sections
MORE

വനിതകളുടെ നിക്ഷേപം കൂടുതല്‍ മികച്ചതാക്കാന്‍ അഞ്ചു ചുവടുവെപ്പുകള്‍

HIGHLIGHTS
  • അടിയന്തിരാവശ്യങ്ങൾക്ക് പെട്ടെന്നെടുക്കാനാകുന്ന വിധത്തിലുള്ള എമർജൻസി ഫണ്ട് വേണം
girl-planning1
SHARE

ആഗോള തലത്തില്‍ പുരുഷന്‍മാരേക്കാള്‍ 1.8 ശതമാനം കൂടുതല്‍ വരുമാനമാണ് സ്ത്രീകള്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നു ലഭിക്കുന്നത്. ഇന്ത്യയിലെ പുതുതലമുറ വനിതകള്‍ക്കും നിക്ഷേപത്തില്‍ നിന്ന് ഇതേ രീതിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിക്കൂടേ? ചെലവുകള്‍ കുറച്ചു മിച്ചം പിടിക്കുകയല്ല, മികച്ചനിക്ഷേപം കെട്ടിപ്പടുക്കുകയായിരിക്കണം ഇന്ത്യന്‍ വനിതകളുടേയും ലക്ഷ്യം.ഇതിനായി അഞ്ചു ചുവടുവെപ്പുകളിലൂടെ മുന്നേറാം.

1. വരുമാനമുണ്ടാക്കി തുടങ്ങുമ്പോള്‍ മുതല്‍ തന്നെ നികുതി ആസൂത്രണവും തുടങ്ങുക

ഇതിന് ഏറെ സഹായകമായവയാണ് ഇ എല്‍ എസ് എസ് എന്ന ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികള്‍. എസ് ഐ പി രീതിയില്‍ അവയില്‍ നിക്ഷേപിച്ചാല്‍ നിക്ഷേപത്തിലൂടെ ദീര്‍ഘകാലത്തില്‍ ആസ്തികള്‍ സൃഷ്ടിക്കാനാവും. അതോടൊപ്പം നികുതി ലാഭിക്കാനുംകഴിയും. വെറും അഞ്ഞൂറു രൂപ മുതലുള്ള എസ് ഐ പി കള്‍ ആരംഭിക്കാമല്ലോ. നികുതി ആനൂകൂല്യങ്ങള്‍ നല്‍കുന്ന മറ്റു പദ്ധതികളേക്കാള്‍ മികച്ച വരുമാനമാണ് (12ശതമാനത്തിലേറെ) ഇ എല്‍ എസ് എസ് പദ്ധതികള്‍ നല്‍കിയിട്ടുള്ളത്.

2. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള ഫണ്ട് തയ്യാറാക്കി വെക്കുക

പ്രതീക്ഷിക്കാത്ത ആവശ്യങ്ങള്‍ ഉണ്ടായാല്‍ നേരിടാനായി നിങ്ങളുടെ പ്രതിമാസചെലവുകളുടെ 3-6 മടങ്ങെങ്കിലും വരുന്ന തുക കൈവശമുണ്ടെന്ന് വനിതകള്‍ ഉറപ്പുവരുത്തണം. എപ്പോള്‍ വേണ്ടി വന്നാലും എടുക്കാനാവും വിധം ലിക്വിഡ് ഫണ്ടുകള്‍പോലുള്ളവയിലായിരിക്കണം ഇതു സൂക്ഷിക്കേണ്ടത്. 24 മണിക്കൂറിനകം പണംപിന്‍വലിക്കാം, ഭാഗികമായി പിന്‍വലിക്കാം, എളുപ്പത്തില്‍ പുനര്‍ നിക്ഷേപംനടത്താം തുടങ്ങിയ ഗുണങ്ങളുള്ള ഇത് എ ടി എം പോലെ പ്രയോജനപ്പെടുത്താനാവും

3. മ്യൂചല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

ചെറുപ്പക്കാരായ വനിതകള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ 80 ശതമാനത്തിലേറെ ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതായിരിക്കും. മികച്ചത്. ഇങ്ങനെ എസ് ഐ പി വഴി പ്രതിമാസം മൂവായിരം രൂപ വീതമാണു നിക്ഷേപിക്കുന്നതെന്നു കരുതുക.പത്തു വര്‍ഷത്തിനു ശേഷം ഏഴു ലക്ഷത്തിലേറെ ആസ്തിയാവും ഇങ്ങനെ നിക്ഷേപിക്കുന്ന വനിതയ്ക്ക് സൃഷ്ടിക്കാനാവുക.

4. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളെന്തെന്ന് നിശ്ചയിക്കുക

നിക്ഷേപം ആരംഭിക്കുന്ന വേളയില്‍ തന്നെ വനിതകള്‍ തങ്ങളുടെ ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങള്‍ എന്തെന്ന് കൃത്യമായി നിശ്ചയിക്കുകയും അവയ്ക്ക് ഓരോന്നിനും വേണ്ട മുന്‍ഗണനകള്‍ നിശ്ചയിക്കുകയും വേണം. ഇതിനായി നിങ്ങളുടെ അഡ്വൈസറുടെ ഉപദേശംതേടാം.

5. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം

സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കണമെങ്കില്‍ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടി വരും. ഇതിന് ഏറ്റവും സഹായകമാകുക മികച്ച രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്ന മ്യൂചല്‍ ഫണ്ടുകള്‍ തന്നെയായിരിക്കും.പണപ്പെരുപ്പത്തെ മറി കടക്കാനും ദീര്‍ഘകാലത്തില്‍ ആസ്തികള്‍ കെട്ടിപ്പടുക്കാനും ഇതു സഹായിക്കും. നിങ്ങളുടെ നിക്ഷേപം സ്ഥിരമായി അവലോകനം ചെയ്യണം. അതായത് വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും ഇതു ചെയ്യണം. ഇതു വഴി കൂടുതല്‍ നേട്ടമുള്ള പദ്ധതികളിലേക്കു മാറുവാനും കഴിയും.ഇങ്ങനെയുള്ള ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ മികച്ചൊരു നിക്ഷേപകയാകാന്‍ നിങ്ങള്‍ക്കും കഴിയും. അതിനുള്ള തുടക്കം വനിതാ ദിനത്തില്‍ തന്നെയാകട്ടെ.

(ഷെയര്‍ഖാന്‍ ബൈ ബി എന്‍ പി പാരിബയുടെ നിക്ഷേപ പദ്ധതി വിഭാഗം മേധാവിയാണ് ലേഖകന്‍)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA