ADVERTISEMENT

പണം കൊടുത്തു വാങ്ങിയ പോളിസികളിൽ അർഹമായ ആനുകൂല്യങ്ങൾ വാങ്ങിയെടുക്കുക എന്നത് പോളിസി ഉടമകളുടെ അവകാശമാണ്. ക്ലെയിം തള്ളിക്കളയുക, അർഹമായത്ര തുക അനുവദിക്കാതിരിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ പോളിസി ഉടമകൾക്ക് പലവിധത്തിൽ പരിഹാരം തേടാം.

പരിഹാരം കമ്പനികളിലൂടെ

താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ ഉത്തരവാദിത്തം ഒഴിവാക്കാനായി, എല്ലാം തികഞ്ഞ ക്ലെയിമുകൾ പോലും കൊടുക്കാതിരുന്നത് കാണാം. പോളിസി കാലഹരണപ്പെടുക, ഒഴിവാക്കപ്പെട്ട അസുഖങ്ങൾ, നേരത്തെ നിലനിന്നിരുന്ന അസുഖങ്ങൾ എന്നിങ്ങനെ അടിസ്ഥാനപരമായി ക്ലെയിം ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങളാലല്ലാതെ ക്ലെയിം അനുവദിക്കുന്നതിൽ പ്രശ്നങ്ങളുണ്ടായാൽ ഇൻഷുറൻസ് കമ്പനിയുടെ തന്നെ പരാതി പരിഹാര ഉദ്യോഗസ്ഥനു പരാതി നൽകാം. ഓരോ സംസ്‌ഥാനത്തെയും പരാതികൾ കേൾക്കുന്നതിന് റീജനൽ ഓഫിസ് തലത്തിൽ കമ്മിറ്റികൾ കൂടാതെ കേന്ദ്ര ഓഫിസ് തലത്തിൽ അപ്പീൽ കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട് .

ഡോക്ടറുടെ സാക്ഷ്യം പ്രധാനം 

പലപ്പോഴും നേരത്തേ നിലനിന്നിരുന്ന അസുഖമാണ്, ജന്മനാ പ്രശ്നമുണ്ടായിരുന്നു, സൗന്ദര്യം കൂട്ടാനുള്ള ചികിത്സ ആയിരുന്നു, ചികിത്സയ്ക്കു മുൻ‌കൂർ അനുമതി വാങ്ങിയില്ല എന്നൊക്കെപ്പറഞ്ഞാണ് ക്ലെയിം തട്ടിക്കളയുക. എടുത്ത ചികിത്സാ രീതിയെക്കുറിച്ചു ചോദ്യമുയർത്തി ഇൻഷുറൻസ് കമ്പനികൾ ‘സൂപ്പർ ഡോക്ടറാ’കുന്ന സന്ദർഭങ്ങളുമുണ്ടാകും. കമ്പനികൾ ഉയർത്തുന്ന ഇത്തരം ചോദ്യങ്ങൾക്ക്  ഉത്തരം നൽകാൻ ചികിത്സ വിധിച്ച ഡോക്ടറെത്തന്നെ സമീപിക്കണം.

ഡോക്ടർ നൽകുന്ന കുറിപ്പടികളും ചികിത്സാ റിപ്പോർട്ടുകളും, പരിശോധനാ ഫലങ്ങളും കമ്പനികൾക്കു നൽകും മുൻപേ സ്കാൻ ചെയ്ത് കോപ്പി കൈവശം വയ്ക്കാൻ മറക്കരുത്. ഇപ്പോൾ ആശുപത്രികളും ലാബുകളും പരിശോധനാ ഫലങ്ങളുടെ ഡിജിറ്റൽ അഥവാ സോഫ്റ്റ് കോപ്പി കൂടി നൽകുന്നതു വാങ്ങി സൂക്ഷിക്കാൻ മറക്കേണ്ട . ഓരോ തലത്തിലും പരാതിപ്പെടാൻ ഇതൊക്കെ പലതവണ ആവശ്യമായി വന്നേക്കാം.

ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ 

കേരളത്തിനകത്തുണ്ടാകുന്ന ഇൻഷുറൻസ് പരാതികൾ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ഓംബുഡ്സ്മാനു നൽകാം. ഇ–മെയിലിൽ നൽകാവുന്ന പരാതികളിൽ അടിസ്ഥാന കാരണങ്ങൾ വ്യക്തമാക്കുന്ന ക്ലെയിം രേഖകളും കമ്പനി നൽകിയ സ്വീകാര്യമല്ലാത്ത കത്തുകളും ഉൾപ്പെടുത്തണം. വിഡിയോ കോൾ ഉപയോഗിച്ച് ഓംബുഡ്സ്മാൻ നടത്തുന്ന വിചാരണകളിൽ പങ്കെടുത്ത് നഷ്ട പരിഹാരം ആവശ്യപ്പെടാം. ഓംബുഡ്സ്മാൻ നൽകുന്ന പരിഹാരം പോരാതെ വരുകയാണെങ്കിൽ ഉപഭോക്തൃ കോടതികളെ സമീപിക്കുകയുമാകാം.

സർക്കാർ തലത്തിലും ശ്രമിക്കാം 

ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികളും കേന്ദ്ര ഏജൻസിയായ ഐആർ ഡിഎഐയുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണു പ്രവർത്തിക്കുന്നത്. കമ്പനികൾ രമ്യമായി പ്രതിവിധി നൽകാതിരുന്നാൽ ക്ലെയിം സംബന്ധിച്ച പരാതികൾ ഐആർഡിഎഐ യുടെ സമഗ്ര പരാതി പരിഹാര പോർട്ടലിൽ ഓൺലൈൻ ആയി രേഖപ്പെടുത്താം.

കേന്ദ്ര ധനകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ പരാതി പരിഹാര സംവിധാനം എന്നിവ കോവിഡ് കാലമായതിനാൽ പരാതികൾക്ക് ഉടൻ തീർപ്പു നൽകും. മെഡിക്കൽ പോളിസികളിൽ അർഹമായ ആനുകൂല്യങ്ങൾ വാങ്ങിയെടുക്കുന്നതിൽ ഏതറ്റം വരെ ശ്രമിക്കാനും വിട്ടുവീഴ്ച പാടില്ല. കോവിഡ് ബാധിച്ചവർക്ക്, പണം നൽകാതെയുള്ള ചികിത്സയ്ക്ക് ആവശ്യപ്പെട്ട് 60 മിനിറ്റിനുള്ളിൽ അനുമതി നല്കിയിരിക്കണമെന്നു ഹൈക്കോടതിയും ഐആർഡിഎഐയും നിർദേശിച്ചത് ഈയിടെയാണ്.

English Summary : What to do if Mediclaim Rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com