ADVERTISEMENT

ഈ കോവിഡ് കാലത്ത് ഒരു പക്ഷെ ആളുകൾ ഏറ്റവും കൂടുതൽ അന്വേഷിച്ചിട്ടുള്ളത് ആരോഗ്യ ഇന്‍ഷൂറന്‍സ് എങ്ങനെയാണ് വാങ്ങുക എന്നതിനെ കുറിച്ചായിരിക്കും. ഇങ്ങനെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ഒപ്പം അതിലൂടെ ലഭിക്കുന്ന ആദായ നികുതി ആനുകൂല്യങ്ങള്‍ കൂടി കണക്കിലെടുക്കാം. പക്ഷേ ശ്രദ്ധിക്കുക, നികുതി ആനൂകൂല്യം ലഭിക്കാനായിട്ടാവരുത് ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നതു മൂലം ലഭിക്കുന്ന നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക എന്നതായിരിക്കണം മനസിലുണ്ടാകേണ്ട ചിന്ത. 

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം

നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്പോള്‍ 25,000 രൂപ വരെ നികുതി വിധേയ വരുമാനത്തില്‍ നിന്നു കുറക്കാനാവും. ഇനി നിങ്ങളൊരു മുതിര്‍ന്ന പൗരനാണെങ്കില്‍ 30,000 രൂപയുടെ ഇളവാകും ലഭിക്കുക.  മാതാപിതാക്കള്‍ക്കായി പോളിസി എടുക്കുമ്പോള്‍ 25,000 രൂപയുടെ മറ്റൊരു ഇളവു കൂടി ലഭിക്കും. മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ ഈ ഇളവ് 30,000 രൂപയായി വര്‍ധിക്കും. 

കുടുംബവും മാതാപിതാക്കളും

നിങ്ങൾക്കും കുടുംബത്തിനുമായി പോളിസി എടുക്കുന്നതിനൊപ്പം മാതാപിതാക്കൾക്കായി മറ്റൊരു പോളിസി കൂടി എടുക്കുകയാണെങ്കിൽ രണ്ട് പോളിസികളിന്മേലും 25,000 രൂപ വീതം ആനുകൂല്യത്തിന് അർഹതയുണ്ട്. ഇനി നിങ്ങൾ മുതിർന്ന പൗരനായിരിക്കുകയും നിങ്ങൾക്കും കുടുംബത്തിനും ഒരു പോളിസിയും ഒപ്പം മാതാപിതാക്കൾക്കായി മറ്റൊന്നു പ്രത്യേകമായും വാങ്ങുകയാണെങ്കിൽ ഇരു പോളിസികളിന്മേലും 30,000 വീതം ആനുകൂല്യം ലഭിക്കുന്നതാണ്. ഇത്തരത്തിൽ ആരോഗ്യ ഇൻഷുറൻസ് അൽപം മുൻകൂട്ടി തയാറെടുത്ത് വാങ്ങുന്നത് എന്തായാലും ആദായ നികുതി ആസൂത്രണ വേളയിൽ പ്രയോജനപ്പെടുക തന്നെ ചെയ്യും.

പോളിസികള്‍ വിലയിരുത്തി തെരഞ്ഞെടുക്കണം

നേരത്തെ സൂചിപ്പിച്ചതു പോലെ പോളിസികളുടെ സവിശേഷതകള്‍ വിലയിരുത്തി മാത്രമായിരിക്കണം അവ തെരഞ്ഞെടുക്കേണ്ടത്. നികുതി ആനുകൂല്യത്തിന് അതു കഴിഞ്ഞുള്ള പ്രധാന്യമേ നല്‍കാവു. മികച്ച സേവനങ്ങള്‍ നല്‍കുന്നതും നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പരിരക്ഷ നല്‍കുന്നതുമായിരിക്കണം തെരഞ്ഞെടുക്കുന്ന പോളിസി. കുറഞ്ഞ പ്രീമിയം നല്‍കി എടുക്കുന്ന പോളിസിയില്‍ നിങ്ങള്‍ക്കാവശ്യമായ എല്ലാ പരിരക്ഷകളും ലഭിക്കണമെന്നില്ല. ക്ലെയിം ഉണ്ടാകുന്ന വേളയിൽ ഉദ്ദേശിച്ച നേട്ടം കിട്ടാതെ വരുന്നതിന്റെ കാരണം മറ്റൊന്നല്ല. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പരിരക്ഷ നല്‍കുന്ന പോളിസിയും മികച്ച സേവനം നല്‍കുന്ന ഇന്‍ഷൂറന്‍സ് കമ്പനിയും തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഇതിനെല്ലാം പുറമേ പോളിസി തീരുമാനമെടുക്കും മുമ്പ് അതുമായി ബന്ധപ്പെട്ട പോളിസി രേഖകൾ കൃത്യമായി വായിച്ചു മനസിലാക്കിരിക്കണം.

English Summary : Health Insurance and IncomeTax Benefit

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com