ADVERTISEMENT

മഴക്കാലം അസുഖങ്ങളുടെ കാലം കൂടിയാണ്. വൈറൽ പനി,‍ഡെങ്കിപ്പനി, കോവിഡ്.. ഇങ്ങനെ ഏതു പനിയും എപ്പോൾ വേണമെങ്കിലും പിടിപെടാം. ചികില്‍സാ ചെലവാകട്ടെ കുതിക്കുകയാണ്. അസുഖത്തെ തുടർന്നുള്ള ആശുപത്രിവാസം കുടുംബത്തിന്റെ സാമ്പത്തിക നിലയെ ആകെ തകിടം മറിക്കും. ഒരു ആരോഗ്യ ഇൻഷുറൻസ് സഹായി ആകുന്നത് ഇവിടെയാണ്. ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട ചെലവുകളില്‍ നിന്ന് സാമ്പത്തികമായി പരിരക്ഷ നേടുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

നേരത്തെ എടുത്താൽ നേട്ടങ്ങളിവയാണ്

ചെറുപ്പവും ആരോഗ്യവുമുള്ളപ്പോള്‍ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നത് കൊണ്ട് ഏറെ നേട്ടങ്ങളുണ്ട്. പോളിസി ഉടമയുടെ പ്രായവും രോഗങ്ങളും കണക്കിലെടുത്താണ് ഇന്‍ഷുറന്‍സ് പ്രീമിയം കണക്കാക്കുന്നത്. അതുകൊണ്ട് ചെറുപ്പത്തില്‍ രോഗങ്ങളൊന്നും ഇല്ലാത്ത സമയത്ത് എടുത്താല്‍ കുറഞ്ഞ പ്രീമിയത്തില്‍ പോളിസി ലഭിക്കും. വിപുലമായ കവറേജും ഉറപ്പാണ്. തിമിരം, കാല്‍മുട്ട് മാറ്റിവയ്ക്കല്‍ തുടങ്ങിയ ചില രോഗങ്ങള്‍ക്കുള്ള നിര്‍ബന്ധിത കാത്തിരിപ്പ് കാലാവധി യുവ പോളിസി ഉടമകള്‍ക്ക് കുറവായിരിക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ജോലി ചെയ്യുന്ന സ്ഥാപനം നൽകുന്ന പൊതുവെ 3-5 ലക്ഷം രൂപയുടെ കവര്‍ വരുന്ന മെഡിക്ലെയിം പോളിസിയാണെങ്കില്‍ ഒരേ വര്‍ഷം തന്നെ നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഖമില്ലാതായാല്‍ ചെലവിനുള്ള തുക ലഭിക്കുമോ എന്ന് പരിശോധിക്കുക. മെഡിക്കല്‍ പണപ്പെരുപ്പം ഓരോ വര്‍ഷവും 15 ശതമാനം വര്‍ധിക്കുന്നുണ്ട് എന്നതും കണക്കിലെടുക്കണം.

വ്യക്തിഗത/ഫാമിലി ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് തുക നിങ്ങള്‍ക്ക് തീരുമാനിക്കാം. ആവശ്യം അനുസരിച്ച് ആഡ്-ഓണ്‍ കവറുകള്‍ കൂട്ടുകയും ചെയ്യാം. വ്യക്തിഗത പോളിസി ഉണ്ടെങ്കില്‍ നിങ്ങളുടെ തൊഴില്‍ മാറിയാലും നിര്‍ത്തിയാലും ആരോഗ്യ പോളിസി പരിരക്ഷ തുടരും. അതുകൊണ്ട് വ്യക്തിഗത/ ഫാമിലി ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്. 

ആദ്യമായി വാങ്ങും മുമ്പ് 

∙ഇന്‍ഷുറന്‍സ് തുക നിങ്ങളുടെ ശമ്പളം, നിങ്ങള്‍ താമസിക്കുന്ന സ്ഥലം, കുടുംബ രോഗ ചരിത്രം എന്നിവയെ ആശ്രയിച്ചിരിക്കുന്നതാണ് നല്ലത്.

∙നാലു പേര്‍ അടങ്ങുന്ന കുടുംബമാണെങ്കില്‍, സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ കുറഞ്ഞത് 15-20 ലക്ഷം രൂപയുടെ കവറേജ് എടുക്കുന്നതാണ് നല്ലത്.

∙ഇന്‍ഷുറന്‍സ് എടുക്കുന്ന കമ്പനിയുടെ ആശുപത്രി നെറ്റ്‌വര്‍ക്ക് സൗകര്യം പരിശോധിക്കണം. കാഷ്‌ലെസ് സൗകര്യം, ഹെല്‍ത്ത് കവറില്‍ നിന്നും ഒഴിവാക്കപ്പെടുന്ന അസുഖങ്ങള്‍ എന്നിവയും ഇന്‍ഷുറന്‍സ് കമ്പനിയുടെ ആഡ്-ഓണുകളും പരിശോധിക്കണം.

∙ആരോഗ്യ ഇന്‍ഷുറന്‍സിൽ പരമാവധി സംരക്ഷണം ആയിരിക്കണം ഏറ്റവും പ്രധാനം. 

 ലേഖകൻ റിലയൻസ് ജനറൽ ഇൻഷുറൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. അഭിപ്രായങ്ങൾ വ്യക്തിപരം

English Summary: Know these Things before Buying Health Insurance Policies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com