ADVERTISEMENT

ഇനി ഒരോരുത്തര്‍ക്കും അനുയോജ്യമായ പെന്‍ഷന്‍ അല്ലെങ്കില്‍ ആന്വൂറ്റി പദ്ധതി സ്വയം തിരഞ്ഞെടുക്കാം. സരളമായ വ്യവസ്ഥകളോടെയുള്ള ഏകീകൃത അന്വൂറ്റി പദ്ധതി നടപ്പാക്കാന്‍ ഇന്‍ഷൂറന്‍സ് നിയന്ത്രണ അതോറിറ്റി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.  ഈ ഏപ്രില്‍ ഒന്നു മുതല്‍ ഇത്തരം പെന്‍ഷന്‍ പ്രോഡക്ടുകള്‍ വിപണിയിലിറക്കാനാണ് നിര്‍ദേശം.'സരള്‍ പെന്‍ഷന്‍' എന്നായിരിക്കും ഏകീകൃത പ്ലാനിന് പേര്. ഇതിനോടൊപ്പം കമ്പനികളുടെ പേരും ചേര്‍ത്ത് ഉത്പന്നങ്ങള്‍ വിപണിയിലിറക്കാം. ഇതിന്റെ ഭാഗമായി സരള്‍ പെന്‍ഷന്റെ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട് ഐ ആര്‍ ഡി എ ഐ.

നിലവില്‍ രാജ്യത്തെ ഇന്‍ഷൂറന്‍സ് വിപണിയില്‍ വിവിധ കമ്പനികളുടെ ആന്വിറ്റി പദ്ധതികള്‍ ലഭ്യമാണ്. എന്നാല്‍ ഇതിനെല്ലാം വ്യത്യസ്തമായ സ്വഭാവമാണ്. ചട്ടങ്ങളും നിയമാവലികളും ഒന്നിനൊന്ന് വേറിട്ട് നില്‍ക്കുകയും ചെയ്യുന്നു. ഇത് ഉപഭോക്താക്കളില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം എന്ന നിലയിലാണ് ഈ മേഖലയിലും ഏകീകരണം കൊണ്ടു വരുന്നത്.

പ്രായ പരിധി

∙40 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം.

∙ഒറ്റത്തവണയായിട്ടാവും പ്രീമിയം. ഇതിലൂടെ അംഗത്തിന് മാസം, മൂന്ന് മാസത്തിലൊരിക്കല്‍, അര്‍ധ വാര്‍ഷീകമായി, വര്‍ഷത്തിലൊരിക്കല്‍ എന്ന നിലയില്‍ നിശ്ചിത വരുമാനം ഉറപ്പാക്കാനാവും.

∙പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ചുരുങ്ങിയ മാസ വരുമാനം 1,000 രൂപ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തിലൊരിക്കലാണെങ്കില്‍ ഇത് 3,000 രൂപയും അര്‍ധ വാര്‍ഷീക അടിസ്ഥാനത്തില്‍ 6,000 രൂപയും ലഭിക്കും. വാര്‍ഷികാടിസ്ഥാനത്തിലാണ് വരുമാനം സ്വീകരിക്കുന്നതെങ്കില്‍ ചുരുങ്ങിയ പെന്‍ഷന്‍ തുക 12000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

∙ഒറ്റത്തവണയായി അടയ്ക്കുന്ന പ്രീമിയം തുകയനുസരിച്ച് ഇതിന് മുകളിലേക്കാവും വരുമാനം ലഭിക്കുക. നിക്ഷേപതുകയെ ആന്വിറ്റി പര്‍ച്ചേസ് പ്രൈസ് എന്നാണ് പറയുന്നത്.

പെന്‍ഷനും നിക്ഷേപത്തുകയും

രണ്ട് തരത്തിലുള്ള സാധ്യതകളാവും സരള്‍ പെന്‍ഷന്‍ മുന്നോട്ട് വയ്ക്കുന്നത്. വാങ്ങിയ വിലയുടെ 100 ശതമാനം നേട്ടം കിട്ടുന്നതാണ് ഇതിലെ ആദ്യത്തേത്. ഈ പദ്ധതിയില്‍ അംഗമാകുന്ന ആള്‍ക്ക് ജീവതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. ഒപ്പം മരണ ശേഷം നോമിനിയ്ക്കോ നിയമപരമായ അവകാശിക്കോ വാങ്ങിയ വിലയുടെ (നിക്ഷേപ തുക) 100 ശതമാനവും ലഭിക്കും.

ജോയിന്റ് ലൈഫ് ആന്വുറ്റി ആണ് മറ്റൊന്ന്. ഇവിടെ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് നിക്ഷേപമാകാം. പ്രാഥമിക അംഗത്തിന് മരണം വരെ മാസ വരുമാനം ലഭിക്കും. പിന്നീട് രണ്ടാം അംഗ (പങ്കാളി)ത്തിനും ഇത് ലഭിക്കും. അയാളുടെ മരണശേഷം നോമിനിയ്ക്ക് നിക്ഷപ തുക മടക്കി ലഭിക്കുകയും ചെയ്യും.

English Summary: Details of Saral Pension Yojana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com