ADVERTISEMENT

വിവിധ ആസ്തി വിഭാഗങ്ങളില്‍ മാറി മാറി നിക്ഷേപിക്കാനുള്ള സൗകര്യമാണ് യൂലിപുകളെ കൂടുതല്‍ സ്വീകാര്യമാക്കിയത്. മറ്റ് നിക്ഷേപ മേഖലകളില്‍ നിന്നു വ്യത്യസ്തമായി ചെലവില്ലാതെ ഓരോ വര്‍ഷവും നിശ്ചിത എണ്ണം സ്വിച്ചിങുകള്‍ നടത്താന്‍ യൂലിപ്പിനാകുമെന്നത് നിക്ഷേപകര്‍ക്കിടയില്‍ അതിനെ പ്രിയങ്കരമാക്കുന്നു.

ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കു പുറമെ ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കല്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കല്‍, നികുതി നേട്ടം എന്നീ ഗുണങ്ങളും യൂലിപുകള്‍ നല്‍കുന്നുണ്ട്. ഓഹരികള്‍, കടപ്പത്രം, ബാലന്‍സ്ഡ് ഫണ്ടുകള്‍ എന്നിങ്ങനെ പൊതുവായി മൂന്നു വിഭാഗങ്ങളിലേക്കാണല്ലോ സ്വിച്ചിങ് നടത്തുക. നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഇവ ഓരോന്നിനും അതിന്‍റേതായ സവിശേഷതകളുമുണ്ട്. 

ചാഞ്ചാട്ടം എന്ന അപകടം

ദീര്‍ഘകാലത്തില്‍ വന്‍ നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ളവയാണ് ഓഹരി വിഭാഗം ഫണ്ടുകള്‍. എന്നാല്‍ ഇതേ സമയം തന്നെ അവയ്ക്ക് വിപണിയിലെ ചാഞ്ചാട്ടം എന്ന അപകട സാധ്യതയുമുണ്ട്. വിപണിയില്‍ ചാഞ്ചാട്ടമുണ്ടാകുമെങ്കിലും ദീര്‍ഘകാലത്തില്‍ അവ നിക്ഷേപത്തെ ബാധിക്കാന്‍ സാധ്യത കുറവാണ്.  അതുകൊണ്ടു തന്നെ വിപണിയുടെ കയറ്റിറക്കങ്ങള്‍ക്കിടയിലും യൂലിപുകളിലെ ഓഹരി ഫണ്ടുകളില്‍ ദീര്‍ഘകാലം നിക്ഷേപം തുടരേണ്ടതുണ്ട്. 

ഉദാഹരണത്തിന് യുവ പ്രൊഫഷണലുകള്‍ക്ക് ദീര്‍ഘകാല നിക്ഷേപ അവസരമുണ്ടാകും. നേരത്തെ വിരമിക്കാമുള്ള് പ്ലാനും അവര്‍ക്കുണ്ടാകും. നഷ്ട സാധ്യതകള്‍ നേരിടാനും അവര്‍ തയ്യാറായിരിക്കും. ഇത്തരക്കാര്‍ക്ക് അവരുടെ നിക്ഷേപത്തിന്‍റെ ഗണ്യമായ പങ്ക് യൂലിപിലെ ഓഹരി വിഭാഗം ഫണ്ടുകളില്‍ വകയിരുത്താം. 

ഇനി മറ്റൊരു പശ്ചാത്തലം വിലയിരുത്താം. ശാന്തമായി സ്ഥിരതയോടെ മുന്നോട്ടു പോകുന്ന ചിന്താഗതിയാണെങ്കില്‍  യൂലിപുകളിലെ ഡെറ്റ് ഫണ്ടുകള്‍ അതിനുള്ള മികച്ച അവസരമാണ്. സ്ഥിര നിക്ഷേപ പദ്ധതികളിലാവും ഈ ഫണ്ടുകളുടെ മുഖ്യ നിക്ഷേപം. സര്‍ക്കാര്‍ ബോണ്ടുകള്‍, കോര്‍പറേറ്റ് ബോണ്ടുകള്‍, മണി മാര്‍ക്കറ്റ് പദ്ധതികള്‍ എന്നിവ ഇതില്‍ പെടും. ഓഹരികളുടേതു പോലുള്ള വന്‍ നേട്ടം ഇവ നല്‍കില്ലെങ്കിലും നിങ്ങളുടെ നിക്ഷേപത്തിന് വിശ്വസനീയമായ അടിത്തറ നല്‍കും. 

