധിമുട്ടാണ്. അതിനായി ദിവസേന 10-12 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നു ഇവർക്ക്. ഒരു പോളിസി വില്‍ക്കാന്‍ 3-4 തവണയോ  അതിലധികമോ   കൂടികാഴ്ചകളും  വ്യാഖ്യാനങ്ങളും  നല്‍കേണ്ടി വരും. 10-30 പേരെ കണ്ടാലാകും  ഒരു ഏജന്റിന്  രണ്ടോ മൂന്നോ പോളിസി വില്‍ക്കാന്‍ കഴിയുക.  ലോകത്തേറ്റവും കൂടുതല്‍ നിരാകരണം അനുഭവിക്കേണ്ടി വരുന്നത്  ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ക്കാണ്.  എന്നിട്ടും  മടുപ്പില്ലാതെ അടുത്ത ദിവസം കളത്തിലിറങ്ങുന്ന ഇവരുടെ സ്ഥിരോല്‍സാഹത്തെ സമൂഹം  മനസിലാക്കേണ്ടതുണ്ട്. 

ഇതു അവരുടെ തൊഴിലാണ്. അത് അവര്‍ ആത്മാര്‍ത്ഥമായി ചെയ്യുന്നു, പ്രതിഫലം പറ്റുന്നു, അവരവരുടെ തൊഴിലില്‍  മറ്റുള്ളവര്‍ പ്രതിഫലം പറ്റുന്ന പോലെ തന്നെയാണിത്.

എല്ലാ ഇന്‍ഷൂറന്‍സ്  കമ്പനികളുടേയും  പ്രതിഫല നിരക്കുകള്‍  ഐആർഡിഎ നിയന്ത്രിതമാണ്. എല്ലാ വിപണന സ്ഥാപനങ്ങളിലും  വില്‍പ്പനക്കാര്‍ക്ക്  വേതനം കൊടുക്കുന്നുണ്ട്. ലക്ഷ്യം അഥവാ ടാര്‍ജറ്റ് നേടാന്‍ കഴിയാത്തവര്‍ക്ക് നഷ്ടവും ഉണ്ടാകും. അതു വിപണനത്തിന്റെ  രീതിയാണ്.

മികച്ച തൊഴിലവസരം

സ്വന്തം നേട്ടം നോക്കി  തെറ്റായ വിപണനം നടത്തുന്ന ഒരു ചെറിയ വിഭാഗം ഉണ്ടാകാം. പക്ഷേ അത് ഇന്ന് എല്ലാ മേഖലയിലും ഉണ്ട്. അതേസമയം കാര്യങ്ങൾ കൃത്യമായി പറഞ്ഞു മനസിലാക്കി  മികച്ച  പോളിസികൾ തിരഞ്ഞെടുത്തു നൽകുന്ന ഏജന്റുമാർ ധാരാളമുണ്ട്.  കാലാവധിയായ 15-20  വർഷവും അവർ പോളിസിയുടമയ്ക്ക് ആവശ്യമായ എല്ലാ സേവനവും നൽകുന്നു. എന്തു പ്രശ്നങ്ങളുണ്ടായാലും  ഇത്തരക്കാർക്ക്  ബിസിനസ് കുറയില്ല. മറുവശത്ത് ഏജന്റിനോട് റിബേറ്റ് ചോദിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നതും കാണാതെ പോകരുത്. 

 ലൈഫ് ഇന്‍ഷുറന്‌സ് ഏജന്‍സി എന്നത്  നല്ല ഒരു തൊഴില്‍ അവസരം കൂടിയാണ്.   12.75  ലക്ഷത്തോളം പേർക്ക്  ഉപജീവനം ഉറപ്പാക്കാൻ എൽഐസിക്കു കഴിയുന്നു. പ്രത്യേകിച്ച് കോവിഡ് മൂലം മിക്കവർക്കും തൊഴിൽ നഷ്ടപ്പെടുകൊണ്ടിരുന്ന  സമയത്തും വളരെ പേർക്ക് പിന്തുണ നൽകാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട് എന്നതു വലിയ കാര്യം തന്നെയാണ്. ഇൻഷുറൻസ്  കവറേജ്  ഉറപ്പാക്കുക മാത്രമല്ല. ജനങ്ങളിൽ  സമ്പാദ്യശീലം വളർത്തിയെടുക്കുക എന്ന ഉത്തരവാദിത്തം കൂടി ഏജന്റുമാർ ചെയ്യുന്നുണ്ട്. അച്ചടത്തോടെ കാലയളവു മുഴുവൻ പ്രീമിയം അടയ്ക്കാൻ നിർബന്ധിതരാക്കുമ്പോൾ  ഭാവി ആവശ്യത്തിനായി  സമ്പാദ്യം വളർത്തിയെടുക്കാൻ അതു നിങ്ങളെ സഹായിക്കുന്നുണ്ടെന്നതും ഓർക്കണം.

English Summary : Role of aLife Insurance Agent is Very Important

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA