ADVERTISEMENT

പോളിസി ഉടമകളുടെ സുരക്ഷ കണക്കിലെടുത്ത്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്‍ (എല്‍ഐസി ) വ്യവസ്ഥകളില്‍ വീണ്ടും ഇളവ്‌ വരുത്തി. നിലവിലെ സാഹചര്യത്തില്‍ പെന്‍ഷന്‍ പോളിസി ഉടമകളെ ഇമെയില്‍ വഴി ലൈഫ്‌ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കുമെന്ന്‌ എല്‍ഐസി അറിയിച്ചു.

ഇളവുകൾ പലതരം

മൂലധനം മടക്കി നല്‍കുന്ന (ആര്‍ഒസി) ആന്വുറ്റി പ്ലാനുകളെ 2021 ഒക്ടോബര്‍ 31 വരെ ലൈഫ്‌ സര്‍ട്ടിഫിറ്റ്‌ സമര്‍പ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കി. മറ്റ്‌ പ്ലാനുകളുടെ കാര്യത്തില്‍ ഇമെയില്‍ വഴി അയച്ച ലൈഫ്‌ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുമെന്നും എല്‍ഐസി അറിയിച്ചു. വീഡിയോ കോള്‍ മുഖേന ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമാഹരിക്കാനുള്ള സംവിധാനവും എല്‍ഐസി ആരംഭിച്ചു. നടപടികള്‍ എളുപ്പമാക്കുന്നതിനായി ഉപഭോക്തൃ പോര്‍ട്ടല്‍ വഴിയുള്ള ഇടപാടുകളും സജ്ജമാക്കിയിട്ടുണ്ട്‌. സര്‍വീസിങ്‌ ബ്രാഞ്ചില്‍ ക്ലെയിം സെറ്റില്‍മെന്റിന്‌ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള പോളിസി ഉടമകളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്‌ അടുത്തുള്ള ഏതെങ്കിലും എല്‍ഐസി ഓഫീസില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കും. വിവിധ സേവനങ്ങള്‍ക്കായി പോളിസി ഉടമകള്‍ക്ക്‌ കമ്പനിയുടെ വൈബ്‌സൈറ്റ്‌ ആയ www.licindia.in. ഉപയോഗപ്പെടുത്താമെന്ന്‌ കമ്പനി അറിയിച്ചു. ഇന്‍ഷൂറന്‍സ്‌ പോളിസികള്‍ വാങ്ങുന്നതിനും പ്രീമിയം പുതുക്കുന്നതിനും , വായ്‌പകള്‍ക്ക്‌ അപേക്ഷിക്കുന്നതിനും , വായ്‌പ തിരിച്ചടവ്‌, പലിശ അടവ്‌, മേല്‍വിലാസം പുതുക്കല്‍ തുടങ്ങി മറ്റ്‌ നിരവധി സേവനങ്ങള്‍ വെബ്‌സൈറ്റ്‌ വഴി ചെയ്യാം.

ഡെത്ത്‌ ക്ലെയിമിനായി സമര്‍പ്പിക്കേണ്ട വിവിധ രേഖകളിലും ഇളവ്‌ നല്‍കി തുടങ്ങി. ആശുപത്രിയിലാണ്‌ മരണം സംഭവിക്കുന്നത്‌ എങ്കില്‍ , ക്ലെയിമിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള മരണ സര്‍ട്ടിഫിക്കറ്റിന്‌ പകരമായി ആശുപത്രികളില്‍ നിന്നും നല്‍കുന്ന രേഖകള്‍ സമര്‍പ്പിക്കാം. മുമ്പ്‌ ക്ലെയിം തീര്‍പ്പാക്കല്‍ നടപടികള്‍ക്ക്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡെത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമായിരുന്നു.

ഡെത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ 

സര്‍ക്കാര്‍, ഇഎസ്‌ഐ, ആംഡ്‌ ഫോഴ്‌സസ്‌, കോര്‍പറേറ്റ്‌ ആശുപത്രികള്‍ നല്‍കുന്ന ഡെത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ , ഡിസ്‌ചാര്‍ജ് സമ്മറി, ഡെത്ത്‌ സമ്മറി എന്നിവ ക്ലെയിമിനായി ഇപ്പോള്‍ എല്‍ഐസി സ്വീകരിക്കും. മരണം നടന്ന തീയതിയും സമയവും ഈ രേഖകളില്‍ കൃത്യമായി ഉണ്ടായിരിക്കണം. മാത്രമല്ല ഈ രേഖകള്‍ എല്‍ഐസി ക്ലാസ്‌ വണ്‍ ഓഫീസര്‍ അല്ലെങ്കില്‍ മുതിര്‍ന്ന ഡെവലപ്‌മെന്റ്‌ ഓഫീസര്‍ സാക്ഷ്യപെടുത്തിയിരിക്കണം. സംസ്‌കാരം നടത്തിയതു തെളിയിക്കുന്ന രേഖകളും ഇതോടൊപ്പം സമര്‍പ്പിക്കണം. മറ്റ്‌ സാഹചര്യങ്ങളില്‍ , മുമ്പത്തെ പോലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമാണ്‌.

English Summary : LIC Simplified Death Certificate Formalities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com