ADVERTISEMENT

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും ശുഭകരമായ ദിനമായിട്ടാണ് അക്ഷയ തൃതീയ കണക്കാക്കപ്പെടുന്നത്. സ്വര്‍ണ്ണാഭരണം വാങ്ങുന്നതിലൂടെ രണ്ട് നേട്ടങ്ങളാണ് ഉള്ളത്. ഒന്ന് നിക്ഷേപം എന്ന നിലയില്‍  മൂല്യം ഉയരും മാത്രമല്ല ദീര്‍ഘ നാള്‍ ആഭരണമായി ഉപയോഗിക്കുകയും ചെയ്യാം. 

മറ്റ് സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളുടേത് പോലെ സ്വര്‍ണ്ണാഭരണങ്ങളുടെ വില നിര്‍ണ്ണയിക്കുന്നതിന് പ്രത്യേക അതോറിറ്റികളില്ല. അതുകൊണ്ട് തന്നെ സ്വര്‍ണ്ണാഭരണ വില പലയിടത്തും വ്യത്യസ്തമായിരിക്കും. അതിനാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കണം.

സാധാരണ സ്വര്‍ണ്ണാഭരണങ്ങളുടെ വില കണക്കാക്കുന്നത് ആഭരണം നിര്‍മ്മിക്കാനുപയോഗിച്ച സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി, പണിക്കൂലി, സ്വര്‍ണ്ണത്തിന്റെ തൂക്കം, ജിഎസ്ടി എന്നിവ അടിസ്ഥാനമാക്കിയാണ്. ഇതൊക്കെ നമ്മൾ എങ്ങനെയാണ് അറിയുക എന്നൊരു പ്രശ്നം കൂടിയുണ്ട്. അല്ലെങ്കിൽ തീർച്ചയായും പണി കിട്ടുക തന്നെ ചെയ്യും.

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ജ്വല്ലറികള്‍ ആഭരണങ്ങള്‍ക്ക് പറയുന്ന വില അതിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കിയുള്ളതായിരിക്കും, 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ആഭരണത്തിന് 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ആഭരണത്തേക്കാള്‍ വില കൂടുതലായിരിക്കും. അതിനാല്‍ ആഭരണം തിരഞ്ഞെടുക്കുമ്പോള്‍ വിപണിയില്‍ അതേ പരിശുദ്ധിയിലുള്ള സ്വര്‍ണ്ണത്തിന്റെ വില എന്താണന്ന് പരിശോധിക്കുക.

2. സ്വര്‍ണ്ണാഭരണങ്ങളേറെയും ഇന്ന് എത്തുന്നത് കൃത്രിമ രത്‌നങ്ങളും കല്ലുകളും പതിപ്പിച്ചാണ്. ഇവ സ്വര്‍ണ്ണാഭരണങ്ങളുടെ തൂക്കം കൂട്ടും. അതിനാല്‍ ആഭരണത്തിന്റെ മൊത്തം തൂക്കം കണക്കാക്കി വില കണക്കാക്കുന്നതിന് പകരം സ്വര്‍ണ്ണത്തിന്റെയും അതില്‍ പതിപ്പിച്ചിട്ടുള്ള കല്ലുകളുടെയും വില പ്രത്യേകം പ്രത്യേകം കണക്കാക്കി അതിന്‍ പ്രകാരമുള്ള പണിക്കൂലിയും നികുതിയും ആണോ ജ്വല്ലറികള്‍ ഈടാക്കുന്നത് എന്ന് ഉറപ്പാക്കുക.

3. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്ലിന്റെയും സ്വര്‍ണ്ണത്തിന്റെയും തൂക്കം  കണക്കാക്കി വില നിര്‍ണയിക്കുമെങ്കിലും തിരികെ വില്‍ക്കുമ്പോള്‍ പലപ്പോഴും കല്ലുകള്‍ ഒഴിവാക്കിയുള്ള വിലയായിരിക്കും ലഭിക്കുക . അങ്ങനെയെങ്കില്‍ രണ്ട് തരത്തില്‍ ആയിരിക്കും നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുക. 

4. നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത് എങ്കില്‍ കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ദീര്‍ഘകാലത്തില്‍ നിലവാരം കുറഞ്ഞ കല്ലുകള്‍ക്ക് യഥാര്‍ത്ഥ സ്വര്‍ണ്ണാഭരണങ്ങളുടെ വില വില്‍ക്കുമ്പോള്‍ ലഭിക്കില്ല. 

5. സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകം ആഭരണങ്ങളുടെ പണിക്കൂലിയാണ്. മൊത്തം വിലയുടെ ഗണ്യമായ പങ്ക് വഹിക്കുന്നത് ഇതാണ്. ഗ്രാമിന് ഇത്ര രൂപ എന്ന രീതിയില്‍ നിശ്ചിത നിരക്കായിരിക്കും ചില ജ്വല്ലറികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ മറ്റ് ചിലര്‍  ആഭരണത്തിന്റെ മൊത്തം തൂക്കത്തിന്റെ നിശ്ചിത ശതമാനം എന്ന രീതിയിലായിരിക്കും കണക്കാക്കുക. 

ഓരോ ജ്വല്ലറികളിലെയും ആഭരണങ്ങളുടെ വില തമ്മില്‍ വ്യത്യാസം വരുന്നതിന് അടിസ്ഥാനം പണിക്കൂലിയാണ്. പണിക്കൂലി കുറവാണെങ്കില്‍ ആഭരണങ്ങള്‍ പിന്നീട് വില്‍ക്കുമ്പോഴുള്ള നഷ്ടം കുറയ്ക്കാന്‍ കഴിയും. നിക്ഷേപസാധ്യത കൂടി മനസിലുണ്ടെങ്കിൽ പണിക്കൂലി കുറവുള്ള ലളിതമായ ആഭരണങ്ങൾ വാങ്ങുക.

6. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് (ബിഐഎസ്) ആണ് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നത്. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ സ്വര്‍ണ്ണത്തിന് വില കുറച്ച് കൂടുതലായിരിക്കും എന്നാല്‍ അത്തരം സ്വര്‍ണ്ണം ഏത് ജ്വല്ലറിയില്‍ നിന്നും മാറ്റി വാങ്ങാന്‍ കഴിയും. എങ്കിലും ആഭരണം വാങ്ങിയ അതേ ജ്വല്ലറിയല്ലെങ്കിൽ അവർ എന്തെങ്കിലുമൊക്കെ ന്യായങ്ങൾ പറഞ്ഞ് വീണ്ടും ചില കുറവുകൾ വരുത്താനിടയുണ്ട് എന്ന ഓർമയുണ്ടാകണം. 

7. സ്വര്‍ണ്ണം വാങ്ങുന്നത് ആഭരണം ആയിട്ടാണെങ്കിലും നിക്ഷേപം ആയിട്ടാണെങ്കിലും ഉയര്‍ന്ന പരിശുദ്ധിയും ബിഐഎസ് മാര്‍ക്കും പരിഗണിക്കുക.

8. ഇതൊക്കെയാണെങ്കിലും പഴയ സ്വർണം നൽകി പുതിയത് വാങ്ങാനാണെങ്കിൽ മാത്രമേ ഇതൊക്കെ ബാധകമാകൂ. വില കൂടി നിൽക്കുമ്പോൾ കുറച്ചു സ്വർണാഭരണം വിറ്റ് പണമാക്കാമെന്നു കരുതി ചെന്നാൽ ഒരു ജ്വല്ലറിയും പകരം പണം നൽകാൻ തയാറാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com