റിട്ടയര്‍മെന്‍റിലേക്ക് അടുക്കുന്ന മധ്യവയസുള്ളവരുടെ കാര്യം പരിഗണിക്കാം. സ്ഥിരതയും തങ്ങള്‍ സ്വരൂപിച്ച നിക്ഷേപം സംരക്ഷിക്കുന്നതിനുമായിരിക്കും അവര്‍ പരമ പ്രാധാന്യം നൽകുക. യൂലിപുകളിലെ ഡെറ്റ് ഫണ്ടുകള്‍ ഇവിടെ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കെതിരായ പരിചയായി വര്‍ത്തിക്കും.  റിട്ടയര്‍മെന്‍റ് കാലത്തെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവയിലൂടെ ലഭിക്കുന്ന തുടര്‍ച്ചയായ വരുമാനം സഹായകമാകും. 

ബാലന്‍സ്ഡ് ഫണ്ടുകൾ 

നഷ്ടസാധ്യതയും സ്ഥിരതയും തമ്മിലുള്ള സന്തുലനമാണ് ബാലന്‍സ്ഡ് ഫണ്ടുകളിലേത്.  ഓഹരികളിലും ഡെറ്റ് വിഭാഗങ്ങളിലും ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തും. വളര്‍ച്ചാ സാധ്യതയും പരിരക്ഷയും ചേര്‍ത്ത് ഇവ ലഭ്യമാക്കുകയും ചെയ്യും. മിതമായ വരുമാനവും താരതമ്യേന കുറഞ്ഞ നഷ്ട സാധ്യതയും ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടുകളാണ് ഈ വിഭാഗം. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തുന്നവരെ പോലുള്ളവര്‍ക്ക് ഏറെ ഗുണകരമായ മേഖലയാണ് ഇത്.  വന്‍ തോതിലുള്ള നഷ്ട സാധ്യതകള്‍ ഇല്ലാതെ വരുമാനം വര്‍ധിപ്പിക്കാന്‍ ഇവ സഹായകമാകും. 

എന്തിനു വേണ്ടി സ്വിച്ചിങ് നടത്തണം?

നഷ്ട സാധ്യതകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു മുന്നോട്ടു പോകാന്‍ യൂലിപുകളിലെ സ്വിച്ചിങ് സംവിധാനം സഹായകമാകും.  വിപണി സാഹചര്യങ്ങള്‍ നിരീക്ഷിച്ച് നിക്ഷേപ തന്ത്രങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഇതു സഹായകമാകും. വിപണിയിലെ ഇടിവിലൂടെ നിക്ഷേപത്തിലും  ഇടിവുണ്ടാകുന്നതു തടയാന്‍ ഇതു സഹായിക്കും. വിപണിയുടെ പ്രവണതകള്‍ കൃത്യമായി നിരീക്ഷിച്ച് സമയാസമയങ്ങളില്‍ സ്വിച്ചിങ് നടത്തിയാല്‍ നിക്ഷേപകര്‍ക്ക് തങ്ങളുടെ വരുമാനം പരമാവധി വര്‍ധിപ്പിക്കാനാവും. എന്നാല്‍ വന്‍ അനുഭവ സമ്പത്തുള്ള നിക്ഷേപകര്‍ക്കു പോലും വിപണി ഗതിയുടെ സമയം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. വിപണി പ്രവണതകള്‍ നിരീക്ഷിക്കുകയും ഫിനാന്‍ഷ്യല്‍ അഡ്വൈസറോട് ഉപദേശം തേടുകയും വ്യക്തിഗത നിക്ഷേപ ലക്ഷ്യങ്ങള്‍ വിലയിരുത്തുകയും ചെയ്ത ശേഷം മാത്രമായിരിക്കണം സ്വിച്ചിങ് നടത്തേണ്ടത്.  

മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചു മാറ്റം വരുത്താം

ജീവിത സാഹചര്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും കാലത്തിനനുസരിച്ച് ഉരുത്തിരിഞ്ഞു വരുന്നതാണ്. ഉദാഹരണത്തിന് വലിയ തോതില്‍ നഷ്ട സാധ്യത നേരിടാന്‍ സാധിക്കുന്ന യുവ നിക്ഷേപകര്‍ക്ക് തുടക്കത്തില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ നിക്ഷേപം നടത്തുകയും പിന്നീട് ക്രമമായി പരമ്പരാഗത രീതിയിലേക്കു പോകുകയും റിട്ടയര്‍മെന്‍റ് കാലത്തെ സമീപിക്കുകയും ചെയ്യാം. 10-15 വര്‍ഷത്തെ നിക്ഷേപ ലക്ഷ്യവുമായി മുന്നേറുകയും സമ്പത്തു സൃഷ്ടിക്കുകയെന്നത് തുടര്‍ച്ചയായി ക്രമമായുള്ള പ്രക്രിയയാണെന്ന് മനസിലാക്കുകയും ചെയ്യുന്നവര്‍ക്ക് ശക്തമായ സാമ്പത്തിക അടിത്തറ തയ്യാറാക്കാന്‍ യൂലിപുകള്‍ ഏറെ സഹായകമായിരിക്കും.

ലേഖകൻ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഡിസ്ട്രിബ്യൂട്ടിങ് ഓഫിസറാണ്

English Summary : Make more Benefit from ULIP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com