ADVERTISEMENT

സ്വർണത്തിൽ നിക്ഷേപിക്കുന്നത് എപ്പോഴും സുരക്ഷിതമാണെന്ന വിശ്വാസമാണ് ആഭരണങ്ങളോടുള്ള പ്രിയം കൂടാൻ കാരണം. എന്നാൽ ഒരു പരിധിയിൽ കൂടുതൽ സ്വർണം ആഭരണമായി വാങ്ങി വയ്ക്കുന്നത് നഷ്ടമാണ്. പിന്നീട് വിൽക്കേണ്ടി വരുമ്പോൾ മുടക്കിയ തുക കിട്ടണമെന്നില്ല. പണിക്കൂലിയായും മറ്റും ഈടാക്കുന്ന തുക നഷ്ടം തന്നെയാണ്. നിക്ഷേപം എന്ന രീതിയിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഗോൾഡ് ഇടിഎഫ് അനുയോജ്യമായ നിക്ഷേപ പദ്ധതിയാകും.

എന്താണ് ഗോൾഡ് ഇടിഎഫ്?

മ്യൂച്വൽ ഫണ്ട് രൂപത്തിലുള്ള സ്വർണമാണ് ഇടിഎഫ്. 5000 രൂപ മുടക്കുകയാണെങ്കിൽ ആ തുകയ്ക്കു ലഭ്യമാകുന്ന സ്വർണം യൂണിറ്റുകളായി നമ്മുടെ അക്കൗണ്ടിൽ എത്തും. ഓരോ ദിവസവും സ്വർണ വിലയിൽ ഉണ്ടാകുന്ന വ്യത്യാസം അനുസരിച്ച് യൂണിറ്റിന്റെ വാല്യൂ കൂടുകയും കുറയുകയും ചെയ്യും. മാസം നിശ്ചിത തുക ഇടിഎഫിലേക്ക് നിക്ഷേപിക്കാം.

ഇടിഎഫ് അക്കൗണ്ട് തുടങ്ങുന്നതെങ്ങനെ? 

പ്രധാന ബാങ്കുകൾ വഴിയോ ഓൺലൈനായോ, മൊബൈൽ ആപ്പ് വഴിയോ അക്കൗണ്ട് തുടങ്ങാം.  ഇഷ്ടമുള്ള തുകയ്ക്ക് വാങ്ങിക്കാം. നേരിട്ട് അക്കൗണ്ടിൽനിന്നു ഡെബിറ്റ് ചെയ്യാൻ നിർദ്ദേശം കൊടുത്താലും മതി. ആപ്പ് വഴിയാണെങ്കിൽ ഇടിഎഫിന്റെ ഓരോ ദിവസത്തെയും വാല്യൂ നേരിട്ട് അറിയാൻ സാധിക്കും. ഉദാഹരണത്തിന് എസ്ബിഐ ഗോൾഡ് ഇടിഎഫ് ആണെങ്കിൽ മൊബൈലിൽ എസ്ബിഐ എംഎഫ് (മ്യൂച്വൽ ഫണ്ട്) ആപ്പ് ഡൗൺലോഡ് ചെയ്യുക. റെജിസ്റ്റർ ചെയ്ത ശേഷം യൂസർ നെയിം, പാസ്‌വേഡ് സെറ്റ് ചെയ്യുക. ലോഗിൻ ചെയ്താൽ ഗോൾഡ് ഇടിഎഫ് സെക്‌ഷൻ തിര​ഞ്ഞെടുക്കുക. ഗോൾഡ് യൂണിറ്റുകൾ വാങ്ങിക്കണമെങ്കിലും വിൽക്കണമെങ്കിലും ഈ അപ്പ് വഴി എളുപ്പത്തിൽ ചെയ്യാം. 

വിൽക്കേണ്ടത് എപ്പോൾ എങ്ങനെ?

സ്വർണത്തിനു വിലകുറവുള്ളപ്പോൾ കൂടുതൽ തുകയ്ക്ക് വാങ്ങിക്കുകയും വില കുതിച്ചുയരുമ്പോൾ വിൽക്കുകയും ചെയ്യാം. എത്ര തുകയ്ക്കാണ് വിൽക്കേണ്ടത് എന്നു തീരുമാനിച്ച ശേഷം ആ തുക ആപ്പിൽ നൽകുക. വിൽക്കുന്ന ദിവസത്തെ സ്വർണവിലയുടെ അടിസ്ഥാനത്തിൽ തുകയ്ക്കനുസരിച്ചുള്ള യൂണിറ്റിന്റെ വില നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. ഏകദേശം മൂന്ന് – നാല് പ്രവർത്തിദിവസങ്ങൾക്കകം ബാങ്ക് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആകും. വിൽപ്പനയ്ക്കായും വാങ്ങുന്നതിനും മ്യൂചൽ ഫണ്ട് ഏജൻസികളുടെ സഹായവും തേടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com