ADVERTISEMENT

സുഹൃത്തുക്കവും പരിചയക്കാരുമായ ഇൻഷുറൻസ് ഏജന്റുമാരുടെ നിർബന്ധത്തിനു വഴങ്ങി പല ഇന്‍ഷുറന്‍സ് പദ്ധതികളിലും നമ്മള്‍ ചേര്‍ന്നിട്ടുണ്ടാകും. തുടക്കത്തില്‍ വര്‍ഷങ്ങളോളം പ്രീമയം കൃത്യതയോടെ അടച്ചെങ്കിലും പിന്നീട് സാമ്പത്തിക പ്രയാസം വന്നപ്പോള്‍ പോളിസി വഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ടാകാം. ചിലപ്പോൾ പോളിസി ഉടമ തന്നെ ഇതേ കുറിച്ച് മറന്നിട്ടുമുണ്ടാകും. മരണം മൂലവും മറ്റും പോളിസി അനാഥമായ സംഭവങ്ങളും നിരവധിയുണ്ട്. ഇത്തരം കേസുകളിലൊന്നും പിന്നീട് പോളിസി കാലാവധി കഴിയുമ്പോള്‍ തുക കൈപ്പറ്റാന്‍ ആരും എത്താറില്ല. അങ്ങനെ അവകാശികളില്ലാതെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കെട്ടിക്കിടക്കുന്ന തുക 15,167 കോടി രൂപയാണ്. 2018 ലെ കണക്കനുസരിച്ച് രാജ്യത്തെ 23 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലാണ് ഇത്രയും തുക അനാഥമായി കിടക്കുന്നത്. എല്‍ ഐ സിയില്‍ മാത്രം 7,000 കോടി രൂപ ഇങ്ങനെ നാഥനില്ലാതെ കിടക്കുന്നു.

പോളിസി ഉപേക്ഷിക്കരുത്

ഇങ്ങനെ കെട്ടിക്കിടക്കുന്ന തുകയില്‍ നല്ലൊരു ശതമാനം പോളിസി പാതി വഴിയില്‍ ഉപേക്ഷിച്ചവരുടേതാണ്. പലപ്പോഴും പല നിര്‍ബന്ധത്തിന് വഴങ്ങി പോളിസി എടുത്ത് വര്‍ഷങ്ങളോളം അടച്ച് ഒഴിവാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പാതി വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ പിന്നീട് തിരിഞ്ഞ് നോക്കുകയുമില്ല.  മിക്ക കേസുകളിലും നിക്ഷേപ വിവരം പങ്ക് വയ്ക്കാത്തതിനാല്‍ നോമിനികള്‍ പോലും ഇത്തരം നിക്ഷേപങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നുമില്ല. ഫലത്തില്‍ ഒരു പുരുഷായുസിന്റെ സ്വപ്‌നം ആര്‍ക്കുമില്ലാതെ പോകുന്നു.

വെബ്‌സൈറ്റ് പരിശോധിക്കാം

1,000 രൂപയില്‍ കൂടുതലാണ് അവകാശികളില്ലാത്ത പണമെങ്കില്‍ അത്തരം അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ കമ്പനികള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് ഐ ആര്‍ ഡി എ ഐ വ്യക്തമാക്കുന്നത്. പോളിസി നമ്പര്‍, ഉടമയുടെ പേര്, ജനനതീയതി, പാന്‍നമ്പര്‍ എന്നിവ ഈ സൈറ്റില്‍ നല്‍കിയാല്‍ അവകാശികളില്ലാത്ത പണം അക്കൗണ്ടിലുണ്ടോ എന്നറിയാം. നല്‍കുന്ന വിവരങ്ങള്‍ ഒത്തു നോക്കി സിസ്റ്റം തന്നെ മറുപടി നല്‍കും. തുക ഉണ്ടെങ്കില്‍ പോളിസി ഉടമയ്ക്കോ, അയാളുടെ പ്രതിനിധിയ്‌ക്കോ, അനന്തരാവകാശിക്കോ കമ്പനിയുമായി ബന്ധപ്പെടാം.

പോളിസി എടുക്കുമ്പോള്‍ ശ്രദ്ധിക്കാം

കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം ഇങ്ങനെ ദീര്‍ഘ കാലയളവില്‍ നിക്ഷേപിക്കുമ്പോള്‍ അടവ് മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ദീര്‍ഘ കാലയളവില്‍ ഗഢു മുടങ്ങാന്‍ സാധ്യതയുണ്ടെങ്കില്‍ നിക്ഷേപം ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം നിക്ഷേപ വിവരങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്ക് വയ്ക്കണം. കൂടാതെ കൃത്യമായി നോമിനിയെ വയ്ക്കുകയും ആ വിവരം പങ്കു വയ്ക്കുകയും വേണം. ഒരായുസിലെ അധ്വാനം ആര്‍ക്കുമില്ലാതെ പോകുന്നത് ഇങ്ങനെ ഒഴിവാക്കാം.

English Summary : What to do If You have Discontinued Your Life Insurance Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com