ടോപ് അപ് ചെയ്യാം കുറഞ്ഞ തുകയ്ക്ക് വലിയ കവറേജ് നേടാം

HIGHLIGHTS
  • ചികില്‍സാ ചെലവ് കുതിച്ചുയരുന്ന ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ തുകയ്ക്ക് കവറേജ് ഉറപ്പാക്കാം
girl-planning
SHARE

'ടോപ് അപ്പ് എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.മൊബൈലില്‍ ബാലന്‍സ് കുറയുമ്പോള്‍ നമ്മള്‍ കൂടുതല്‍ തുക ടോപ് അപ് ചെയ്യുന്നു.അതുപോലെ ഹെല്‍ത്ത്ഇന്‍ഷുറന്‍സിലും ചെയ്യാം. അതിനെ ആണ് ടോപ് അപ് പോളിസി എന്നു പറയന്നത്.

ഒരു ഉദാഹരണം പറയാം: നിങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ഒരു പോളിസി ഉണ്ടെന്ന് കരുതുക. ഇതിനെ നമുക്ക് ബേസ് പോളിസി എന്ന് വിളിക്കാം. നിങ്ങള്‍ക്ക് ഒരു രോഗത്തിന്  ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നു എന്നും കരുതുക. ചികിത്സാ ചെലവ് 7 ലക്ഷം ആണെങ്കില്‍, ഇന്‍ഷുറന്‍സ് മുഖേന പരമാവധി 5 ലക്ഷമല്ലേ ലഭിക്കൂ. പക്ഷെ, നിങ്ങള്‍ക്ക് ഒരു ടോപ് അപ്പ് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നെങ്കില്‍ ബാക്കിയുള്ള 2 ലക്ഷം കൂടി കിട്ടിയേനെ.

ബേസ് ഇന്‍ഷുറന്‍സ്

അതായത് നിങ്ങള്‍ എടുത്ത ബേസ് പോളിസിയോടൊപ്പം, ഒരു ടോപ് അപ്പ് പോളിസി കൂടി എടുക്കണം. ഈ ടോപ് അപ്പ് പോളിസി എടുക്കുമ്പോള്‍ 'ഡിഡക്റ്റബിള്‍' ആയി 5 ലക്ഷം തെരഞ്ഞെടുക്കുക. എന്നിട്ട് ടോപ് അപ്പ് ഇന്‍ഷുറന്‍സ് ആയി മറ്റൊരു രണ്ടോ, പത്തോ, ഇരുപതോ ലക്ഷം തെരഞ്ഞെടുക്കാം. ഇതിന്റെ അര്‍ഥം, ഒരു രോഗം വന്നാല്‍, അതിന് ചെലവാകുന്ന തുകയുടെ ആദ്യ കുറച്ച് ഭാഗം (ഡിഡക്റ്റബിളിന് തുല്യമായ തുക) ടോപ് അപ്പ് ഇന്‍ഷുറന്‍സ് മുഖേന ലഭിക്കില്ല. ഡിഡക്റ്റബിളിന് മുകളില്‍ വരുന്ന തുക നിങ്ങളുടെ ടോപ് അപ്പ് ഇന്‍ഷുറന്‍സ് പരിധിയില്‍ നിന്നു കൊണ്ട് ലഭിക്കും. മുകളിലെ ഉദാഹരണത്തില്‍, മൊത്തം 7 ലക്ഷത്തില്‍ 5 ലക്ഷം നിങ്ങളുടെ ബേസ് ഇന്‍ഷുറന്‍സ് മുഖേനയും, പിന്നീട് വരുന്ന 2 ലക്ഷം ടോപ് അപ്പ് ഇന്‍ഷുറന്‍സ് മുഖേനയും ലഭിക്കും. ടോപ് അപ്പ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഡിഡക്റ്റബിള്‍ തെരഞ്ഞെടുക്കാന്‍ കമ്പനികള്‍ നമ്മെ അനുവദിക്കാറുണ്ട്.

കീശ കീറാതെ പരിരക്ഷ

ഇതിന്റെ മറ്റൊരു ഗുണം ബേസ് പോളിസി ഇല്ലാതെയും നിങ്ങള്‍ക്ക് ടോപ് അപ്പ് പോളിസി എടുക്കാം എന്നതാണ്. ഉദാഹരണത്തിന്, ഒരു 3 ലക്ഷം രൂപ ഒക്കെ ചികിത്സാ ചെലവ് വന്നാല്‍ ഞാന്‍ സ്വയം വഹിച്ചോളാം, അതിനുവേണ്ടി ഒരു ഇന്‍ഷുറന്‍സ് വേണ്ട എന്നാണ് നിങ്ങളുടെ തീരുമാനമെന്നിരിക്കട്ടെ. ചെലവ് മൂന്ന് ലക്ഷത്തിലധികം ആണെങ്കില്‍ കീശ കീറും എന്നും കരുതുക. എന്താണ് പോം വഴി? ബേസ് ഇന്‍ഷുറന്‍സ് ഇല്ലാതെ തന്നെ ഒരു ടോപ് അപ്പ് ഇന്‍ഷുറന്‍സ് അങ്ങെടുക്കുക. അതിന്റെ ഡിഡക്റ്റബിള്‍ ആയി 3 ലക്ഷം തെരഞ്ഞെടുക്കുക. അപ്പോള്‍, 3 ലക്ഷത്തിന് മുകളില്‍ വരുന്ന ചികിത്സയ്ക്ക് ടോപ് അപ്പ് ഇന്‍ഷുറന്‍സ് കമ്പനി പണം തരും.

ഇതിപ്പോ ബേസ് പോളിസി തന്നെ കൂട്ടി എടുത്താല്‍ പോരേ? എന്തിനാണ് വേറെ ഒരു ടോപ് അപ്പ് പോളിസി  എടുക്കുന്നേ? ഇതാകും ഇപ്പോള്‍ ചിന്ത. കാര്യമുണ്ട്. ടോപ് അപ്പ് പോളിസികള്‍ക്ക് പ്രീമിയം വളരെ കുറവാണ്. 5 ലക്ഷം രൂപയുടെ ബേസ് പോളിസിയ്ക്ക് പതിനയ്യായിരം രൂപയാണ് പ്രീമിയം വരുന്നതെങ്കില്‍, ആ 5 ലക്ഷം കഴിഞ്ഞുള്ള (ഡിഡക്റ്റബിള്‍) മറ്റൊരു 5 ലക്ഷം ടോപ് അപ്പ് ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുക ആയിരത്തഞ്ഞൂറോ, രണ്ടായിരമോ മാത്രമാകും. കാരണം എന്താകും? ടോപ് അപ്പ് ഇന്‍ഷുറന്‍സ് എന്നാല്‍ ഒരു പരിധിയ്ക്ക് മുകളില്‍ ചെലവ് വന്നാല്‍ ഇന്‍ഷുറന്‍സ് നല്‍കുക എന്നതാണല്ലോ. Actuarial Analysis എന്ന ഒരു സംഗതിയുണ്ട് ഇന്‍ഷുറന്‍സില്‍-അതായത്, എത്രമാത്രം റിസ്‌ക് ഇന്‍ഷുറന്‍സ് കമ്പനിക്ക് ഉണ്ടെന്ന് കണക്ക് കൂട്ടുന്ന പ്രക്രിയ. ഒരു വലിയ തുകയ്ക്ക് ശേഷം (ഡിഡക്റ്റബിള്‍) ചികിത്സാ ചെലവുകള്‍ ഉയര്‍ന്നുപോകാനുള്ള സാധ്യത വളരെ കുറവാണ്; അഥവാ വളരെ കുറച്ച് ആളുകള്‍ മാത്രമേ അത്രയും വലിയ തുകയ്ക്ക് വേണ്ടിയുള്ള ചികിത്സ തേടാന്‍ സാധ്യതയുള്ളൂ; അതിനാല്‍ കമ്പനിക്ക് റിസ്‌ക് കുറവാണ്, അതുകൊണ്ട് പ്രീമിയവും കുറവാണ്‌വളരെയധികം കുറവ്.

ഇനി ഒരു ചോദ്യം: ബേസ് പോളിസി എടുത്ത കമ്പനിയില്‍ നിന്ന് തന്നെ ടോപ് അപ്പ് പോളിസി എടുക്കണോ? നിര്‍ബന്ധമില്ല! ഏത് കമ്പനിയില്‍ നിന്ന് വേണമെങ്കിലും എടുക്കാം. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന സമയത്ത് രണ്ടു പോളിസിയും ഒരുമിച്ച് അവിടുത്തെ ഇന്‍ഷുറന്‍സ് ഡെസ്‌കില്‍ കൊടുത്താല്‍ മതി. മറ്റൊരു പ്രധാന കാര്യം: ടോപ് അപ്പ് പോളിസി വാങ്ങുമ്പോഴും  എന്തൊക്കെ കവറേജ് ഉണ്ട് എന്ന്  ശ്രദ്ധിച്ചുവേണം തെരഞ്ഞെടുക്കാന്‍.

English Summary: Know More About Top up Policy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA