സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഏറ്റവും കൂടുതൽ ആനുകൂല്യം നേടിയത് കോഴിക്കോട് ജില്ലക്കാർ. 4509 ക്ലെയിമുകളിലായി 13,17,14,777 രൂപ കോഴിക്കോട് ജില്ലക്കായി ഇതുവരെ അനുവദിച്ചു. സെപ്റ്റംബർ 1 ലെ കണക്കാണിത്. എറണാകുളം (3459), മലപ്പുറം (3208) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
കൊല്ലം എൻ എസ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ ചികിത്സ (1044) ലഭ്യമാക്കിയത്. തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് (947), കണ്ണൂർ എ കെ ജി ആശുപത്രി (753) എന്നി ഹോസ്പിറ്റലുകളാണ് തൊട്ടു പിന്നിൽ. തിരുവനന്തപുരം ആർ സി സി (377)യാണ് ചികിത്സയിൽ മുന്നിലുള്ള സർക്കാർ ആശുപത്രി. കോട്ടയം മെഡിക്കൽ കോളേജ് (328), തിരുവനന്തപുരം മെഡിക്കൽ കോളേജ് (194) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.
പദ്ധതി ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോൾ സംസ്ഥാനത്താകെ 24,049 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി. ഇതിനായി 73,34,24,549 രൂപ അനുവദിച്ചു. ഇതിൽ 71,06,87,954 രൂപയും അനുവദിച്ചത് സ്വകാര്യ ആശുപത്രികൾക്കാണ്. 22,736,595 രൂപ സർക്കാർ ആശുപത്രികൾക്കും അനുവദിച്ചു.
English Summary : Who gets the Medisep Benefits more.