ADVERTISEMENT

പണം കൊടുത്തു കൃഷിക്കു ഇന്‍ഷുറന്‍സ് എടുത്തിട്ടും കര്‍ഷകര്‍ക്ക് വിളനാശത്തിനു കിട്ടേണ്ട 100 കോടിയുടെ നഷ്ടപരിഹാരതുക നിഷേധിക്കപ്പെടുന്നു. 2019-20 ല്‍ ഇന്‍ഷുറന്‍സ് ചെയ്തവരുടെ ക്ലെയിമുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. 2020 ല്‍ തീര്‍ക്കേണ്ട ക്ലെയിമുകള്‍ 2021 ജൂണ്‍ ആയിട്ടും കൊടുത്തു തുടങ്ങിയിട്ടല്ല.

കൃഷിയെ പ്രോല്‍സാഹിപ്പിക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നൊക്കയുള്ള വന്‍പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപോക്കാണ് വിളനാശംകൊണ്ട് വലയുന്നവര്‍ക്ക് നൂറുകോടി രൂപയുടെ  നഷ്ടപരിഹാരം കിട്ടാത്തതിന്റെ ഏകകാരണം. കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ആയിരക്കണക്കിനു കര്‍ഷകരാണ് ക്ലെയിമിനായി കാത്തിരിക്കുന്നത്.

 2019-20 ലെ ഏതാണ്ട് നൂറു കോടി രൂപയുടെ ക്ലെയിം തുകയാണ് കര്‍ഷകര്‍ക്കു കിട്ടാനുള്ളത്. ഈ ക്ലെയിമുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി വെച്ചിരിക്കുകയാണ് എന്നാണ് അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നത്. പക്ഷേ  പ്രീമിയത്തിന്റെ സബ്‌സിഡി ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട 25 കോടിയോളം രൂപ നല്‍കിയിട്ടില്ല. അതു ലഭിക്കാതെ ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം നല്‍കാനുമാകില്ല. അങ്ങനെ തീര്‍പ്പാക്കാനാകില്ല.  ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് വന്നെങ്കിലും തുക എന്നു കൈമാറുമെന്നതിനെ കുറിച്ച് അറിയിപ്പൊന്നും ഇല്ല.

നേരിട്ടത് വന്‍കൃഷിനാശം

 ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മഴയും കാലാവസ്ഥാമാറ്റവും മൂലം വന്‍കൃഷിനാശം ആണ് കേരളത്തിലെ കര്‍ഷകര്‍  നേരിട്ടത്. മിക്കവരും വലിയ പ്രതിസന്ധിയിലാണ്. സമയത്ത് ക്ലെയിം കൂടി കിട്ടാതെ വന്നതോടെ  പിടിച്ചുനില്‍ക്കാനുള്ള അവരുടെ ശ്രമത്തിനു പോലും തിരിച്ചടിയായിരിക്കുകയാണ്. തങ്ങളെ ആത്മഹത്യയിലേയ്ക്ക് തള്ളി വിടാതെ എത്രയും പെട്ടെന്നു ക്ലെയിം വിതരണം ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

മഴയും പ്രകൃതി ദുരന്തങ്ങളും മൂലമുള്ള നാശനഷ്ടങ്ങളില്‍ സംരംക്ഷണം നല്‍കാനായി പ്രധാനമന്ത്രി ഫസല്‍ ബീമ യോജന,  കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് എന്നിങ്ങനെ രണ്ടു പോളിസികളാണ് ഇന്ത്യയിലുള്ളത്. വിളകള്‍ മാറുന്നതനുസരിച്ച്് കവറേജ് തുകയും അതിനുള്ള  പ്രീമിയവും മാറും. പൊതുവേ പറഞ്ഞാല്‍ കവറേജ് തുകയുടെ 10 മുതല്‍ 30 ശതമാനം വരെയാണ് പ്രീമിയം ഈടാക്കുന്നത്. പക്ഷേ  2 മുതല്‍ 5 ശതമാനമേ കര്‍ഷകര്‍ നല്‍കേണ്ടതുള്ളൂ, ബാക്കി കേന്ദ്രസംസ്ഥാന – സര്‍ക്കാരുകള്‍  തുല്യമായി നല്‍കും.

ഉദാഹരണത്തിനു ഒരു ഏക്കറിലെ നെല്‍കൃഷി 32000 രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്യാന്‍ കര്‍ഷകന്‍ 640 രൂപ(2%) മുടക്കിയാല്‍ മതി. 10% പ്രീമിയം ഉള്ള ഈ പോളിസിയില്‍ രണ്ടു ശതമാനം കര്‍ഷകന്‍ നല്‍കിയാല്‍ ബാക്കി  8%  കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍  തുല്യമായി നല്‍കും.  അതായത് 4% വീതം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡിയാണ്.

അര്‍ഹതപ്പെട്ട തുക

സര്‍ക്കാര്‍ സബ്‌സിഡിയാണെങ്കിലും പ്രീമിയം മുഴുവന്‍ കിട്ടിയാലേ  ക്ലെയിം നല്‍കാനാകു എന്നതാണ്  ഇന്‍ഷുറന്‍സ് കമ്പനിയുടെ നിയമം. കര്‍ഷകര്‍ അവരുടെ വിഹിതം ആദ്യമേ തന്നെ നല്‍കിയാണ് പോളിസിയില്‍ ചേരുന്നത്. കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തിലെ വിഹിതം ഇതിനകം  നല്‍കിക്കഴിഞ്ഞു.  ഇനി സംസ്ഥാനവിഹിതം കിട്ടാനുള്ള കാത്തിരിപ്പാണ്. അതു കൂടി കിട്ടിയാലെ കമ്പനി  നഷ്ടപരിഹാര തുക നല്‍കൂ.

ഇവിടെ 100 കോടി കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ട 25 കോടി രൂപ ഉടന്‍ നല്‍കണം. വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്ന സ്ഥാനത്തു അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുകയെങ്കിലും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സംഭവിച്ച വിളനാശത്തിനു നഷ്ടപരിഹാരം കിട്ടാതെ തന്നെ പുതിയ പ്രീമിയം അടച്ച് വീണ്ടും പോളിസി എടുക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.  ഇന്‍ഷുറന്‍സിനോടുള്ള അവരുടെ വിശ്വാസം ഇല്ലാതാക്കും എന്ന വലിയ അപകടം കൂടിയുണ്ട്.

English Summary: Delay in 100 Crore Crop Insurance

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com