ADVERTISEMENT

കോവിഡ് രണ്ടാം തരംഗത്തിൽ രോഗബാധിതര്‍ കൂടുകയാണ്. ഇതോടൊപ്പം ചികില്‍സയെ തുടര്‍ന്ന് ഇന്‍ഷൂറന്‍സ് ക്ലെയിമിന് അപേക്ഷ നല്‍കുന്നവരുടെ എണ്ണവും വര്‍ധിക്കും. ഇങ്ങനെ നല്‍കുന്ന അപേക്ഷകള്‍ നിരസിച്ചാല്‍ എന്താണു ചെയ്യാനാവുക?   കാഷ്‌ലെസ് സൗകര്യം ലഭിക്കാത്തവരാണ് ചികില്‍സയ്ക്കു ശേഷം ക്ലെയിം അപേക്ഷ നല്‍കുന്നത്. ഇതിനു പുറമെ വീട്ടിലെ ചികില്‍സയ്ക്ക് പരിരക്ഷ ലഭിക്കുന്ന അപൂര്‍വ്വം പേരും ക്ലെയിം അപേക്ഷ നല്‍കും. 

വീണ്ടും അപേക്ഷിക്കാം

പലപ്പോഴും നമുക്കു നിസാരമെന്നു തോന്നിയേക്കാവുന്ന സാങ്കേതിക കാരണങ്ങള്‍ മൂലം ക്ലെയിം നിരസിക്കപ്പെട്ടേക്കാം. അവ പരിഹരിച്ച് വീണ്ടും അപേക്ഷ നല്‍കാന്‍ നിങ്ങള്‍ക്കു സാധിക്കും. പക്ഷേ, ഇതിന് മുമ്പ് എന്തു കൊണ്ടാണ് ക്ലെയിം നിരസിക്കപ്പെട്ടതെന്ന് മനസിലാക്കണം. തുടർന്ന് അവ പരിഹരിച്ച് പുതുതായി ക്ലെയിം അപേക്ഷ നല്‍കാം. ഇങ്ങനെ വീണ്ടും അപേക്ഷ നല്‍കുന്ന കാര്യം ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കുകയും വേണം. 

സര്‍ട്ടിഫിക്കറ്റിന് ഏറെ പ്രാധാന്യം

കോവിഡ് ചികില്‍സയ്ക്ക് ഇന്‍ഷൂറന്‍സ് തേടുമ്പോള്‍ പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.  പല പോളിസികളിലും ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്നുമുണ്ട്.  ഇതു നല്‍കിയിട്ടില്ലെങ്കില്‍ സ്വാഭാവികമായും ക്ലെയിം നിരസിക്കും. പരിശോധന നടത്തിയ ലാബില്‍ നിന്നു സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ വാങ്ങി പുതിയ അപേക്ഷയോടൊപ്പം നല്‍കാം. ഇനി നിര്‍ദ്ദിഷ്ട പരിശോധന നടത്തിയിട്ടില്ല എങ്കില്‍ വീണ്ടും അപേക്ഷ നല്‍കുന്നതു കൊണ്ട് ഗുണമില്ല. 

പൂരിപ്പിക്കുന്നതിലും തെറ്റു പറ്റാം

ക്ലെയിം ഫോം അടക്കമുള്ളവ പൂരിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന നിസാരമായ തെറ്റുകളും അപേക്ഷ നിരസിക്കുന്നതിനു വഴി വെച്ചേക്കാം. പോളിസി നമ്പര്‍, പേര് തുടങ്ങിയവ പോളിസി രേഖയിലുള്ള അതേ രീതിയില്‍ എഴുതാത്തതാവാം ചിലപ്പോള്‍ പ്രശ്‌നമാകുക. 

ആശുപത്രിയിലെ ചികില്‍സ

നിങ്ങള്‍ക്ക് ആശുപത്രിയില്‍ കിടന്നുള്ള ചികില്‍സ ആവശ്യമില്ലായിരുന്നു എന്നതാവും ക്ലെയിം നിരസിക്കുന്നതിനുള്ള ഒരു കാരണം.  ആശുപത്രിയില്‍ കിടന്നുള്ള ചികില്‍സ നിര്‍ദ്ദേശിച്ചുള്ള ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ സമര്‍പ്പിക്കുക എന്നതാണ് ഇവിടെ ചെയ്യാവുന്ന പോംവഴി. 

ഡിസ്ചാര്‍ജ് സമ്മറിക്കും പ്രാധാന്യം ഏറെ

കോവിഡ് ചികില്‍സയ്ക്കു ശേഷമുള്ള ഡിസ്ചാര്‍ജ് സമ്മറി ഏറെ പ്രധാനപ്പെട്ട ഒരു രേഖയാണ്. ഇതടക്കമുള്ള രേഖകള്‍ കൃത്യമല്ലാത്തത് ക്ലെയിം നിരസിക്കുന്നതിനു കാരണമാകും. ഇവ കൃത്യമായി നല്‍കുകയും ക്ലെയിം ഫോമില്‍ അബദ്ധത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തി പുതിയ അപേക്ഷ നല്‍കുകയും ചെയ്യാം. 

