ADVERTISEMENT

സ്വർണവില ഉയരുമ്പോൾ മലയാളികൾ നെഞ്ചിൽ കൈവെക്കുകയാണ്.എങ്ങനെ ഒരു തരി പൊന്നു വാങ്ങും? എന്നാൽ ഒരു രൂപയ്ക്ക് 24 കാരറ്റ് പരിശുദ്ധ സ്വർണം (0.0003ഗ്രാം) വാങ്ങാനാകും എന്നാണെങ്കിലോ? എത്ര കുറഞ്ഞ തുകയ്ക്കും ഡിജിറ്റലായി സ്വർണം വാങ്ങി അവസാനം അവയെല്ലാം കൂടി ശരിക്കും സ്വർണമായി കൈപ്പറ്റുന്നതിന് വിവിധ അവസരമാണ് ഒരുങ്ങുന്നത്. പേടിഎം, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങി മൊബൈൽ പേമെന്റ് ആപ്പുകൾ വഴിയാണ് ഡിജിറ്റലായി സ്വർണം വാങ്ങാനാകുന്നത്.ഇത്തരം പേമെന്റ് ആപ്പുകൾ കേന്ദ്ര പൊതുമേഖലയിലുള്ള എംഎംടിസിയും സ്വിറ്റ്സർലന്റിലെ പിഎഎംപി എന്ന സ്ഥാപനവും ചേർന്നുള്ള  സംയുക്ത സംരംഭവുമായി സഹകരിച്ചാണ് ഈ സൗകര്യമൊരുക്കുന്നത്. 

സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ  നൂതന രീതിയാണിത്. ആപ്പുകൾക്കു പുറമേ സ്റ്റോക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും മോത്തിലാൽ ഓസ്വാൾ ഫിനാന്‍ഷ്യൽ സർ‍വീസസ് എന്ന സ്ഥാപനവും ഇത്തരത്തിൽ സ്വര്‍ണം വാങ്ങാൻ അവസരമൊരുക്കുന്നു. എന്നാൽ ഇവയിലൂടെ വാങ്ങുമ്പോൾ 1000 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക. സ്വര്‍ണം വാങ്ങി കൈവശം സൂക്ഷിക്കുമ്പോഴുള്ള പ്രധാന ബുദ്ധിമുട്ട് അവ എങ്ങനെ സൂക്ഷിക്കുമെന്നതാണ്. സുരക്ഷക്കായി ലോക്കറിൽ സൂക്ഷിക്കുമ്പോൾ അമിത ലോക്കർ ചാർജ് നൽകേണ്ടി വരുന്നു. അതേസമയം ഡിജിറ്റലായി വാങ്ങുമ്പോള്‍ സ്വർണം എംഎംടിസിയുടെ ലോക്കറിൽ 5വർഷത്തേക്ക് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇക്കാലയളവിൽ ആവശ്യമായ സ്വർണം ഘട്ടംഘട്ടമായി വാങ്ങി സൂക്ഷിച്ച് അവസാനം എല്ലാം കൂടി ഒരുമിച്ചു കൈപ്പറ്റിയാൽ മതി. 

ഓൺലൈനിലാണ് വാങ്ങലെന്നതിനാൽ 24 മണിക്കൂറും സ്വർണം വാങ്ങാൻ സാധിക്കും. അവസാനം എല്ലാം കൂടി കൈപ്പറ്റുന്നതിനു പകരം വേണമെങ്കില്‍ മറിച്ചു വിൽക്കുകയുമാകാം.പക്ഷെ അപ്പോൾ ജിഎസ്ടിയും സർവീസും ചാർജും ഉൾപ്പടെ ചില കുറവുകൾ വരുത്തും. ഡിജിറ്റൽ സ്വര്‍ണം കൈപ്പറ്റുമ്പോൾ പണിക്കുറവ് ഇനത്തിലും ചെറിയ കുറവ് വരുത്തും. ഇത്തരത്തിൽ സ്വർണം വാങ്ങുമ്പോൾ 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടിന് തിരിച്ചറിയൽ രേഖകളും 2ലക്ഷം രൂപയ്ക്കു മുകളിൽ പാൻ നമ്പറും നൽകണം.താങ്ങാവുന്ന തുക വീതം എസ്ഐപി രീതിയിൽ ഡിജിറ്റൽ സ്വർണത്തിൽ  നിക്ഷേപിക്കുന്നത് വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിൽ നിന്ന് രക്ഷ നേടുന്നതിനും നിക്ഷേപമെന്ന നിലയിൽ നേട്ടമുണ്ടാക്കുന്നതിനും സഹായിക്കും. സ്വർണം സൂക്ഷിക്കുക എന്ന തലവേദനയുമില്ല. നിക്ഷേപം നടത്തിയ സ്വർണം കൈപ്പറ്റണമെന്നില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ആപ്പിലൂടെ തന്നെ വിറ്റു പണമാക്കുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com