ADVERTISEMENT

ഓഹരി വിപണിയുടെ മുന്നേറ്റം കണ്ട് കുറച്ചു പണം അതിലിട്ടാൽ  വിപണി താഴേക്കു പോകുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. വിപണിയുടെ ചാഞ്ചാട്ടസ്വഭാവം മൂലം എത്ര ആദായം കിട്ടുമെന്ന് ഉറപ്പിക്കാനുമാകില്ല. ഇതു കാരണമാണ് ബഹുഭൂരിപക്ഷവും ഓഹരിയിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നത്. ഫലമോ സമ്പത്തു സൃഷ്ടിക്കാനുള്ള അവസരം അവർ നഷ്ടപ്പെടുത്തുന്നു. ഇത്തരം റിസ്ക് മുൻകൂട്ടി കണ്ട് നിയന്ത്രിച്ച്‌ വിജയം കൈപ്പിടിയിലൊതുക്കാൻ അസെറ്റ്‌ അലോക്കേഷന്‍ അഥവാ ആസ്തിവിഭജനം സഹായിക്കും

ശരിയായ അസെറ്റ് അലോക്കേഷന്‍ നടത്തിയിട്ടുണ്ടെങ്കിൽ ദീര്‍ഘകാലത്തില്‍ പോര്‍ട്‌ഫോളിയോയുടെ പ്രകടനം മികച്ചതായിരിക്കും. ശരിയായ സ്ഥലത്ത്‌, ശരിയായ സമയത്ത്‌ വ്യത്യസ്‌ത പദ്ധതികളിലായി നിങ്ങളുടെ നിക്ഷേപം ഉണ്ടായിരിക്കുക എന്നതാണ്‌ അസെറ്റ് അലോക്കേഷനിൽ പ്രധാനം.

വിപണി മുന്നേറുമ്പോൾ നേട്ടം ഉറപ്പിക്കാനും ഇടിവിൽ നഷ്ടം കുറയ്‌ക്കാനും ഇതുവഴി കഴിയും. ഇവിടെ എല്ലാ ആസ്‌തികളും നല്ല റിട്ടേണ്‍ നല്‍കണം എന്നതാണ് ലക്ഷ്യം. പക്ഷേ, ഓരോ സാഹചര്യം അനുസരിച്ച് ഓരോ ആസ്തിയും വ്യത്യസ്‌ത നേട്ടമാകും നൽകുക.

ഉദാഹരണത്തിന്, 2008–ല്‍ ഓഹരി 51 ശതമാനം ഇടിഞ്ഞപ്പോള്‍ ഗവണ്‍മെന്റ്‌ സെക്യൂരിറ്റികള്‍ 28 ശതമാനം ഉയര്‍ന്നു. 2013 ല്‍ ഡെറ്റ്‌ സെക്യൂരിറ്റികള്‍ ഒരു ശതമാനം താഴ്‌ന്നപ്പോള്‍ ഓഹരി എട്ടു ശതമാനം ഉയര്‍ന്നു. 2018 ൽ ആകട്ടെ ഓഹരിയും ഡെറ്റും എട്ടു ശതമാനം നേട്ടം നൽകി.

സമ്പദ്‌വ്യവസ്ഥ വികസിക്കുമ്പോള്‍ ഓഹരി പൊതുവേ മികച്ച നേട്ടം നൽകും. സമ്പദ്‌വ്യസ്ഥ ചുരുങ്ങുമ്പോഴായിരിക്കും ഗവണ്‍മെന്റ്‌ സെക്യൂരിറ്റി കൂടുതൽ നേട്ടം നൽകുക. അതിനാൽ സമയാസമയത്ത് ശരിയായ തീരുമാനത്തിലൂടെ ഓരോ ആസ്തിയിലെയും വിഹിതം വ്യത്യാസപ്പെടുത്തിയാൽ പോര്‍ട്‌ഫോളിയോയുടെ മൊത്തം നേട്ടം വർധിപ്പിക്കാം.

അലോക്കേഷന്‍ മ്യൂച്വല്‍ ഫണ്ടില്‍

മ്യൂച്വല്‍ ഫണ്ടിലും നേട്ടം വർധിപ്പിക്കാൻ അസെറ്റ്‌ അലോക്കേഷന്‍ തന്ത്രം മികച്ചതാണ്.

ഉദാഹരണത്തിന്‌, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസെറ്റ് അലോക്കേറ്റര്‍ ഫണ്ട്‌ എടുക്കാം. ഓരോ സാഹചര്യത്തിന്റെയും ആകര്‍ഷണീയത നോക്കി ഡെറ്റിലും ഓഹരിയിലും മാറിമാറി, പരമാവധി നിക്ഷേപിക്കുകയാണ് ഫണ്ട് ചെയ്യുന്നത്. മികച്ച സാഹചര്യമാണെങ്കിൽ 0-100 ശതമാനം വരെ ഓഹരിയിലിടും. മറിച്ചാണെങ്കിൽ 0-100 ശതമാനം വരെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കും.

ഓഹരി, കടപ്പത്ര വിഭാഗങ്ങളിൽ വിദഗ്‌ധരായ ഫണ്ട് മാനേജര്‍മാരാണ്‌ സ്‌കീം കൈകാര്യം ചെയ്യുന്നത്‌. ഓരോന്നിലുമുള്ള വിഹിതം നിശ്ചയിക്കുന്നത് സ്വന്തമായി നടത്തുന്ന ഗവേഷണം അടിസ്ഥാനമാക്കിയും. 2012 ന്‌ ശേഷം ഓഹരി കൂപ്പുകുത്തിയപ്പോഴും ഈ ഫണ്ട് നഷ്ടത്തിലേക്കു പോയിട്ടില്ല. അതിനു കാരണം ഈ നിക്ഷേപശൈലി തന്നെയാണ്

നേട്ടങ്ങൾ നാല്

ഡൈനാമിക്‌ അസെറ്റ്‌ അലോക്കേഷന്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്കു നല്‍കുന്ന നാലു പ്രധാന നേട്ടങ്ങള്‍.

1. ആസ്തി മേഖലകളിലെ വൈവിധ്യവത്‌കരണം.

2. ഫണ്ട്‌ പതിവായി നിരീക്ഷിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നത്‌ നഷ്ടം കുറയ്‌ക്കും, നേട്ടം കൂട്ടും.

3. റിസ്‌കിന്‌ അനുയോജ്യമായ മികച്ച റിട്ടേണ്‍. അതിനാൽ നിക്ഷേപാനുഭവം മികച്ചത്.

4. ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെയുള്ള ആദായനികുതി. അതിനാൽ പരമ്പരാഗത മാർഗങ്ങളെക്കാള്‍ കൂടുതല്‍ ആദായകരം.

 ലേഖകന്‍ കൊച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ അ‍ഡ്വൈസർ ആണ്
 e mail: gtpcltd@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com