ADVERTISEMENT

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വാഹന നിരയിലേക്ക് കുതിച്ച് കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം നിലവില്‍ മറ്റള്ളവയുടേതിനേക്കാള്‍ കൂടുതലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ താരതമ്യേന പുതിയ വിഭാഗമായതുകൊണ്ട് ഇതിന്റെ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. നിലവില്‍ പല കമ്പനികളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡീസല്‍-പെട്രോള്‍ ഇന്ധനത്തേതില്‍ നിന്നും ശരാശരി 15,000 രൂപ വരെ കൂടുതല്‍ ഈടാക്കുന്നുണ്ട്. ചില കമ്പനികള്‍ വില്‍പന പ്രോത്സാഹിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് തുക കുറച്ച് നല്‍കുകയും ചെയ്യുന്നുണ്ട്.

15 ശതമാനം ഇളവ്

നിലവില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സിന്  ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി 15 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതാകട്ടെ മറ്റ് വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കേ ഉപകരിക്കൂ. വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നില്ല. ഉയര്‍ന്ന ബാറ്ററി വിലയുള്ള ഇലക്ട്രിക് വേരിയന്റുകള്‍ക്ക് മററുള്ളവയെ അപേക്ഷിച്ച് വലിയ വില വ്യത്യാസമുള്ളതിനാല്‍ ഇന്‍ഷൂറന്‍സ് തുകയും കൂടുക സ്വാഭാവികം.

ബാറ്ററി താന്‍ മുഖ്യം

നിലവില്‍ ഇലക്ട്രിക് കാറുകളുടെ വിലയുടെ 40 മുതല്‍ 60 ശതമാനം വരെ ബാറ്ററിയുടെ വിലയാണ്. അതുകൊണ്ട് ഇന്‍ഷൂറന്‍സിന് വിധേയമാക്കുന്ന ഏറ്റവും ഉയര്‍ന്ന ഭാഗവും ഇത് തന്നെ. ബാറ്ററി വില ഈ നിലയില്‍ തുടരുന്ന കാലത്തോളം പ്രീമിയവും ഉയര്‍ന്ന് നില്‍ക്കും. ബാറ്ററിയുടെ വില കുറയുമ്പോള്‍ സ്വാഭാവികമായും പ്രീമിയത്തിലും കുറവ് വരും.

പൂര്‍ണമായും ഇലക്ട്രിക് എനര്‍ജിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് എഞ്ചിന്‍ ഇല്ല. അതുകൊണ്ട് തന്നെ എഞ്ചിന്‍ മാറ്റിവയ്ക്കല്‍ അടക്കമുള്ള ഒരു ചെലവും ഉണ്ടാകുകയുമില്ല. എഞ്ചിന്‍ ഇല്ലാത്തതിനാല്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള ചെലവും ഇടയ്ക്കിടയ്ക്ക് സര്‍വ്വീസിനുള്ള ചെലവും വളരെ കുറവായിരിക്കും. ബാറ്ററിയുടെ ആയുര്‍ദൈര്‍ഘ്യം ബ്രാന്‍ഡ് തുടങ്ങിയവയും ഇന്‍ഷൂറന്‍സ് കമ്പനികള്‍ പരിഗണിക്കും.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ വിറ്റത് 1.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ്. ഇതില്‍ 90 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. വരും വര്‍ഷങ്ങളില്‍ ഈ സംഖ്യ കുതിച്ചുയരും. ഇന്ധന വില കയ്യിലൊതുങ്ങാതെ കുതിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കും. വാഹനങ്ങള്‍ക്ക്് 15 വര്‍ഷത്തെ ആയുസ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വാഹനങ്ങളുടെ 'പൊളിക്കല്‍ നയം' ഇലക്ട്രിക്ക് വണ്ടികളുടെ വില്‍പന കുതിക്കാന്‍ കാരണമാകും.

English Summary : Electric Car Insurance

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com