പരിധി കഴിഞ്ഞാല്‍ എന്തു ചെയ്യും? 

നിങ്ങള്‍ ക്ലെയിം തേടുന്ന പോളിസിയില്‍ ആകെയുള്ള പരിധിയോ ഏതെങ്കിലും പ്രത്യേക ഇനങ്ങളിലെ ഉപ പരിധിയോ മറികടന്നതിനെ തുടര്‍ന്നാവും ചികില്‍സയ്ക്ക് ചെലവായ തുക മുഴുവന്‍ കിട്ടാതെ വരിക. ഒന്നിലേറെ പോളിസികള്‍ ഉള്ളവരാണെങ്കിൽ ഇങ്ങനെ ഭാഗികമായി തുക അനുവദിച്ചതിന്റെ രേഖകളും ആശുപത്രി ബില്ലുകളുടെ പകര്‍പ്പുമായി അടുത്ത ഇന്‍ഷൂറന്‍സ് കമ്പനിക്ക് ക്ലെയിം അപേക്ഷ നല്‍കാനാവും. 

മറ്റു രോഗങ്ങളുണ്ടോ?

കോവിഡിനായുള്ള പ്രത്യേക ഇന്‍ഷൂറന്‍സ് എടുത്തവര്‍ക്ക് ഇതോടൊപ്പം മറ്റു രോഗങ്ങള്‍ക്ക് കൂടി ചികിൽസ നേടിയെങ്കില്‍ അതിന്റെ പേരില്‍ ക്ലെയിം നിരസിക്കപ്പെട്ടേക്കാം. കോവിഡ് ചികില്‍സയുടെ ഭാഗമായാണ് ഈ ചെലവുകള്‍ ഉണ്ടായതെന്നു ടിപിഎയോ ഇന്‍ഷൂറന്‍സ് കമ്പനിയേയോ ബോധ്യപ്പെടുത്തുകയാണ് ഇവിടെ ചെയ്യാനാവുക. ഇതിനായി മെഡിക്കല്‍ രേഖകളും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനുമെല്ലാം ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ അവയെല്ലാം രേഖാമൂലവും ഔദ്യോഗികമായ രീതിയിലും സമർപ്പിക്കണം. കോവിഡ് പ്രത്യേക പോളിസിക്കു പകരം നിങ്ങള്‍ക്കുള്ള സാധാരണ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ ക്ലെയിം നല്‍കുകയാണ് മറ്റൊരു പോംവഴി. ഇങ്ങനെ ചെയ്യുമ്പോള്‍ ക്ലെയിം നല്‍കാനുള്ള സമയ പരിധി കടന്നു പോകരുത്. 

ഇന്‍ഷൂറന്‍സ് കമ്പനിക്കു പരാതി നല്‍കാം

കോവിഡ് ക്ലെയിം നിരസിക്കുകയാണെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ തന്നെ പരാതി പരിഹാര സംവിധാനം പ്രയോജനപ്പെടുത്താനാവും. ഈ പരാതിയില്‍ 15 ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ ഐആര്‍ഡിഎയുടെ പരാതി പരിഹാര സംവിധാനത്തിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കാം. ഓംബുഡ്‌സ്മാനു പരാതി നല്‍കുന്നത് അടക്കമുള്ള പോംവഴികളും നിങ്ങള്‍ക്കു മുന്നിലുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനിക്ക് പരാതി നല്‍കുന്നതോടൊപ്പം ഫോര്‍മലായുള്ള ഒരു കത്തു കൂടി അയക്കുന്നത് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാക്കും. 

കാഷ്‌ലെസ് നിര്‍ബന്ധമാക്കി ഐആര്‍ഡിഎ

കോവിഡിനെ തുടര്‍ന്ന് ക്ലെയിം നിരസിക്കപ്പെടാതിരിക്കാന്‍ ഐആര്‍ഡിഎ നിരവധി നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. കാഷ്‌ലെസ് സൗകര്യമുണ്ടെങ്കിലും ചില ആശുപത്രികള്‍ ഇതു നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. സേവനത്തിനുള്ള ധാരണ (എസ്എല്‍എ) ഒപ്പു വെച്ചിട്ടുള്ള എല്ലാ ആശുപത്രികളും കോവിഡ് അടക്കം ഏതു ചികില്‍സയ്ക്കും കാഷ്‌ലെസ് സൗകര്യം നിര്‍ബന്ധമായും നല്‍കണമെന്നാണ് 2021 ഏപ്രില്‍ 22-ന് ഐആര്‍ഡിഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇക്കാര്യം സുഗമമാക്കാന്‍ ഇന്‍ഷൂറന്‍സ് കമ്പനികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാഷ്‌ലെസ് സൗകര്യത്തിന് അര്‍ഹതയുള്ളവരില്‍ നിന്ന് പണം മുന്‍കൂറായി വാങ്ങുന്നതിനും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതിനും എതിരെ ഏപ്രില്‍ 23-ന് മറ്റൊരു നിര്‍ദ്ദേശവും ഐആര്‍ഡിഎ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

English Summary : Covid and Health Insurance Claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com