1400 രൂപ 35 ലക്ഷമാകുന്ന മാജിക് എങ്ങനെയെന്നറിയാം
Mail This Article
ഇന്ത്യയിലെ തപാൽ വകുപ്പ് പോസ്റ്റ് ഓഫീസുകൾ വഴി നടപ്പാക്കിയിട്ടുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പ്ലാൻ ആണ് ഗ്രാം സുരക്ഷാ സ്ക്കീം. കുറഞ്ഞ നിക്ഷേപം കൂടുതൽ ലാഭം ഒപ്പം ഇൻഷുറൻസ് പരിരക്ഷയും. ഇതാണ് 1995 മുതൽ തപാൽ വകുപ്പ് നടപ്പാക്കിയിട്ടുള്ള ഈ പദ്ധതിയുടെ പ്രത്യേകത.
ഈ ഹോൾ ലൈഫ് അഷ്വറൻസ് പ്ലാൻ പ്രകാരം അഞ്ചു വർഷം തുടർച്ചയായി പ്രീമിയം അടയ്ക്കണം. അഞ്ചു വർഷത്തിനു ശേഷം താൽപര്യമുള്ളവർക്ക് എൻഡോവ്മെന്റ് അഷ്വറൻസ് പോളിസിയിലേക്ക് മാറാനും സൗകര്യമുണ്ട്. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ നേട്ടവും ബോണസും നൽകുന്ന ഏക ഇൻഷുറൻസ് പ്ലാൻ എന്നാണ് നടത്തിപ്പുകാർ അവകാശപ്പെടുന്നത്.
ആർക്കെല്ലാം ചേരാം, പ്രത്യേകതകൾ
ഗ്രാമീണർക്കും ദുർബല വിഭാഗങ്ങൾക്കും മുൻഗണന നൽകുന്നു. ലൈഫ് ഇൻഷുറൻസിന്റെ ആവശ്യകത ഇവരിൽ വളർത്തുവാൻ ലക്ഷ്യമിട്ടുള്ള പ്ലാൻ ആണിത്.
∙19 വയസ്സു മുതൽ 55 വയസ്സു വരെയുള്ളവർക്ക് ചേരാം.
∙ചുരുങ്ങിയ ഇൻഷുറൻസ് പരിരക്ഷ 10000 രൂപ.
∙പ്രതിമാസ, ത്രൈമാസ, അർധവർഷ, വാർഷികാടിസ്ഥാനത്തിൽ പ്രീമിയം അടയ്ക്കാo .
∙ആദായ നികുതി വകുപ്പുകൾ 88, 80 c പ്രകാരം നികുതി ഇളവുകൾ ഉണ്ട്.
∙പോളിസി കാലയളവിൽ കക്ഷി മരിക്കുകയാണെങ്കിൽ നോമിനിക്ക് ഡെത്ത് ബെനഫിറ്റ് കിട്ടും.
∙നിക്ഷേപം തുടങ്ങി 4 വർഷം കഴിയുമ്പോൾ ലോൺ എടുക്കാം. പലിശ 10% കൊടുക്കേണ്ടിവരും
∙പ്രീമിയം അടവിന് 30 ദിവസം ഗ്രേസ് പിരീഡ് ഉണ്ട്.
∙തുടങ്ങി 3 വർഷം കഴിഞ്ഞാൽ വേണമെങ്കിൽ സറണ്ടർ ചെയ്യാം.
∙അഞ്ചു വർഷം തികയും മുമ്പ് സറണ്ടർ ചെയ്യുന്നവർക്ക് ബോണസിന് അർഹതയില്ല.
∙55,58, 60 വയസ്സു വരെ പ്രീമിയം അടയ്ക്കുവാൻ അവസരമുണ്ട്.
നേട്ടത്തിന്റെ ഗണിത ശാസ്ത്രം
19 വയസ്സിൽ പ്രതിമാസം 1515 രൂപ പ്രീമിയം അടയ്ക്കുന്ന വ്യക്തിക്ക് 55-ാം വയസ്സിൽ 31.60 ലക്ഷം രൂപ കിട്ടുന്നു. 58 വയസ്സു വരെയാണ് പ്രീമിയം അടയ്ക്കുന്നതെങ്കിൽ 1463 രൂപ പ്രതിമാസം ഇടണം. 58-ാം വയസ്സിൽ കിട്ടുക 33.40 ലക്ഷം രൂപ. 60 വയസ്സു വരെ പ്രതിമാസം 1411 രൂപ വച്ച് പ്രീമിയം അടച്ചാൽ 60-ാം വയസ്സിൽ കിട്ടുക 34.60 ലക്ഷം രൂപയായിരിക്കും.
English Summary : Know More about Gram surksha Scheme, a whole Life Insurance Plan from Postal Department